
കൊച്ചി മരടിൽ ഗുണ്ടകളുടെ മീറ്റപ്പ് സംഘടിപ്പിച്ച മുഖ്യ സംഘാടകൻ ആഷ്‌ലിക്കെതിരെ മരട് പൊലീസ് കേസെടുത്തു. തോക്ക് അടക്കമുള്ള ആയുധങ്ങൾ കൈവശം വച്ചതിനാണ് കേസ് എടുത്തത്. ആഷ്‌ലിയുടെ കാറിൽ നിന്നാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. കാറിൽ നിന്നും കണ്ടെത്തിയ മനുഷ്യാവകാശ കമ്മീഷൻ്റെ ബോർഡ് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. മീറ്റപ്പിൽ പങ്കെടുത്ത 13 ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തു. നിലവിൽ ഒളിവിൽ പോയ ആഷ്ലിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.
കൊച്ചി മരടിൽ സ്വകാര്യ ഹോട്ടലുകളിൽ ഗുണ്ടകളുടെ മീറ്റ് അപ്പ് പാർട്ടി നടക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. ഹോട്ടൽ പരിസരത്ത് നിർത്തിയിട്ടിരുന്ന ആഷ്‌ലിയുടെ കാറിൽ നിന്ന് ഒരു തോക്ക്, പെപ്പർ സ്പ്രേ, കത്തി അടക്കമുള്ള ആയുധങ്ങളും കണ്ടെത്തി. കൂട്ടായ്മയ്ക്ക് നേതൃത്വം നൽകിയ തിരുവനന്തപുരം സ്വദേശി ആഷ്‌ലിയുടെ കാറിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. സിനിമ നിർമ്മാണ കമ്പനിയുടെ ലോഞ്ചിങ്ങ് നടന്നതെന്നാണ് കസ്റ്റഡിയിലുള്ളവർ പൊലീസിന് മൊഴി നൽകിയത്. പരിപാടിയുടെ ആസൂത്രകനായ ആഷ്‌ലിയെ കണ്ടെത്തിയാൽ മാത്രമേ സംഭവത്തിൽ വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു .