
നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ വി.ആർ വിനോദ് ഉത്തരവിറക്കി. മറ്റുള്ളവരുമായി ഇടപെഴുകുമ്പോൾ എൻ 95 മാസ്ക് ഉപയോഗിക്കണമെന്നും, സാമൂഹിക അകലം പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു. വവ്വാലുകൾ വസിക്കുന്ന സ്ഥലത്ത് പോകുകയോ, അവയെ ശല്യപെടുത്തകയോ ചെയ്യരുതെന്നും, നിലത്ത് വീണ് കിടക്കുന്നതും, പക്ഷിമൃഗാദികൾ കടിച്ചതുമായ പഴങ്ങളും മറ്റു ഭക്ഷണ പാദാർഥങ്ങളും ഉപയോഗിക്കരുതെന്നും ഉത്തരവിൽ കളക്ടർ വ്യക്തമാക്കി. രോഗലക്ഷണങ്ങൾ ഉണ്ടാവുകയോ രോഗിയുടെ റൂട്ട് മാപ്പിൽ അതേസമയത്ത് ഉണ്ടാവുകയോ ചെയ്തിട്ടുണ്ടെങ്കിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടണം.
നിപ ബാധിച്ച് മരിച്ച 14 കാരന്‍റെ നാടായ പാണ്ടിക്കാട്, കുട്ടിയുടെ സ്കൂൾ ഉൾപ്പെടുന്ന ആനക്കയം ഗ്രാമപഞ്ചായത്ത് പരിധികളിൽ പൊതുജനാരോഗ്യ നിയമം, ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരം കളക്ടർ കർശനമായ നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിട്ടു. ഗ്രാമപഞ്ചായത്ത് പരിധികളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും, മുന്‍കൂട്ടി നിശ്ചയിച്ച വിവാഹം അടക്കമുള്ള ചടങ്ങുകള്‍ ഏറ്റവും പരിമിതമായ ആളെ മാത്രം വെച്ച് നടത്തണമെന്നും കളക്ടർ ഇറക്കിയ നിയന്ത്രണങ്ങളിൽ പറയുന്നു. മെഡിക്കൽ ഷോപ്പുകൾ ഒഴികെ കടകളും ഹോട്ടലുകളും രാവിലെ 10 മുതൽ വൈകിട്ട് 5 വരെ മാത്രമേ പ്രവർത്തിക്കാവൂ.സിനിമ തീയേറ്ററുകൾ, സ്കൂളുകൾ, കോളേജുകൾ, മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ തുടങ്ങിയ പ്രവർത്തിക്കരുതെന്നും നിയന്ത്രണങ്ങളിൽ പറയുന്നു.
മലപ്പുറം ജില്ലയിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ
തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായും മറക്കുക. കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് 40-60 സെക്കൻ്റെടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
പനിയുടെ ലക്ഷണങ്ങൾ ഉളള എല്ലാവരും, പ്രത്യേകിച്ച് പനിയോടൊപ്പം തലവേദന, ഛർദി, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിൻ്റെയോ ശ്വാസം മുട്ടലിൻ്റെയോ ലക്ഷണങ്ങൾ എന്നിവ ഉണ്ടെങ്കിൽ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടേണ്ടതാണ്.
ലക്ഷണങ്ങൾ ഉള്ളവരെ പരിചരിക്കുന്നവർ എൻ 95 മാസ്‌ക് ധരിക്കേണ്ടതാണ്.
രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്നും രോഗബാധിതരിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കുക രോഗിയെ പരിചരിക്കുന്നവർ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കേണ്ടതാണ്.
രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുക.
നിപ്പാ രോഗലക്ഷണങ്ങൾ ഉള്ളവർ കുടുംബാംഗങ്ങളുമായോ പൊതുജനങ്ങളുമായോ ഉളള സമ്പർക്കം ഒഴിവാക്കുകയും ലക്ഷണങ്ങൾ മാറുന്നതുവരെ പരിപൂർണ്ണ വിശ്രമം എടുക്കേണ്ടതുമാണ്.