തൻ്റെ ഫോൺ ഹാക്ക് ചെയ്തെന്നും, ഹാക്ക് ചെയ്തവരാണ് ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരിൽ വാട്സ്ആപ് ഗ്രൂപ്പു കളുണ്ടാക്കിയതെന്നുമായിരുന്നു കെ. ഗോപാലകൃഷ്ണൻ്റെ വാദം
മല്ലു ഹിന്ദു ഐഎഎസ് വിവാദത്തിൽ ഗ്രൂപ്പ് ഹാക്ക് ചെയ്തെന്ന് ഉറപ്പാക്കാനാകില്ലെന്ന് മെറ്റ. വാട്സ് ആപ്പ് ഗ്രൂപ്പുകൾ ഡിലീറ്റ് ചെയ്തതിനാൽ സ്ഥിരീകരിക്കാനാകില്ലെന്ന് മെറ്റ, സിറ്റി പൊലീസ് കമ്മീഷണർക്ക് മറുപടി നൽകി. ഇതോടെ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പ് വിവാദത്തിൽ മെറ്റയുടെ മറുപടിയിൽ കെ. ഗോപാലകൃഷ്ണൻ പ്രതിരോധത്തിലായി. ഗ്രൂപ്പുകളുണ്ടാക്കിയത് ഹാക്കിങ്ങിന് ശേഷമാണെന്ന് പറയാൻ കഴിയില്ലെന്നാണ് മെറ്റയുടെ മറുപടി. ഫോണിൻ്റെ ഫോറൻസിക് പരിശോധനാ റിപ്പോർട്ട് ഗോപാലകൃഷ്ണന് നിർണായകമാകും.
തൻ്റെ ഫോൺ ഹാക്ക് ചെയ്തെന്നും, ഹാക്ക് ചെയ്തവരാണ് ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരിൽ വാട്സ്ആപ് ഗ്രൂപ്പുകളുണ്ടാക്കിയതെന്നുമായിരുന്നു കെ. ഗോപാലകൃഷ്ണൻ്റെ വാദം. എന്നാൽ ഹാക്കിംഗ് ഉറപ്പിക്കാൻ ഈ ഘട്ടത്തിൽ കഴിയില്ലെന്നാണ് വാട്സ്ആപ്പ് ഉടമസ്ഥരായ മെറ്റയുടെ മറുപടി. രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഗോപാലകൃഷ്ണൻ ഡിലീറ്റ് ചെയ്തതിനാൽ ഹാക്കിംഗ് സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് മെറ്റ, സിറ്റി പൊലീസ് കമ്മിഷണർക്ക് മറുപടി നൽകി.
ALSO READ: ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥർക്കായി വാട്‍സ് ആപ്പ് ഗ്രൂപ്പ്; അഡ്മിൻ വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ
കൂടുതൽ വിവരങ്ങൾക്കായി പൊലീസ് ഗൂഗിളിനും കത്ത് നൽകിയിട്ടുണ്ട്. പൊലീസിന് ഗോപാലകൃഷ്ണൻ ഫോൺ കൈമാറിയത് ഫോർമാറ്റ് ചെയ്ത ശേഷമാണെന്നതും സംശയമുയർത്തുന്നു. അതുകൊണ്ടുതന്നെ ഫോണിൽ നിന്നും വിശദാംശങ്ങളെടുക്കാൻ സൈബർ പൊലീസിന് കഴിഞ്ഞിട്ടില്ല. അതേസമയം, ഫോൺ ഹാക്ക് ചെയ്തെന്ന പരാതിയിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ് ഗോപാലകൃഷ്ണൻ. ഹിന്ദു ഗ്രൂപ്പിന് പുറമേ, മല്ലു മുസ്ലീം ഓഫീസേഴ്സ് ഗ്രൂപ്പും ആരോ തന്നെ അഡ്മിനാക്കി ഉണ്ടാക്കിയെന്നാണ് പുതിയ വിശദീകരണം.
വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ ഐഎഎസ് അഡ്മിനായി മലയാളികളായ ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരിൽ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു .'മല്ലു ഹിന്ദു ഓഫീസേഴ്‌സ് ഗ്രൂപ്പ്'എന്നാണ് ഗ്രൂപ്പിന്റെ പേര്. എന്നാൽ ഗ്രൂപ്പ് മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റ് ചെയ്തതായി കണ്ടെത്തി. തൻ്റെ ഫോൺ ഹാക്ക് ചെയ്തുവെന്നാണ് ഗോപാലകൃഷ്ണൻ ഐഎഎസിന്റെ വിശദീകരണം. ഹാക്കിങ് എന്ന് കാണിച്ചു ഗ്രൂപ്പ് അംഗങ്ങൾക്ക് താൻ സന്ദേശം അയച്ചതായും, സംഭവത്തിൽ സൈബർ പൊലീസിന് പരാതി നൽകിയെന്നും കെ. ഗോപാലകൃഷ്ണൻ ഐഎഎസ് വ്യക്തമാക്കിയിരുന്നു.
ഹിന്ദു ഗ്രൂപ്പിന് പിന്നാലെയാണ് മുസ്ലീം ഗ്രൂപ്പ് നിലവിൽവന്നത്. ഇക്കാര്യം സ്ക്രീൻഷോട്ടിലൂടെ വ്യക്തമാണ്. എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ട വിവാദം കത്തുമ്പോഴാണ്, ഗോപാലകൃഷ്ണൻ ഐഎഎസിൻ്റെ പേരിലും വിവാദമുണ്ടാകുന്നത്. എന്തായാലും ഫോണിൻ്റെ ഫോറൻസിക് പരിശോധന റിപ്പോർട്ട് ഗോപാലകൃഷ്ണന് നിർണായകമാകും.