
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പുതുക്കിയ നീറ്റ് യുജി 2024 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ചൊവ്വാഴ്ചത്തെ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് എന്‍ടിഎ പുതിയ റാങ്ക് ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. ഫിസിക്‌സിലെ ഒരു ചോദ്യത്തിന് ചില വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ അധിക മാര്‍ക്ക് നീക്കം ചെയ്ത ശേഷമാണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പന്ത്രണ്ടാം ക്ലാസിലെ എന്‍സിആര്‍ടിസി ശാസ്ത്ര പുസ്തകത്തിലെ തെറ്റായ റെഫറന്‍സ് ഉപയോഗിച്ചാണ് ചില കുട്ടികള്‍ ഫിസിക്‌സിലെ ചോദ്യത്തിന് ഉത്തരം നല്‍കിയതെന്ന് പറഞ്ഞാണ് എന്‍ടിഎ ഇവര്‍ക്ക് അധിക മാര്‍ക്ക് അനുവദിച്ചത്. ഒരു ചോദ്യത്തിന് ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരില്ലെന്നു നിരീക്ഷിച്ച സുപ്രീം കോടതി അധികമാര്‍ക്ക് നല്‍കാന്‍ പാടില്ലായെന്നു പറയുകയായിരുന്നു.
ഇങ്ങനെ മാര്‍ക്ക് നല്‍കിയതിനാല്‍ 44 വിദ്യാര്‍ഥികളാണ് മുഴുവന്‍ സ്‌കോറായ 720 നേടി ഓള്‍ ഇന്ത്യ റാങ്കില്‍ ഒന്നാം സ്ഥാനം നേടിയത്. പുതുക്കിയ ഫലത്തില്‍ ഇവര്‍ക്ക് അഞ്ച് മാര്‍ക്കും ഒന്നാം സ്ഥാനവും നഷ്ടമാകും. സുപ്രീം കോടതി ഉത്തരവ് വന്നയുടനെ, എന്‍ടിഎ പുതിയ മെറിറ്റ് ലിസ്റ്റ് രണ്ട് ദിവസത്തിനകം പുറത്തിറക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു.
ജൂണ്‍ നാലിന് നീറ്റ് യുജി 2024 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ 67 പേര്‍ ഒന്നാം സ്ഥാനത്ത് വന്നതാണ് സംശയങ്ങള്‍ക്ക് ഇടയാക്കിയത്. മെയ് 5ന് നടത്തിയ നീറ്റ് പരീക്ഷയില്‍ 23,33,297 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്.