850 വർഷം പഴക്കമുള്ള കത്തീഡ്രലിന്‍റെ അള്‍ത്താരക്ക് ഉള്‍പ്പടെ 2019ലെ തീപിടുത്തത്തില്‍ കേടുപാടുകളുണ്ടായിരുന്നു
പാരീസിലെ നോത്ര ദാം കത്തീഡ്രല്‍ വീണ്ടും തുറക്കുന്നു. അഞ്ചര വർഷത്തെ പുനരുദ്ധാരണ പ്രവർത്തനങ്ങള്‍ക്ക് ശേഷമാണ് പള്ളി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നത്. 850 വർഷം പഴക്കമുള്ള കത്തീഡ്രലിന്‍റെ അള്‍ത്താരക്ക് ഉള്‍പ്പടെ 2019ലെ തീപിടുത്തത്തില്‍ കേടുപാടുകളുണ്ടായിരുന്നു. പുതുക്കി പണിത കത്തീഡ്രലിന്‍റെ ഉള്‍വശത്തിന്‍റെ ദൃശ്യങ്ങള്‍ ഫ്രാന്‍സ് പുറത്തുവിട്ടു.
അഞ്ചര വർഷം നീണ്ട പുനരുദ്ധാരണ പ്രവർത്തനങ്ങള്‍ക്ക് ശേഷം വരുന്ന ഡിസംബർ ഏഴിന് പാരീസിലെ നോത്ര ദാം കത്തീഡ്രല്‍ സന്ദർശകർക്കായി വാതില്‍ തുറക്കും. പ്രവേശനത്തിന് ഒരാഴ്ച ശേഷിക്കവെ കത്തീഡ്രല്‍ സന്ദർശിച്ച ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ നവീകരണ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു. 2019ലെ തീപിടുത്തത്തില്‍ വലിയ കേടുപാടുകളുണ്ടായ പള്ളിയുടെ പുനരുദ്ധാരണത്തില്‍ 250ഓളം കമ്പനികളാണ് പ്രവർത്തിച്ചത്. 12ാം നൂറ്റാണ്ടില്‍ നിർമ്മിക്കപ്പെട്ട കത്തീഡ്രല്‍ പഴയ മാതൃകയില്‍ തന്നെയാണ് പുനർനിർമ്മിച്ചിരിക്കുന്നത്. 19ാം നൂറ്റാണ്ടില്‍ അള്‍ത്താരയോട് ചേർക്കപ്പെട്ട 1.5 ടണ്‍ ഭാരമുള്ള കുരിശുരൂപം 1000 മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിലാണ് പൂർവസ്ഥിതിയിലാക്കിയത്. അഞ്ചര വർഷം നീണ്ട പുനരുദ്ധാരണത്തിന് 750 ദശലക്ഷം യൂറോയിലധികമാണ് ചെലവ് വന്നത്. അതേസമയം, 150 രാജ്യങ്ങളില്‍ നിന്ന് സംഭാവനയായി ലഭിച്ച 846 ദശലക്ഷം യൂറോയില്‍ ഇനിയും ഫണ്ട് ബാക്കിയാണ്.
ALSO READ: ഗാസയിൽ ഭക്ഷ്യക്ഷാമം രൂക്ഷം; ബേക്കറിക്ക് പുറത്തെ തിരക്കിൽപ്പെട്ട് 3 മരണം
2019 ഏപ്രില്‍ 15നാണ് പാരീസിലെ പ്രധാന പെെതൃക കേന്ദ്രങ്ങളിലൊന്നായ നോത്ര ദാം കത്തീഡ്രല്‍ അഗ്നിക്കിരയായത്. മേൽക്കൂരയിലേക്ക് ആളിക്കയറിയ തീയില്‍ കത്തീഡ്രലിൻ്റെ മിനാരം നിലംപതിച്ചു. അള്‍ത്താരയുള്‍പ്പടെ പള്ളിയുടെ ഉള്‍ഭാഗത്തും വലിയ നാശനഷ്ടങ്ങളുണ്ടായി. തകരാതെ പിടിച്ചു നിന്ന പ്രധാന മണി ഗോപുരങ്ങളാണ് കത്തീഡ്രലിന്‍റെ മുന്‍ഭാഗം പൂർണമായി നിലം പതിക്കാതെ കാത്തത്. അഞ്ചര വർഷമായി അന്വേഷണം നടക്കുന്ന സംഭവത്തില്‍ ഇതുവരെയും വ്യക്തമായൊരു ഉത്തരം ലഭിച്ചിട്ടില്ല. ഷോർട്ട് സർക്യൂട്ടോ സന്ദർശകരുപേക്ഷിച്ച സിഗരറ്റില്‍ നിന്നുണ്ടായ തീപ്പൊരിയോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം..
പ്രതിവർഷം ദശലക്ഷക്കണക്കിന് സന്ദർശകരാണ് അപകടത്തിന് മുന്‍പ് കത്തീഡ്രലിനുണ്ടായിരുന്നത്. വീണ്ടും സന്ദർശകർക്കായി തുറന്നുകൊടുക്കുമ്പോള്‍ കത്തീഡ്രലിലേക്കുള്ള പ്രവേശനത്തിന് ഫീസ് ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ഫ്രഞ്ച് സർക്കാർ ആലോചന നടത്തിയെങ്കിലും സഭയുടെ എതിർപ്പിനെ തുടർന്ന് നീക്കത്തില്‍ നിന്ന് പിന്മാറിയിരുന്നു. പ്രവേശനദിവസത്തെ ക്ഷണിതാക്കളുടെ പട്ടിക പുറത്തുവിട്ടിട്ടില്ലെങ്കിലും ലോകനേതാക്കളുടെയടക്കം സാന്നിധ്യമുണ്ടാകുമെന്നാണ് റിപ്പോർട്ട്. നിർമ്മാണത്തില്‍ പങ്കാളികളായ 2000ത്തോളം പേർക്ക് പ്രത്യേക ക്ഷണമുണ്ട്. ഡിസംബർ എട്ടിന് പുതിയ അൾത്താരയില്‍ കുർബാനയും കൂദാശയും നടക്കും.
ALSO READ: 'വേളി' തന്നെ വള്ളിയായി മാറുമ്പോൾ ; ഫ്ലാഷ് വെഡിങ് തരംഗത്തിൽ കബളിക്കപെടുന്ന ചൈനീസ് യുവാക്കൾ