സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് സന്ദർശിക്കുന്ന പി. സരിൻ, ഇന്ന് എ.കെ. ബാലൻ ഉൾപ്പെടെയുള്ള നേതാക്കളുമായി കുടിക്കാഴ്ച നടത്തും
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാർഥി ഡോക്ടർ പി. സരിന് പാർട്ടി ചിഹ്നം നൽകില്ല. സിപിഎം സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് തീരുമാനം. സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് സന്ദർശിക്കുന്ന പി. സരിൻ, ഇന്ന് എ.കെ. ബാലൻ ഉൾപ്പെടെയുള്ള നേതാക്കളുമായി കുടിക്കാഴ്ച നടത്തും.
പി. സരിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചതായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് നേരത്തെ അറിയിച്ചിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ സരിന് പാർട്ടി ചിഹ്നം തന്നെ നൽകാനായിരുന്നു തീരുമാനം. എന്നാൽ തനിക്ക് സ്വതന്ത്രനായി മത്സരിക്കാനാണ് താൽപര്യമെന്ന് സരിൻ പാർട്ടിയെ അറിയിച്ചു. ഇത് വഴി പാർട്ടിക്ക് പുറത്തുള്ള ആളുകളുടെ കൂടി വോട്ടുകൾ നേടാനാണ് സരിൻ്റെ നീക്കം. ഇന്ന് വൈകിട്ടോടെ സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
ALSO READ: പാലക്കാട് സരിന്‍ തന്നെ; സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം അറിയിച്ചു
ഇടതുപക്ഷത്തോട് ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന സരിൻ്റെ നിലപാടിന് പൂർണ പിന്തുണ നൽകിയാണ്, പാലക്കാട് ഇടതു സ്ഥാനാർഥിയായി സരിനെ പ്രഖ്യാപിക്കാനൊരുങ്ങുന്നത്. സരിൻ സ്ഥാനാർഥിയാകുന്നതോടെ നേട്ടമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് സിപിഎമ്മിന്. പാർട്ടി ദുർബലമായ പാലക്കാട് നഗരസഭയിൽനിന്നു കൂടുതൽ വോട്ട് സമാഹരിക്കാൻ ഇതുവഴി കഴിയുമെന്ന് സിപിഎം കരുതുന്നു.
ഇതിന് പുറമെ കോൺഗ്രസിലെയും ബിജെപിയിലെയും അസംതൃപ്തരുടെ വോട്ടുകളും ലഭിക്കുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടൽ. എന്നാൽ സരിനെ സ്ഥാനാർത്ഥിയാക്കിയത് സിപിഎം പ്രവർത്തകരും അനുഭാവികളും അംഗീകരിക്കില്ലെന്നാണ് കോൺഗ്രസിൻ്റെ വിലയിരുത്തൽ.