വൈദ്യുതാഘാതമേറ്റ് മൂന്നുപേരും പുതുച്ചേരിയില്‍ ഒരാളും മരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. ചെന്നൈ നഗരത്തിലെ പ്രധാന റോഡുകളും വെള്ളക്കെട്ടിലാണ്
തമിഴ്‌നാട്ടിൽ നാശം വിതച്ച ഫെൻജൽ ചുഴലിക്കാറ്റിൻ്റെ ശക്തി കുറയുന്നു. പന്ത്രണ്ട് മണിക്കൂറിൽ ചുഴലിക്കാറ്റ് ന്യൂനമർദമായി മാറുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇത് വളരെ സാവധാനത്തിൽ പടിഞ്ഞാറോട്ട് നീങ്ങുകയും ക്രമേണ ദുർബലമാവുകയും വടക്കൻ തമിഴ്‌നാടിന് മുകളില്‍ ന്യൂനമർദമായി മാറുകയും ചെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
എന്നാല്‍ ചുഴലിക്കാറ്റിന്‍റെ സ്വാധീനത്തിലുണ്ടായ പേമാരിയെ തുടർന്ന് പുതുച്ചേരി അക്ഷരാര്‍ഥത്തില്‍ മുങ്ങിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റെക്കോഡായ 46 സെന്‍റീമീറ്റർ മഴയാണ് കേന്ദ്രഭരണപ്രദേശത്ത് രേഖപ്പെടുത്തിയത്. ചെങ്കൽപേട്ട്, കാഞ്ചീപുരം, വെല്ലൂർ, റാണിപ്പേട്ട്, തിരുപ്പത്തൂർ, ധർമപുരി, തിരുവണ്ണാമലൈ തുടങ്ങിയ മേഖലകളിലും കനത്ത മഴയാണ് റിപ്പോർട്ട് ചെയ്തത്.
നിരവധി വീടുകള്‍ വെള്ളത്തിലാവുകയും വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും ചെയ്തിരുന്നു. വ്യാപക കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുലർച്ചെ രണ്ട് മണിയോടെയാണ് ഫെൻജൽ ചുഴലിക്കാറ്റ് കാരയ്ക്കലിനും മഹാബലിപുരത്തിനും മധ്യേ കരയിൽ പ്രവേശിച്ചത്. എന്നാൽ കാറ്റിൻ്റെ ശക്തി കുറഞ്ഞ് തീവ്രന്യൂനമർദമായി മാറുമെന്നാണ് ഇപ്പോൾ കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. കള്ളക്കുറിച്ചിയടക്കം മൂന്ന് ജില്ലകളിലെ റെഡ് അലേർട്ട് ഇതോടെ പിൻവലിച്ചു. തമിഴ്‌നാട്ടിലെ പതിനാല് ജില്ലകളിലും പുതുച്ചേരിയിലും ഓറഞ്ച് അലേർട്ട് തുടരുകയാണ്.
ചെന്നൈയില്‍ വൈദ്യുതാഘാതമേറ്റ് മൂന്നുപേരും പുതുച്ചേരിയില്‍ ഒരാളും മരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. ചെന്നൈ നഗരത്തിലെ പ്രധാന റോഡുകളും വെള്ളക്കെട്ടിലാണ്. വീടുകളിൽ വെള്ളം കയറാന്‍ തുടങ്ങിയതോടെ നിരവധി പേരെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കനത്ത മഴയെ തുടർന്ന് താത്കാലികമായി അടച്ചിട്ട ചെന്നൈ വിമാനത്താവളം പതിനാറ് മണിക്കൂറിന് ശേഷം പ്രവർത്തനം പുനരാരംഭിച്ചു.