മത്സരത്തിലെ അയോഗ്യത സംബന്ധിച്ച് പരിശോധന നടത്തണമെന്നും വെള്ളി മെഡൽ പങ്കുവെയ്ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു നീക്കം
പാരിസ് ഒളിംപിക്സ് അയോഗ്യതയിൽ വിനേഷ് ഫോഗട്ട് കായിക കോടതിയെ സമീപിച്ചു. വെള്ളി മെഡൽ പങ്കുവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപ്പീലിൽ കോടതി ഇന്ന് വിധി പറയും. അതേസമയം, വിനേഷ് ഫോഗട്ടിൻ്റെ അയോഗ്യതയ്ക്ക് കാരണം ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷനും ഗുസ്തി ഫെഡറേഷനുമാണെന്ന ആരോപണവും ശക്തമാണ്.
100 ഗ്രാം ഭാരത്തിൻ്റെ പേരിൽ ഒളിംപിക്സ് ഗുസ്തി ഫൈനലിൽ നിന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെയാണ് വിനേഷ് ഫോഗട്ട് കായിക കോടതിയെ സമീപിച്ചത്. മത്സരത്തിലെ അയോഗ്യത സംബന്ധിച്ച് പരിശോധന നടത്തണമെന്നും വെള്ളി മെഡൽ പങ്കുവെയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് നീക്കം. വിനേഷിൻ്റെ അപ്പീലിൽ ഇന്ന് കായിക കോടതി ഇടക്കാല വിധി പറയും. കോടതി വിധി വിനേഷിന് അനുകൂലമായാൽ വെള്ളി മെഡൽ നേടാൻ താരത്തിന് കഴിയും.
അയോഗ്യയാക്കപ്പെട്ടതോടെ അവസാന സ്ഥാനത്തേക്ക് വിനേഷ് ഫോഗട്ട് പിന്തള്ളപ്പെട്ടിരുന്നു. സെമിയിൽ വിനേഷ് ഫോഗട്ട് തോൽപ്പിച്ച ക്യൂബൻ താരം ഫൈനലിലേക്കും എത്തി. അതേസമയം, വിനേഷ് ഫോഗട്ടിൻ്റെ അയോഗ്യതയ്ക്ക് കാരണം ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ്റെയും ഗുസ്തി ഫെഡറേഷൻ്റെയും വീഴ്ചയാണെന്ന ആരോപണം ശക്തമാണ്.
53 കിലോയിൽ മത്സരിക്കുകയയും കോമൺവെൽത്ത് സ്വർണമടക്കം നേടുകയും ചെയ്ത വിനേഷിനെ 50 കിലോയിലേക്ക് മാറ്റിയത് അസോസിയേഷൻ്റെ തീരുമാനമായിരുന്നു. 53 കിലോയിൽ നിന്ന് വിനേഷിനെ മാറ്റിയതിൽ വ്യക്തമായ മറുപടി പറയാൻ അസോസിയേഷന് ഇതുവരെ സാധിച്ചിട്ടില്ല. സ്ഥിരമായി മത്സരിക്കുന്ന വിഭാഗത്തിൽ നിന്ന് ഭാരം കുറയ്ക്കുമ്പോൾ കൃത്യമായി ഡയറ്റ് ക്രമീകരിക്കേണ്ടത് പരീശീലകരും ഡോക്ടർമാരുമാണ്.
യോഗ്യത മത്സരങ്ങൾക്ക് മുൻപ് നടത്തിയ പരിശോധനയിൽ വിനേഷിൻറെ ഭാരം 49.9 കിലോയായിരുന്നു. സെമിക്ക് ശേഷം ഭാരം 52.7 കിലോയായി. വിനേഷിൻ്റെ ശരീരഭാരം 57 കിലോയാണ്. മത്സര ശേഷം ഭാരം ഉയർന്നത് കുറയ്ക്കാൻ രാത്രി ഉറക്കമില്ലാതെ വ്യായമം ചെയ്തുവെന്നും പരീശിലകർ പറയുന്നു.