
ദുരന്ത ബാധിത പ്രദേശത്തെ ഭക്ഷണ വിതരണത്തെ ചൊല്ലിയുള്ള ആരോപണങ്ങളിൽ ഇടപെട്ട് സർക്കാർ. പ്രദേശത്ത് സന്നദ്ധ സംഘനകൾക്ക് ഭക്ഷണം നൽകുന്നതിൽ തടസ്സമില്ലെന്നും, പരിശോധിച്ച ശേഷം നൽകാമെന്നും, വിതരണം ചെയ്യുന്നവരുടെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യില്ലെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു.
ഭക്ഷണം നൽകാൻ എത്തിയ യൂത്ത് ലീഗിന്റെ വൈറ്റ് ഗാര്‍ഡിനെ പൊലീസ് തടഞ്ഞെന്നും ഇനി ഭക്ഷണം വിതരണം ചെയ്താല്‍ നിയമ നടപടിയെടുക്കുമെന്നുമുള്ള തരത്തിൽ ആരോപണം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. പരാതി പരിശോധിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.
Also Read:
അതേസമയം വയനാട് രക്ഷാപ്രവർത്തന മേഖലയിൽ ഒരുപാട് സന്നദ്ധ സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഒരു ഏകീകൃത സ്വഭാവത്തിൽ സർക്കാർ നിർദ്ദേശങ്ങൾക്കൊപ്പമാണ് അവരെല്ലാം പ്രവർത്തിക്കുന്നത് എന്നും മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
മന്ത്രിയുടെ ഫേസ്ബുക് കുറിപ്പ്
വയനാട് രക്ഷാപ്രവർത്തന മേഖലയിൽ ഒരുപാട് സന്നദ്ധ സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. ഒരു ഏകീകൃത സ്വഭാവത്തിൽ സർക്കാർ നിർദ്ദേശങ്ങൾക്കൊപ്പമാണ് അവരെല്ലാം പ്രവർത്തിക്കുന്നത്. അതിൽ രാഷ്ട്രീയ വ്യത്യാസങ്ങൾ ഇല്ല. ഭക്ഷണം വിതരണം ചെയ്യുന്നതിനും സർക്കാർ ഒരു ഏകീകൃത സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്.
ആ സംവിധാനത്തോട് ഒപ്പം ചേരാതെ ഞങ്ങൾ വേറെ തന്നെ ഭക്ഷണം ഉണ്ടാക്കി കൊടുക്കും എന്ന് പറയുന്നത് ദുരന്ത ഭൂമിയിൽ സ്വീകരിക്കേണ്ട സമീപനമാണോ? ഓരോ ആളുകളും അവരവർക്ക് തോന്നുന്ന വിധത്തിൽ ഭക്ഷണം ഉണ്ടാക്കിയാൽ ഈ സംവിധാനം മുഴുവൻ താറുമാറാകില്ലേ? പോരായ്മകൾ പരിഹരിക്കാം, ഒരുമിച്ച് നീങ്ങാം. സിസ്റ്റം തകർന്നു, ഞങ്ങളാണ് ശരി എന്നൊക്കെ പറയുന്നത് നല്ല ഉദ്ദേശത്തോടെയാണ് എന്ന് കരുതാനാകില്ല.