"...കേസ് എവിടെയുമെത്തിയിട്ടില്ല. കേസ് അനങ്ങൂല്ല. അതും ഈ സംഘവുമായി ബന്ധപ്പെട്ട വേറൊരു വിഷയമാണ്..."
മുഹമ്മദ് ആട്ടൂര്‍
സംസ്ഥാന സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പിനെയും വീണ്ടും വെട്ടിലാക്കിയിരിക്കുകയാണ് നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍. സർക്കാരിനെ നശിപ്പിക്കാൻ എഡിജിപിയുടെ നേതൃത്വത്തിലുള്ള മാഫിയാ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്നും, പൊലീസ് ലോബിയെ സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ കൈയിലുണ്ടെന്നുമാണ് അന്‍വറിന്റെ വാദം. എഡിജിപി എം.ആര്‍. അജിത് കുമാറിനും മലപ്പുറം മുന്‍ എസ്.പി സുജിത് ദാസിനുമെതിരായ ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിടുകയും ചെയ്തു. പൊലീസിന്റെ ചെയ്തികള്‍ക്ക് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും പഴി കേള്‍ക്കേണ്ടിവരുമെന്ന് ആവര്‍ത്തിക്കുന്ന അന്‍വര്‍, കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തിലും പൊലീസ് ലോബിയെയാണ് പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്.
"എം.ആര്‍ അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. കൊലപാതകം നടത്തിച്ചിട്ടുണ്ട്. ഉത്തരവാദിത്വത്തോടെയാണ് പറയുന്നത്. വാദിയും പ്രതിയും നിങ്ങളുടെ മുന്നില്‍ വരും. അതൊക്കെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടിട്ടാണ്. അതിനു പുറമേ, മാമിയെന്ന് പറയുന്ന കോഴിക്കോട്ടത്തെ കച്ചവടക്കാരന്‍... ഒരു വര്‍ഷമായി കാണാതായിട്ട്. കൊണ്ടുപോയി കൊന്നു, കൊന്നതായിരിക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കേസ് എവിടെയുമെത്തിയിട്ടില്ല. കേസ് അനങ്ങൂല്ല. അതും ഈ സംഘവുമായി ബന്ധപ്പെട്ട വേറൊരു വിഷയമാണ്" -എന്നാണ് അന്‍വറിന്റെ വിവാദ വെളിപ്പെടുത്തല്‍.
ALSO READ: 'പൊലീസ് മാഫിയ' വെളിപ്പെടുത്തൽ: മുഖ്യമന്ത്രിയും സിപിഎമ്മും മറുപടി പറയണമെന്ന് പി.വി. അൻവർ
കുടുംബത്തിന്റെ പരാതിയില്‍ ഇന്‍സ്പെക്ടര്‍ പി.കെ ജിജേഷിന്റെ നേതൃത്വത്തില്‍ നടക്കാവ് പൊലീസാണ് കേസ് ആദ്യം അന്വേഷിച്ചത്. ഒരു മാസത്തിനുശേഷം സിറ്റി പൊലീസ് കമ്മീഷണര്‍ രാജ്‍പാല്‍ മീണയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷ സംഘം രൂപീകരിച്ചു.മാമിയുടെ സാമ്പത്തിക ഇടപാടുകളും, ഇടപാടുകാര്‍ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ബിസിനസ് ആവശ്യങ്ങള്‍ക്കായി മാമി ഹൈദരാബാദിലും മുംബൈയിലുമൊക്കെ പോകാറുണ്ടായിരുന്നതിനാല്‍, അന്വേഷണം അവിടേക്കും വ്യാപിപ്പിച്ചു. എന്നാല്‍ കേസില്‍ എന്തെങ്കിലും തുമ്പ് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല.
പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കണ്ടതോടെ, സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. മാമിയുടെ തിരോധാനത്തിനു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ ആണെന്നായിരുന്നു ആരോപണം. മാമിയുടെ ജീവന്‍ അപകടത്തിലാണ്. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. കോടതി ഇടപെടല്‍ വൈകിയതോടെ, കുടുംബം മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും ഉള്‍പ്പെടെ പല നേതാക്കള്‍ക്കും പരാതി നല്‍കി. അതിലും നടപടിയുണ്ടായില്ല. മാമിയുടെ തിരോധാനത്തിനു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയാണെന്നും, പൊലീസ് ഇരുട്ടില്‍ തപ്പുന്നതിനു പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടലുണ്ട്. കേസ് എത്രയും വേഗം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.