കൊല്‍ക്കത്തയിലെ മെഡിക്കല്‍ വിദ്യാർഥിനിയുടെ കൊലപാതകം: കേരളത്തിലെ ഡോക്ടർമാരും സമരത്തിലേക്ക്

നാളെ ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിച്ചായിരിക്കും സമരം.അത്യാഹിത വിഭാഗങ്ങളിൽ സേവനം ഉണ്ടാകുമെന്ന് ഡോക്ടർമാരുടെ സംഘടന അറിയിച്ചു
കൊല്‍ക്കത്തയിലെ  മെഡിക്കല്‍ വിദ്യാർഥിനിയുടെ കൊലപാതകം: കേരളത്തിലെ ഡോക്ടർമാരും സമരത്തിലേക്ക്
Published on

കൊല്‍ക്കത്തയിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കേരളത്തിലെ യുവ ഡോക്ടർമാർ സമരത്തിലേക്ക്. നാളെ ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിച്ചായിരിക്കും സമരം. അത്യാഹിത വിഭാഗങ്ങളിൽ സേവനം ഉണ്ടാകുമെന്ന് ഡോക്ടർമാരുടെ സംഘടന അറിയിച്ചു. ജോയിന്‍റ് ആക്ഷൻ ഫോറത്തിന്‍റെ ഭാഗമായാണ് കേരളത്തിൽ കെഎംപിജിഎ സമരം പ്രഖ്യാപിച്ചത്.

പിജി ഡോക്ടർമാരും സീനിയർ റസിഡന്‍റ് ഡോക്ടർമാരുമാണ് സമരത്തില്‍ പങ്കെടുക്കുക. ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർമാരും നാളെ സമരത്തിന്‍റെ ഭാഗമാകും. കെജിഎംഒഎ നാളെ പ്രതിഷേധ ദിനവും ആചരിക്കും. ആഗസ്റ്റ് 18 മുതൽ 31 വരെ ആരോഗ്യ സ്ഥാപനങ്ങളിൽ സംഘടനയുടെ നേതൃത്വത്തില്‍ സുരക്ഷാ ക്യാമ്പയിനും സംഘടിപ്പിക്കും.

സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കണം എന്നാണ് ഡോക്ടർമാരുടെ ആവശ്യം. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി തയ്യാറാക്കിയ കരട് ബില്ല് കഴിഞ്ഞ അഞ്ച് വർഷമായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയിട്ടില്ല. ഭാരതീയ ന്യായ സംഹിതയിലും ഭാരതീയ നാഗരിക് സുരക്ഷ സംഹിതയിലും ആരോഗ്യ പ്രവർത്തകരെ ആക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിന് ആവശ്യമായ വകുപ്പുകളുണ്ടെന്ന് കഴിഞ്ഞ മാസം കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ ലോക്സഭയില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് എംപി ശശി തരൂരിന്‍റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നദ്ദ.


കോവിഡ് 19 സമയത്ത്, കേന്ദ്ര സർക്കാർ പകർച്ചവ്യാധി (ഭേദഗതി) ആക്ട് 2020 നടപ്പിലാക്കിയിരുന്നു. ഇത് പ്രകാരം, ആശുപത്രികളില്‍ ഏതെങ്കിലും അക്രമം നടത്തുകയോ വസ്തുവിന് നാശ നഷ്ടം വരുത്തുകയോ, ഇവ പ്രോത്സാഹിപ്പിക്കുകയോ ചെയ്താല്‍ മൂന്ന് മാസം മുതല്‍ അഞ്ച് വർഷം വരെ തടവും 50,000 രൂപ മുതല്‍ 2,00,000 രൂപ വരെ പിഴയും ലഭിക്കും. ഗുരുതരമായി മുറിവേല്‍പ്പിച്ചാല്‍, ആറു മാസം മുതല്‍ ഏഴ് വർഷം വരെ തടവും 1,00,000 രൂപ മുതല്‍ 5,00,000 രൂപ വരെ പിഴയും ലഭിക്കും. എന്നാല്‍ ഈ നിയമം മതിയായ സുരക്ഷ ഉറപ്പ് നല്‍കുന്നില്ലായെന്നാണ് ആരോഗ്യ പ്രവർത്തകരുടെ വാദം.

കൊല്‍ക്കത്തയിലെ ആർജി കർ മെഡിക്കല്‍ കോളേജിലെ പിജി മെഡിക്കല്‍ വിദ്യാർഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണ് രാജ്യ വ്യാപകമായി ഡോക്ടർമാരുടെ പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. നൈറ്റ് ഡ്യൂട്ടിക്ക് പ്രവേശിച്ച ജൂനിയർ ഡോക്ടറുടെ മൃതദേഹം മെഡിക്കല്‍ കോളേജിന്‍റെ സെമിനാർ ഹാളിലാണ് കണ്ടെത്തിയത്. ഡോക്ടർ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. പിന്നാലെ പ്രതി സഞ്ജോയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബത്തിന്‍റെയും ഡോക്ടർമാരുടെയും ഹർജിയെ തുടർന്ന് കോടതി കേസന്വേഷണം സിബിഐക്ക് കൈമാറിയിരുന്നു. പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടുവെന്നും പ്രതികള്‍ ഇനിയുമുണ്ടെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com