ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ ആദ്യ സെക്രട്ടറിയായ ഭവിക മംഗളാനന്ദൻ, അതിർത്തി കടന്നുള്ള ഭീകരതയെ ഒരു ഭരണകൂട നയമായി ഉപയോഗിച്ച പാക് ചരിത്രം വിവരിച്ചായിരുന്നു രൂക്ഷ വിമർശനം നടത്തിയത്
പാകിസ്താനെതിരെ ആഞ്ഞടിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. രാജ്യം തീവ്രവാദം അവസാനിപ്പിക്കണമെന്നും ഇതിനായി അതിർത്തി കടക്കാനും ഇന്ത്യ മടിക്കില്ലെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി. പാകിസ്താനുമായി നല്ല ബന്ധമായിരുന്നെങ്കിൽ ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ടിൽ നിന്ന് കൊടുത്തതിനേക്കാൾ പണം നൽകുമായിരുന്നെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ജമ്മു കശ്മീരിലെ ബന്ദിപ്പോർ മേഖലയിലെ ഗുരേസിൽ നടന്ന ഒരു പൊതു റാലിയിലാണ് രാജ്‌നാഥ് സിങ്ങിൻ്റെ പ്രതികരണം.
കശ്മീരിൽ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ച് വിവധ ഏജൻസികൾ അന്വേഷിച്ചപ്പോഴെല്ലാം പാകിസ്താൻ അതിൽ പങ്കാളിയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. ഇന്ത്യയിലെ എല്ലാ സർക്കാരുകളും പാക്കിസ്താനോട് അവരുടെ തീവ്രവാദ ക്യാമ്പുകൾ അടച്ചുപൂട്ടാൻ പറഞ്ഞിട്ടുണ്ട്. പക്ഷെ, പാകിസ്താൻ അത് ചെയ്യുന്നില്ല. ഇത് ഒരു പുതിയ ഇന്ത്യയാണെന്ന് പാകിസ്താൻ മറക്കരുതെന്നും തീവ്രവാദത്തിനെതിരെ പോരാടാൻ ഞങ്ങൾ തയ്യാറാണെന്നും രാജ്‌നാഥ് സിങ് ഉറപ്പിച്ച് പറഞ്ഞു. ആവശ്യമെങ്കിൽ അതിർത്തി കടന്നും ആക്രമിക്കുമെന്നായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രസ്താവന.
ഒപ്പം കശ്മീർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാമർശങ്ങളും മന്ത്രി നടത്തി. "മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി മുൻപ് പറഞ്ഞത് പോലെ, ഇൻസാനിയത്തും( ജനാധിപത്യം), ജമുഹ്‌റിയത്തും (മനുഷ്യത്വം), കശ്മീരിയത്തും (കശ്മീരിൻ്റെ ഐക്യം) ഒന്നിക്കുമ്പോൾ കാശ്മീർ വീണ്ടുമൊരു സ്വർഗമാകും. ഇത് തടയാൻ ആർക്കും കഴിയില്ല. ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പ് കേവലം ഒരു സാധാരണ തെരഞ്ഞെടുപ്പല്ല, അത് ഇന്ത്യയുടെ ജനാധിപത്യത്തിൻ്റെയും ശക്തിയുടെയും പ്രകടനമാണ്. കശ്മീരിൽ വോട്ട് ചെയ്യാത്ത ഒരു വ്യക്തി പോലും ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കാൻ ആഗ്രഹിക്കുന്നു," രാജ്‌നാഥ് സിങ് പറഞ്ഞു.
അതേസമയം പ്രത്യേക പദവി തിരികെ കൊണ്ടുവന്ന് കശ്മീരിൽ ഹിതപരിശോധന നടത്തണമെന്നായിരുന്നു പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ഐക്യരാഷ്ട്ര സഭയിലെ പ്രസംഗത്തിനിടെ ഉയർത്തിയ ആവശ്യം. കശ്മീർ വിഷയത്തിൽ ഇന്ത്യ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് പറഞ്ഞ ഷെരീഫ്, ഹിസ്ബുൾ മുജാഹിദീൻ ഭീകരവാദി ബുർഹാൻ വാനിയെ ന്യായീകരിക്കുകയും ചെയ്തു.
ALSO READ: "പ്രധാനമന്ത്രിയുടെ പ്രസംഗം പരിഹാസ്യം"; യുഎൻ ജനറൽ അസംബ്ലിയിൽ പാകിസ്താന് ശക്തമായ മറുപടി നൽകി ഇന്ത്യ
ഇതിനെതിരെ ഐക്യരാഷ്ട്ര സഭ ഇന്ത്യൻ പ്രതിനിധി ഭാവിക മംഗളാനന്ദനും പാകിസ്താന് ശക്തമായ മറുപടി നൽകിയിരുന്നു. ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ ആദ്യ സെക്രട്ടറിയായ ഭവിക മംഗളാനന്ദൻ, അതിർത്തി കടന്നുള്ള ഭീകരതയെ ഒരു ഭരണകൂട നയമായി ഉപയോഗിച്ച പാക് ചരിത്രം വിവരിച്ചായിരുന്നു രൂക്ഷ വിമർശനം നടത്തിയത്. ലോകമെമ്പാടുമുള്ള നിരവധി ഭീകരാക്രമണങ്ങളിലും പാകിസ്താൻ്റെ കയ്യൊപ്പുണ്ടെന്നും ഭവിക പരിഹസിച്ചു. പാക് പ്രധാനമന്ത്രിയുടെ പ്രസംഗം പരിഹാസ്യമാണെന്നായിരുന്നു ഇന്ത്യയുടെ പക്ഷം. പാകിസ്താന്‍ ഭീകരരെ ഉപയോഗിച്ച് നിഴൽ യുദ്ധം നടത്തുകയാണെന്നും ഭാവിക ചൂണ്ടിക്കാട്ടി.