സംസ്ഥാന സർക്കാർ നൽകിയ വിവരങ്ങൾ കോടതിക്ക് കൃത്യമായി ബോധ്യപ്പെട്ടു
വയനാട് പുനരധിവാസം സംബന്ധിച്ച് കേന്ദ്രത്തോട് മനസ്സ് തുറക്കാൻ കോടതി പറയുന്നത് ആദ്യമായിട്ടല്ലെന്ന് മന്ത്രി കെ. രാജൻ. സംസ്ഥാന സർക്കാർ നൽകിയ വിവരങ്ങൾ കോടതിക്ക് കൃത്യമായി ബോധ്യപ്പെട്ടു. സർക്കാരിന്റെ റിപ്പോർട്ട് ലഭിച്ചതിന് ശേഷമാണ് കോടതിക്ക് യഥാർഥത്തിലുള്ള പ്രശ്നങ്ങൾ തിരിച്ചറിയാനായത് എന്നും മന്ത്രി കെ. രാജൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ആണെങ്കിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഒരു വെല്ലുവിളിയുമില്ല. കേരളത്തിന് സഹായ വാഗ്ദാനങ്ങൾ നൽകിയവരെ വിളിച്ചുചേർക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചു കഴിഞ്ഞു. എസ്‌ടിആര്‍എഫ് മാനദണ്ഡങ്ങളിൽ പെടാതെ കേരളത്തിനുവേണ്ടിയുള്ള പ്രത്യേക സഹായമാണ് സർക്കാർ ആവശ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.
ALSO READ: കളർകോട് വാഹനാപകടം: വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ സമയ നിയന്ത്രണം
വയനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങൾ വൈകിയിട്ടില്ല. ഭൂമി ഏറ്റെടുക്കുന്നതിന് രണ്ടുതരം പ്രശ്നങ്ങൾ നിലവിലുണ്ട്. സുരക്ഷിതവും അനുയോജ്യവുമായ ഭൂമി കണ്ടെത്തിയിരുന്നു. കണ്ടെത്തിയ ഭൂമി സംബന്ധിച്ച് ചില കേസുകൾ ഉണ്ടായിരുന്നു എന്നത് മറ്റൊരു പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. അത്തരം കേസുകളിൽ കോടതി ഉടൻ വിധി പറയും. കോടതി തീരുമാനം അറിഞ്ഞാൽ അതിവേഗം അത്തരം കാര്യങ്ങളിലേക്ക് കടക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രദേശത്ത് പരിശോധന പൂർത്തിയാക്കി മടങ്ങിയിട്ട് നാലുമാസം കഴിഞ്ഞു. ഏതുതരം ദുരന്തമാണ് ഉണ്ടായതെന്ന് വ്യക്തമാക്കാൻ ഇനിയും കേന്ദ്രം തയ്യാറായിട്ടില്ല. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ആവില്ല. കോടതിയിൽ വിശ്വാസം ഉണ്ട്. കേരളത്തിന് കിട്ടേണ്ട പണം കിട്ടുമെന്ന് തന്നെയാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. കേന്ദ്രസഹായം വൈകിയാലും കേരളത്തിന് പ്ലാൻ ബി ഉണ്ട്. പക്ഷേ കേന്ദ്രസഹായം കേരളത്തിന്റെ അവകാശമാണെന്നും കെ. രാജൻ പറഞ്ഞു.