മഴക്കാല സമ്മേളനത്തിന് ശേഷം അജിത് പവാർ പക്ഷത്തു നിന്നും 18 മുതല്‍ 19 വരെ എം.എല്‍.എമാര്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി (എസ്.പി)യില്‍ ചേർന്നേക്കും
മഴക്കാല സമ്മേളനത്തിന് ശേഷം ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ നേതൃത്വത്തിനുള്ള ഭരണപക്ഷത്തു നിന്നും 18 മുതല്‍ 19 വരെ എം.എല്‍.എമാര്‍ തങ്ങളുടെ പാര്‍ട്ടിയിലേക്ക് വരുമെന്ന് നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി (എസ്.പി) നേതാവ് രോഹിത് പവാര്‍. സംഘടന പിളര്‍ന്ന ശേഷം മറുപക്ഷത്തേക്ക് മാറിയെങ്കിലും മുതിര്‍ന്ന നേതാക്കളോ എന്‍.സി.പി എം.എല്‍.എമാരോ പാര്‍ട്ടി സ്ഥാപകന്‍ ശരദ് പവാറിനെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ല എന്നും രോഹിത് പവാര്‍ പറഞ്ഞു.
"എം എല്‍ എമാര്‍ക്ക് നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ അവര്‍ക്ക് മണ്ഡലത്തിലേക്ക് വേണ്ട വികസന ഫണ്ട് വാങ്ങിച്ചെടുക്കാന്‍ സാധിക്കൂ. മഴക്കാല സെഷന്‍ തീരുമ്പോള്‍ അവര്‍ തീരുമാനം അറിയിക്കും", രോഹിത് പവാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തിരിച്ചുവരവില്‍ ആരെയൊക്കെ സ്വീകരിക്കണമെന്ന് ശരദ് പവാറും മുതിര്‍ന്ന നേതാക്കളും തീരുമാനിക്കുമെന്ന് അഹമ്മദാബാദ് ജില്ലയിലെ കര്‍ജട്-ജാംഖേദില്‍ നിന്നുള്ള ശരത് പവാര്‍ പക്ഷം എം.എല്‍.എ പറഞ്ഞു.
മഹാരാഷ്ട്രയുടെ നിയന്ത്രണം തിരിച്ചെടുക്കുമെന്ന് ശരദ് പവാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എം എല്‍ എമാരുടെ കൂറുമാറ്റ സൂചനകള്‍ വരുന്നത്. ജൂണ്‍ 27 ന് തുടങ്ങുന്ന നിയമസഭയുടെ മഴക്കാല സമ്മേളനം ജൂലൈ 12 നാണ് സമാപിക്കുന്നത്. ഒക്ടോബറിലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് നടക്കുന്ന അവസാന സമ്മേളനമാണിത്.
"എന്‍.സി.പിയുടെ രാജ്യസഭ എം.പി പ്രഫുല്‍ പട്ടേല്‍ കേന്ദ്ര മന്ത്രിയാകുമെന്ന് പറഞ്ഞിരുന്നു. പട്ടേല്‍ കേന്ദ്ര മന്ത്രിയായാല്‍ അതിന്‍റെ അര്‍ത്ഥം അജിത് പവാറിന്‍റെ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ അദ്ദേഹത്തിന്‍റെ കയ്യിലാണെന്ന്. അജിത് പവാര്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കിയത് പ്രഫുല്‍ പട്ടേലിനെ ഇ ഡിയില്‍ നിന്നും രക്ഷിക്കാനാണ്" , രോഹിത് പറഞ്ഞു.
ജൂണ്‍ 9ന് പട്ടേലിന് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനം നല്‍കാമെന്ന ബി.ജെ.പി നിര്‍ദേശം എന്‍.സി.പി തള്ളിയിരുന്നു. അജിത് പവാര്‍ നയിക്കുന്ന പാര്‍ട്ടി ബി.ജെ.പിയുമായി സഖ്യത്തിലാണ് ഇപ്പോള്‍ ഭരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭ ഇലക്ഷനില്‍ മഹാരാഷ്ട്രയില്‍ എന്‍ സി പിയിലെ ശരത് പവാര്‍ പക്ഷം 8 സീറ്റുകള്‍ നേടിയിരുന്നു. ഒറ്റ സീറ്റില്‍ മാത്രമാണ് എന്‍ സി പി വിജയിച്ചത്.