ഓണക്കിറ്റ് ഇത്തവണയും മഞ്ഞ കാർഡുകാർക്ക് മാത്രം; ഓണച്ചന്തകൾ സെപ്റ്റംബർ ആദ്യ വാരം മുതൽ

ഓണക്കിറ്റ് ഇത്തവണയും മഞ്ഞ കാർഡുകാർക്ക് മാത്രം; ഓണച്ചന്തകൾ സെപ്റ്റംബർ ആദ്യ വാരം മുതൽ

പതിനഞ്ച് ഇനങ്ങൾ അടങ്ങിയ കിറ്റ് കുറ്റമറ്റ രീതിയിൽ വിതരണം ചെയ്യാനുള്ള നടപടികളും സർക്കാർ തുടങ്ങി
Published on

സംസ്ഥാനത്ത് ഇത്തവണ സൗജന്യ ഓണക്കിറ്റ് ലഭിക്കുക മഞ്ഞ റേഷൻ കാർഡുകാർക്ക് മാത്രം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് മാത്രം സൗജന്യ ഓണക്കിറ്റ് നൽകാൻ തീരുമാനിച്ചത്. 15 ഇനങ്ങൾ അടങ്ങിയ കിറ്റ് കുറ്റമറ്റ രീതിയിൽ വിതരണം ചെയ്യാനുള്ള നടപടികളും സർക്കാർ തുടങ്ങി.

സപ്ലൈകോയുടെ കീഴിലുള്ള ഓണച്ചന്തകളും, ജില്ലാ തല ഓണച്ചന്തകളും സെപ്റ്റംബർ ആദ്യ ആഴ്ച ആരംഭിക്കും. ഉത്രാടം വരെയാണ് ഈ ഓണച്ചന്തകൾ പ്രവർത്തിക്കുക. 13 ഇന അവശ്യ സാധനങ്ങൾ ഓണ ചന്തകളിൽ ഉറപ്പാക്കുമെന്ന് സപ്ലൈകോ അറിയിച്ചു. ധനവകുപ്പ് അനുവദിച്ച 225 കോടി രൂപ ഉപയോഗിച്ചാണ് ചന്ത തുടങ്ങുക.

എന്നാൽ, വിപുലമായ ഓണചന്തയ്ക്ക് 600 കോടി രൂപയെങ്കിലും ആവശ്യമാണ്. കൂടുതൽ തുക ധനവകുപ്പ് നൽകുമെന്ന പ്രതീക്ഷയിലാണ് സപ്ലൈകോ. 5.87 ലക്ഷം പേർക്ക് സൗജന്യ കിറ്റ് നൽകാൻ 35 കോടി രൂപ വേണ്ടി വരുമെന്നാണ് സിവിൽ സപ്ലൈസ് വകുപ്പ് കണക്ക് കൂട്ടുന്നത്.

മുൻഗണനാ വിഭാഗത്തിലെ മഞ്ഞ റേഷൻ കാർഡുകാർക്ക് മാത്രമെ കഴിഞ്ഞ വർഷവും സൗജന്യ കിറ്റ് ലഭിച്ചിരുന്നുള്ളൂ. അതേസമയം, മുൻ വർഷത്തെ പോലെ സർക്കാർ അനാഥാലയങ്ങളിലെയും വയോജന കേന്ദ്രങ്ങളിലെയും അന്തേവാസികൾക്കും കിറ്റ് ലഭിക്കും. നാലുപേർക്ക് ഒരു കിറ്റ് എന്ന നിലയിലായിരിക്കും വിതരണം നടത്തുക.

News Malayalam 24x7
newsmalayalam.com