കണ്ണിമ പൂട്ടിത്തുറക്കുന്നതിന് മുൻപെ ഉറ്റവരെയും ഉടയവരെയും നഷ്ടമായെന്ന യാഥാർഥ്യം ഇനിയും മുണ്ടക്കൈ, ചൂരൽമല നിവാസികൾക്ക് അംഗീകരിക്കാനായിട്ടില്ല
കേരളത്തെയാകെ നടുക്കിയ ചൂരൽമലയിലേയും മുണ്ടക്കൈയിലെയും മണ്ണിടിച്ചിൽ ദുരന്തത്തിൻ്റെ ഞെട്ടൽ വിട്ടുമാറിയിട്ടില്ല അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട പ്രദേശവാസികൾക്ക്. കലിപൂണ്ട പ്രകൃതിയുടെ ഉഗ്രരൂപം നേരിൽക്കണ്ടിട്ടും, മരണമുഖത്ത് നിന്നും തെന്നിമാറി ജീവിതത്തിലേക്ക് തിരിച്ചെത്തിയ പലർക്കും ഇപ്പോഴും ശ്വാസം നേരെ വീണിട്ടില്ല.
ചൊവ്വാഴ്ച പുലർച്ചെ മൂന്നുവട്ടമായി ഉരുൾപൊട്ടിയതിനെ തുടർന്ന്, കണ്ണിമ പൂട്ടിത്തുറക്കുന്നതിന് മുൻപെ ഉറ്റവരെയും ഉടയവരെയും നഷ്ടമായെന്ന യാഥാർഥ്യം, ഇനിയും അവർക്ക് അംഗീകരിക്കാനായിട്ടില്ല. ദുരന്തത്തിൻ്റെ ആഘാതത്തിൽ നിന്ന് വിട്ടുമാറി, ആശ്വസിക്കാനോ, ഒന്നു മാറിയിരുന്ന് പൊട്ടിക്കരയാനോ പോലും മറന്നിരിക്കുന്നവരുടെ അടുക്കലേക്കാണ് രക്ഷാപ്രവർത്തകരും മാധ്യമങ്ങളും ചെന്നുകയറിയത്.
ചൂരൽമലയിലെ ദുരന്തമുഖത്ത് മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടിട്ടും ജീവനോടെ തിരിച്ചെത്തിയ ഒരാൾ കഴിഞ്ഞ ദിവസത്തെ ഭയാനകമായ ദൃശ്യങ്ങൾ ഓർത്തെടുക്കുകയാണ്. "ചൂരൽമലയിലാണ് എൻ്റെ വീട്. ചൊവ്വാഴ്ച രാത്രി ഉറങ്ങുമ്പോൾ രാത്രി ഒരു മണിയോടെയാണ് ശബ്ദം കേട്ടുണർന്നത്. പെട്ടെന്ന് ഒരു വലിയ ശബ്ദവും മണവുമുണ്ടായി. പിന്നാലെ വീട് നിന്നു കുലുങ്ങാൻ തുടങ്ങി. പോസ്റ്റുകളൊക്കെ വീണു. പുറത്തിറങ്ങി അപ്പുറത്തെ വീട്ടിലെ ചിലരെ വാതിൽ വെട്ടിപ്പൊളിച്ച് രക്ഷപ്പെടുത്തി തൊട്ടപ്പുറത്തെ കുന്നിലേക്ക് കയറ്റിവിട്ടു. അങ്ങനെ നിരവധി പേരെ രക്ഷപ്പെടുത്തി," നാൽപ്പതുകാരനായ വ്യക്തി വിവരിച്ചു.
"അപ്പോഴാണ് താഴെ നിന്ന് അമ്മാവൻ്റെ മകൻ വിളിച്ച് അവരുടെ കുടുംബത്തെ രക്ഷിക്കാൻ ആവശ്യപ്പെട്ടത്. താഴെയുള്ള അനിയത്തിയുടെ വീട്ടിലാണ് അച്ഛനും അമ്മയും ഉണ്ടായിരുന്നത്. അവിടെയെത്തി അവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വലിയ മണ്ണിടിച്ചിലിൻ്റെ ശബ്ദം കേട്ടത്. പിന്നാലെ വീടാകെ വിറയ്ക്കാൻ തുടങ്ങി. വീട്ടിനുള്ളിലേക്ക് മണ്ണും ചെളിയും വെള്ളവും ഇരച്ചുകയറിയതോടെ ഞങ്ങൾ നിലത്തു നിന്ന് പൊങ്ങാൻ തുടങ്ങി," അദ്ദേഹം തുടർന്നു.
"പെട്ടെന്ന് ഉണ്ടായ ഉരുൾപ്പൊട്ടലിൽ ഞങ്ങളൊക്കെ ജനലിൻ്റെ കമ്പികളിലെവിടെയോ പിടിച്ചു നിന്നു. പക്ഷെ, എൻ്റെ അമ്മയും അനിയത്തിയും ഒലിച്ചു പോകുന്നത് ഞാൻ കണ്ടു. എനിക്ക് അവരെ രക്ഷപ്പെടുത്താൻ സാധിച്ചില്ല. രക്ഷാപ്രവർത്തകർ എത്തുന്നത് വരെ ഞാൻ ആ ജനലിൽ പിടിച്ചു നിന്നു. മര്യാദയ്ക്ക് കാണാൻ വെളിച്ചം പോലും ഉണ്ടായില്ല. അനിയത്തിയുടെ ശരീരം കിട്ടി, അമ്മയെ കിട്ടിയിട്ടില്ല. അച്ഛൻ ആശുപത്രിയിലാണ്. ഞാൻ ഇനി ആ ദുരന്തം നടന്ന ഭാഗത്തേക്ക് ഇല്ല," കണ്ണുകൾ നിറച്ചു ആ യുവാവ് ആ ദുരന്തം പറഞ്ഞൊപ്പിച്ചു.
ദുരന്തമുഖത്ത് നിന്നും രക്ഷാപ്രവർത്തകർ രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ച നിസഹായയായ ഒരമ്മ, മക്കൾക്കും പേരക്കുട്ടികൾക്കും വേണ്ടി കാത്തിരിക്കുകയാണ്. "എൻ്റെ മക്കളെയും പേരക്കുട്ടികളെയും ഒന്നും കാണാനില്ല. കുടുംബത്തിൽ ആകെ രക്ഷപ്പെടുത്താൻ സാധിച്ചത് ഒരാളെയാണ്. എനിക്ക് ആരുമില്ലാതായി. എൻ്റെ വീടും പരിസരവുമൊക്കെ തിരിച്ചറിയാൻ സാധിക്കാത്ത അത്രയും നശിച്ചുപോയി. ഇനി എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല," വാക്കുകൾ മുഴുമിപ്പിക്കാനാകെ ആ അമ്മ വിങ്ങിപ്പൊട്ടി.
ചൂരൽമലയിലും മേപ്പാടിയിലും മുണ്ടക്കൈയിലുമൊക്കെയായി ഇവരെപ്പോലെ എത്രയോ പേർക്ക് ഉറ്റവരെ ആരെയൊക്കെയോ നഷ്ടമായിട്ടുണ്ടായിരുന്നു. അവരെല്ലാം നിറകണ്ണുകളോടെ, ഉറ്റവർക്ക് വേണ്ടി കാത്തിരിക്കുകയാണ്...