രക്തം പുരണ്ട വസ്ത്രവുമായി റോഡിലൂടെ നടന്ന യുവതിയെ നേവി ഉദ്യോഗസ്ഥനാണ് ആദ്യം കണ്ടത്
രാജ്യത്തിന് അപമാനമായി ഡൽഹിയിൽ വീണ്ടും ബലാത്സംഗം. ഡൽഹി സരായ് കാലേ ഖാനിൽ 34കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത് നടുറോഡിൽ ഉപേക്ഷിച്ചു. ഒഡീഷ സ്വദേശിയായ യുവതിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി ഡൽഹി പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം പുലർച്ചെ 3.30ഓടെയാണ് സംഭവം. അവശയായ യുവതി രക്തം പുരണ്ട വസ്ത്രം ധരിച്ച് റോഡരികിലൂടെ നടന്നുപോവുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഒരു ഇന്ത്യൻ നേവി ഉദ്യോഗസ്ഥൻ പൊലീസിൽ വിവരമറിച്ചു. തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ALSO READ: കവരൈപേട്ട അപകടം: പരുക്കേറ്റ നാല് പേരുടെ നില ഗുരുതരം; രണ്ട് ട്രെയിനുകൾ റദ്ദാക്കി
പെൺകുട്ടിയുടെ ജനനേന്ദ്രിയത്തിൽ നിന്ന് രക്തസ്രാവമുണ്ടായിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ഗുരുതരാവസ്ഥയിലുള്ള യുവതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ലൈംഗികാതിക്രമം ദൂരയായിരിക്കാം നടന്നതെന്നും പ്രതി യുവതിയെ, സരായ് കാലേ ഖാനിൽ ഉപേക്ഷിച്ചതായിരിക്കുമെന്നുമാണ് പൊലീസിൻ്റെ നിഗമനം.
ഒഡീഷ സ്വദേശിയായ യുവതി ഒരു വർഷം മുൻപാണ് ഡൽഹിയിലെത്തിയത്. നഴ്സിങ്ങ് കോഴ്സ് കഴിഞ്ഞ ശേഷമായിരുന്നു ഇവർ ഡൽഹിയിലെത്തിയത്. യുവതിയെ തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോകാനായി മാതാപിതാക്കൾ ശ്രമിച്ചിരുന്നെങ്കിലും, ഇവർ വിസമ്മതിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഒരു മാസം മുമ്പ് യുവതിയുടെ മൊബൈൽ ഫോൺ നഷ്ടമായതോടെ വീട്ടുകാരുമായുള്ള ബന്ധം പൂർണമായും ഇല്ലാതായി. കയ്യിൽ പണമില്ലാത്തതിനാൽ കഴിഞ്ഞ രണ്ട് ദിവസമായി യുവതി തെരുവിലാണ് കഴിഞ്ഞതെന്നും പൊലീസ് അറിയിച്ചു.
ALSO READ: "ലോകത്തെ പെണ്‍കുട്ടികളിൽ എട്ടിലൊരാള്‍, അതായത് 37 കോടി പേർ പ്രായപൂര്‍ത്തിയാകും മുമ്പേ ലൈംഗിക അതിക്രമം നേരിട്ടിരിക്കുന്നു"
അതേസമയം ആക്രമിയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. യുവതിയുടെ നില അതീവഗുരുതരമാണെന്നും ഇപ്പോൾ മൊഴിയെടുക്കാൻ സാധിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി. യുവതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടതിന് ശേഷം വിശദമായി മൊഴിയെടുക്കും. സിസിടിവികൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.