ക്ലാസ്സിക് സിനിമകൾ ഉണ്ടാക്കിയ മലയാള സിനിമ ഇൻഡസ്ട്രിക് ഇപ്പോൾ ദുഷ് പേരായി എന്നത് സങ്കടകരമാണ്. ഇത് ലോകം മുഴുവനും ചർച്ച ചെയ്യും
SASHI THAROOR
ജസ്റ്റിസ് ഹേമ അധ്യക്ഷനായ മൂന്നംഗ കമ്മിറ്റി സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിച്ച് അഞ്ചു വർഷമായിട്ടും സർക്കാർ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് ശശി തരൂർ എംപി. എന്തുകൊണ്ടാണ് അഞ്ച് വർഷത്തോളം റിപ്പോർട്ട് പിടിച്ചു നിർത്തിയത്. റിപ്പോർട്ടിന്മേൽ സർക്കാർ നടപടി സ്വീകരിക്കാത്തത് ക്ഷമിക്കാനാവില്ല. മലയാള സിനിമയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന വാർത്ത ഞെട്ടലുണ്ടാക്കുന്നു എന്നും ശശി തരൂർ പറഞ്ഞു.
ക്ലാസ്സിക് സിനിമകൾ ഉണ്ടാക്കിയ മലയാള സിനിമ ഇൻഡസ്ട്രിക് ഇപ്പോൾ ദുഷ് പേരായി എന്നത് സങ്കടകരമാണ്. ഇത് ലോകം മുഴുവനും ചർച്ച ചെയ്യും. സർക്കാർ നടപടിക്കൊപ്പം സിനിമ മേഖല സ്വയം നവീകരണത്തിന് തയാറാകണം. അതിക്രമങ്ങൾക്കെതിരെ ആരും പരാതി നൽകിയില്ലെന്നാണ് സജി ചെറിയാൻ പറയുന്നത്. എന്നാൽ സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് ഉള്ളപ്പോൾ പരാതിയുടെ ആവശ്യമില്ല. റിപ്പോർട്ടിൻമേൽ തുടർനടപടിക്ക് സർക്കാർ തയാറാകണമെന്നും ശശി തരൂർ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രതികരിച്ചു. സിനിമാ മേഖലയിലുള്ള സമീപനം മാറണമെന്നും, സിനിമ വ്യവസായത്തിൻ്റെ അന്തസ്സ് ഉയർത്തുന്നതിനുള്ള നിയമ നിർമാണം വരണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. താൻ മന്ത്രി ആയിരിക്കുന്ന കാലത്ത് പരാതികൾ വന്നിട്ടില്ലെന്നും പരാതി വന്നിരുന്നെങ്കില്‍ നടപടി എടുത്തേനെയെന്നും, പരാതി നൽകാത്തത് ഭയം കൊണ്ടാവാമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
സെല്ലുലോയ്ഡിൽ കാണുന്നത് മാത്രമല്ല സിനിമാ ലോകം, അതിനപ്പുറത്ത് ഇരുണ്ട ലോകം ഉണ്ടെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. സർക്കാരിന് സിനിമാ നയം വേണമെന്നും പുതിയ സിനിമ എടുക്കുന്നതിന് വേണ്ടി സർക്കാർ സഹായം ഏർപ്പെടുത്തണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ച കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
READ MORE: ഹേമ കമ്മറ്റി റിപ്പോർട്ടിലൂടെ തെളിയുന്നത് സർക്കാരിൻ്റെ ഇച്ഛാശക്തി; ലക്ഷ്യം സ്ത്രീ സമൂഹത്തിന്‍റെ ഉന്നതി: എം.വി. ഗോവിന്ദൻ