കേരള സമൂഹം ഇതെല്ലാം ഫലപ്രദമായി ചർച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു
ക്ഷേത്രാചാരങ്ങൾ മാറ്റരുതെന്ന എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പ്രസ്താവനയ്ക്ക് എതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആചാരങ്ങൾ മാറ്റിയില്ല എങ്കിൽ മന്നത്ത് പത്മനാഭൻ എന്ന ചരിത്രവ്യക്തിത്വമില്ല. ആചാരങ്ങൾ എല്ലം എതിർത്താണ് മന്നത്ത് സാമൂഹിക പരിഷ്കരണം നടത്തിയത്. അത് മനസിലാക്കണമെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു.
സനാതന ധർമം എന്നാൽ ചാതുർ വർണ്യം തന്നെയാണ്. കൃത്യമായ അർത്ഥം അറിയാതെയാണ് ഈ പദം ഉപയോഗിക്കുന്നത്. ചാതുർവർണത്തിന്റെ പതിപ്പാണ് സനാധന ധർമം. ഇതിനെ ന്യായീകരിക്കാനാണ് കോൺഗ്രസ്സും വി.ഡി. സതീശനും ശ്രമിക്കുന്നത്. ഇത് അപകടകരമാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കേരള സമൂഹം ഇതെല്ലാം ഫലപ്രദമായി ചർച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ മുന്നണി തെരഞ്ഞെടുപ്പിൽ കുറച്ചുകൂടി കാര്യക്ഷമമായി ഇടപെടണമായിരുന്നു. കോൺഗ്രസ് അതിന് വേണ്ട രീതിയിൽ സഹകരിച്ചില്ല. ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെടുകയാണ്. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് സീറ്റ് കുറഞ്ഞു. എന്നാൽ വോട്ടിങ് ശതമാനത്തിൽ വലിയ കുറവ് വന്നിട്ടില്ല. ഇത് അപകടകരമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
കോൺഗ്രസ് അപ്പോഴും തുടരുന്നത് മൃതുഹിന്ദുത്വ സമീപനമാണ്. വി.ഡി. സതീശൻ ഗോൽവാൾക്കറുടെ ചിത്രത്തിന് മുന്നിൽ കൈകൂപ്പി നിന്നു. കെ. സുധാകരൻ ആർഎസ്എസ് ശാഖക്ക് കാവൽ നിന്നു. എന്നിട്ടും ബിജെപിക്ക് എതിരായി പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്തു. ഇതെന്തുകൊണ്ടാണെന്ന് ചിന്തിക്കണമെന്നും എം.വി. ഗോവിന്ദൻ. ദേശീയ അടിസ്ഥാനത്തിൽ കോൺഗ്രസിനാണ് ബിജെപിയെ ചെറുക്കാനുള്ള ശേഷിയുള്ളതെന്ന് ജനങ്ങൾ തെറ്റിദ്ധരിക്കുന്നു. ഇത് കേരള രാഷ്ട്രീയത്തിന്റെ പരിമിതിയാണെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.