
കേരള ചലച്ചിത്ര അക്കാദമി ചെയർമാന്‍ രഞ്ജിത്തിനെതിരായ ആരോപണത്തിൽ അന്വേഷണം നടത്തില്ല എന്ന് ആരും പറഞ്ഞിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ എത്ര ഉന്നതനായാലും നിയമത്തിന്റെ മുന്നിലെത്തിക്കും. ആരോപണത്തിൽ രഞ്ജിത്ത് മറുപടി പറഞ്ഞിട്ടുണ്ടെന്നും ശിവൻകുട്ടി തിരുവനന്തപുരത്ത് പറഞ്ഞു. രഞ്ജിത്തിനെതിരായ ലൈംഗിക ആരോപണത്തില്‍ മന്ത്രി സജി ചെറിയാന്റെ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചതിനു പിന്നാലെയാണ് ശിവൻകുട്ടിയുടെ പ്രതികരണം.
മന്ത്രി സജി ചെറിയാന്റെ ആദ്യ നിലപാട് മാറിയതിന് കാരണം അദ്ദേഹത്തിന്റെ ഇടതുപക്ഷ രാഷ്ട്രീയമാണെന്ന് സിപിഐ സംസ്ഥാന അധ്യക്ഷൻ ബിനോയ് വിശ്വവും പറഞ്ഞിരുന്നു. ആരോപണവുമായി എത്തിയ സ്ത്രീയുടെ രാഷ്ട്രീയം രണ്ടാമത്തെ ഘടകമാണ്. ഏത് പാർട്ടിയായാലും സ്ത്രീ സ്ത്രീയാണ്. അവർക്ക് ലഭിക്കേണ്ട അന്തസും മാന്യതയും ലഭിച്ചേ മതിയാകൂ. പാർട്ടി നോക്കി സിപിഐ നിലപാട് സ്വീകരിക്കാറില്ല എന്നും ബിനോയ് വിശ്വം വ്യക്തമാക്കിയിട്ടുണ്ട്.
ബംഗാളി നടി ശ്രീലേഖ മിത്രയുടെ ലൈംഗിക ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയർമാന്‍ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ നീക്കില്ലെന്നായിരുന്നു മന്തി സജി ചെറിയാന്‍ ആദ്യം വ്യക്തമാക്കിയത്. ആരോപണം രഞ്ജിത്ത് തന്നെ നിഷേധിച്ചതാണെന്നും, നടി പരാതി തന്നാല്‍ ബന്ധപ്പെട്ട ഏജന്‍സി അന്വേഷണം നടത്തുമെന്നുമായിരുന്നു ആദ്യ പ്രതികരണം. എന്നാൽ പിന്നീട് തെറ്റ് ആര് ചെയ്താലും സർക്കാർ സംരക്ഷിക്കില്ലെന്നും രഞ്ജിത്തിനെതിരായ ആരോപണം തെളിഞ്ഞാൽ നടപടി എടുക്കുമെന്നും അദ്ദേഹം തിരുത്തിയിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം നിലപാട് തിരുത്തിയത്.