ഇനി വോട്ട് ചെയ്യേണ്ടി വരില്ല; വിവാദ പരാമര്‍ശവുമായി ഡൊണാള്‍ഡ് ട്രംപ്

തനിക്ക് വോട്ടു ചെയ്താല്‍ നാലു വര്‍ഷത്തിനു ശേഷം ഇനി വോട്ട് ചെയ്യേണ്ടി വരില്ലെന്നായിരുന്നു ട്രംപിന്‍റെ പ്രസ്താവന
ഡൊണാള്‍ഡ് ട്രംപ്
ഡൊണാള്‍ഡ് ട്രംപ്
Published on

വിവാദ പരാമര്‍ശത്തോടെ ക്രിസ്ത്യന്‍ മത വിശ്വാസികളോട് വോട്ടഭ്യര്‍ഥിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. തനിക്ക് വോട്ടു ചെയ്താല്‍ നാലു വര്‍ഷത്തിനു ശേഷം ഇനി വോട്ട് ചെയ്യേണ്ടി വരില്ലെന്നായിരുന്നു ട്രംപിന്‍റെ പ്രസ്താവന. ഫ്‌ളോറിഡയിലെ ടേണിങ്ങ് പോയിന്‍റ് ആക്ഷന്‍ എന്ന യാഥാസ്ഥിതിക വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.

"ക്രിസ്ത്യാനികളെ നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു. ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്. നിങ്ങള്‍ പുറത്തിറങ്ങി വോട്ട് ചെയ്യൂ. നാലു വര്‍ഷം കൂടി മതി. നിങ്ങള്‍ക്കറിയാമല്ലോ, എല്ലാം ശരിയാകും, നിങ്ങള്‍ക്ക് അതിനു ശേഷം വോട്ട് ചെയ്യേണ്ടി വരില്ല", ട്രംപ് പറഞ്ഞു.

മുന്‍ യുഎസ് പ്രസിഡന്‍റ് പ്രസ്താവനയിലൂടെ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. എന്നാല്‍, ഡെമോക്രാറ്റിക് പാര്‍ട്ടി ആരോപിക്കുന്നത് ട്രംപ് ജനാധിപത്യത്തിനു ഭീഷണിയാണെന്നാണ്. ഈ ആരോപണത്തെ സാധൂകരിക്കുന്നതാണ് ട്രംപിന്‍റെ ഇപ്പോഴത്തെ പ്രസ്താവനയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ട്രംപ് നടത്തിയ പ്രസ്താവനയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രചരണ വിഭാഗം പ്രതികരിച്ചിട്ടില്ല.

രണ്ടാം വട്ടവും തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ നാലു വര്‍ഷം കൂടിയാണ് ട്രംപിനു യുഎസ് പ്രസിഡന്‍റായി അധികാരത്തില്‍ ഇരിക്കാന്‍ കഴിയുക. യുഎസ് ഭരണഘടന പ്രകാരം രണ്ടു വട്ടമാണ് ഒരാൾക്ക് പ്രസിഡന്‍റായിരിക്കുവാന്‍ സാധിക്കുക.

 2020 യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് പരാജയപ്പെട്ടപ്പോള്‍ സ്ഥാനം ഒഴിയാന്‍ ട്രംപ് വിസമ്മതിച്ചിരുന്നു. മാത്രമല്ല, ട്രംപ് അനുകൂലികള്‍ ക്യാപിറ്റോള്‍ ആക്രമിക്കുകയും ചെയ്തിരുന്നു. അടുത്തിറങ്ങിയ അഭിപ്രായ വോട്ടെടുപ്പ് പ്രകാരം, 2024 പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപിനേക്കാള്‍ മുന്‍തൂക്കം കമലാ ഹാരിസിനാണ്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com