
ചേർത്തലയിൽ നവജാത ശിശുവിന്റെ മൃതദേഹം രഹസ്യമായി മറവ് ചെയ്ത കേസിൽ കുഞ്ഞിന്റെ അമ്മയെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. മൊഴികളിൽ വൈരുദ്ധ്യമെന്ന് കണ്ടെത്തിയതോടെയാണ് വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചത്. കേസിൽ കുഞ്ഞിന്റെ അമ്മയും ആൺസുഹൃത്തും റിമാൻഡിലാണ്.
കഴിഞ്ഞ ദിവസം ചികിത്സിച്ച ഡോക്ടർ നൽകിയ നിർണായക വെളിപ്പെടുത്തലിൽ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. പ്രസവ ശേഷം കുട്ടി കരഞ്ഞിരുന്നെന്നും, ഗർഭാവസ്ഥ ആൺ സുഹൃത്തിന് അറിയില്ലായിരുന്നുവെന്നും യുവതി പറഞ്ഞെന്നായിരുന്നു ഡോക്ടറുടെ മൊഴി. ഇതിന് പിന്നാലെയാണ് പൊലീസ് ആശുപത്രിയിലെത്തി യുവതിയുടെ മൊഴി എടുത്തത്. യുവതി ചികിത്സയിലുള്ള എറണാകുളം സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആണ് നിർണായക വിവരം പൊലീസിന് കൈമാറിയത്.
ഈ മാസം ഏഴാം തീയതി പുലർച്ചെ ഒന്നരയോടെയാണ് യുവതി പ്രസവിച്ചത്, കുഞ്ഞിനെ എട്ടാം തീയതി പുലർച്ചെയാണ് സുഹൃത്തിന് കൈമാറിയത്. മരണ ശേഷമാണോ കുഞ്ഞിനെ കൈമാറിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. താൻ ഗർഭിണിയായിരുന്നു എന്ന് സുഹൃത്തിന് അറിയില്ലായിരുന്നു എന്നും യുവതി പൊലീസിനോട് പറഞ്ഞു. കുട്ടി പൂര്‍ണ വളർച്ച എത്തിയിരുന്നതായി ഫോറൻസിക് വിഭാഗം സ്ഥിരീകരിച്ചിരുന്നു. മതിയായ ചികിത്സ ലഭിക്കാത്തതാണോ അതോ കുഞ്ഞിനെ അപായപ്പെടുത്തിയതാണോ എന്നറിയാൻ യുവതിയെ കൂടുതൽ ചോദ്യം ചെയ്യും.