മൂന്നാം റൗണ്ട് വോട്ടെണ്ണൽ മുതൽ പ്രതീക്ഷിച്ച പോലെ തന്നെ ബിജെപിയെ യുഡിഎഫ് പിടിച്ചുകെട്ടുന്നതാണ് കാണാനായത്
പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ ഷാഫി പറമ്പിൽ നേടിയ ഭൂരിപക്ഷത്തേക്കാൾ മികച്ച വിജയം നേടി യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. ഉച്ചയ്ക്ക് ഒരു മണിയോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അന്തിമ ഫലം വരുമ്പോൾ 18,724 വോട്ടുകൾക്കാണ് രാഹുൽ നിയമസഭാ ടിക്കറ്റ് ഉറപ്പിച്ചത്. ഒന്നാം സ്ഥാനത്തെത്തിയ രാഹുൽ മാങ്കൂട്ടത്തിലിന് 57,912 വോട്ടുകളും, രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയുടെ സി. കൃഷ്ണകുമാറിന് 39,243 വോട്ടുകളും ലഭിച്ചു. എൽഡിഎഫ് സ്ഥാനാർഥി പി. സരിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിൽ നിന്നും ഇടതു പാളയത്തിലേക്ക് ചേക്കേറിയ സരിന് 37,046 വോട്ടുകളാണ് ലഭിച്ചത്.
രാവിലെ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ മുതൽ ബിജെപി സ്ഥാനാർഥി കനത്ത വെല്ലുവിളിയാണ് മറ്റുള്ളവർക്ക് ഉയർത്തിയത്. എന്നാൽ വോട്ടെണ്ണൽ മൂന്നാം റൗണ്ടിലേക്ക് കടന്നതോടെ യുഡിഎഫ് കരുത്തുകാട്ടി തുടങ്ങി. ആദ്യ രണ്ട് റൗണ്ട് വോട്ടെണ്ണിയപ്പോൾ ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാറിനായിരുന്നു ലീഡ്. എന്നാൽ മൂന്നാം റൗണ്ട് മുതൽ യുഡിഎഫിൻ്റെ തിരിച്ചുവരവ് പ്രകടമായി തുടങ്ങി.
രാവിലെ ഒമ്പതരയോടെയാണ് പാലക്കാട് മൂന്നാം റൗണ്ട് വോട്ടുകൾ എണ്ണിത്തുടങ്ങിയത്. അവിടെ മുതൽ ബിജെപിക്ക് കാലിടറി തുടങ്ങിയിരുന്നു. കൽപ്പാത്തിയിലും പാലക്കാടൻ നഗര മേഖലകളിലും ബിജെപി സ്ഥാനാർഥിക്ക് പ്രതീക്ഷിച്ചത്ര മുന്നേറ്റമുണ്ടാക്കാനായില്ല. അതുവരെ ആയിരത്തോളം വോട്ടുകൾക്ക് മുന്നിലായിരുന്ന കൃഷ്ണകുമാറിൻ്റെ ലീഡ് പതിയെ താഴേക്കു വീഴുകയും, യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ 850ന് മുകളിൽ ലീഡ് സ്വന്തമാക്കുകയും ചെയ്തു.
നാലാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 1418 ആയി രാഹുൽ മാങ്കൂട്ടത്തിൽ ലീഡ് ഉയർത്തി. എന്നാൽ അഞ്ചാം റൗണ്ട് വോട്ടെണ്ണൽ ആരംഭിച്ചതും ബിജെപി ലീഡ് തിരിച്ചുപിടിച്ചു. 973 വോട്ടുകൾക്ക് സി. കൃഷ്ണകുമാർ മുന്നിലെത്തി. രാവിലെ 11 മണിയോടെ ആറാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 359 വോട്ടുകളുടെ ലീഡ് മാത്രമുണ്ടായിരുന്ന ബിജെപി സ്ഥാനാർഥി വീണ്ടും താഴേക്കു പോയി. യുഡിഎഫ് സ്ഥാനാർഥി രാഹുൽ 1315 വോട്ടുകളുടെ ലീഡ് പിടിച്ചു.
ഏഴാം റൗണ്ടിൽ കുന്നത്തൂരിൽ മാത്രം എൽഡിഎഫ് രണ്ടാം സ്ഥാനത്തെത്തി. ഈ ബൂത്തിൽ ബിജെപി സ്ഥാനാർഥി മൂന്നാം സ്ഥാനക്കാരായി. പിനാഗിരി, മലമ്പുഴ എന്നിവിടങ്ങളിൽ ബിജെപിക്ക് പ്രതീക്ഷിച്ച വോട്ടുകൾ ലഭിച്ചില്ല. ഇവിടങ്ങളിൽ യുഡിഎഫ് സ്ഥാനാർഥി 7, 8 റൗണ്ടുകളിലെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ലീഡ് 4980 ആയി ഉയർന്നു. ഈ റൗണ്ടുകളിൽ അതാത് ബൂത്തുകളിൽ ബിജെപിയുടെ കൃഷ്ണകുമാറിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ രണ്ടാം സ്ഥാനത്തെത്തി. ഇക്കുറി പാലക്കാട് എൽഡിഎഫിൻ്റെ വോട്ട് ഷെയർ ഇരട്ടിയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഉച്ചയ്ക്ക് 12 മണിയോടടുത്ത് പിനാഗിരിയിലെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ യുഡിഎഫ് സ്ഥാനാർഥിയുടെ ലീഡ് പതിനായിരം പിന്നിട്ടിരുന്നു. ഒടുവിൽ പതിനാറായിരം എന്ന മാർജിനും പിന്നിട്ടു രാഹുൽ പോരാട്ടം അവസാനിപ്പിച്ചു.
ALSO READ: KERALA BYPOLL RESULTS| വയനാട്ടിൽ പ്രിയങ്ക ബഹുദൂരം മുന്നിൽ
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർഥിയായ ഷാഫി പറമ്പിലിന് 53,080 വോട്ടുകളാണ് ലഭിച്ചത്. ആകെ പോൾ ചെയ്ത വോട്ടുകളുടെ 38.06 ശതമാനം വോട്ടുകളാണ് ഷാഫിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാർഥി ഇ. ശ്രീധരന് 49,155 (35.34%) വോട്ടുകളാണ് ആകെ ലഭിച്ചത്. മൂന്നാം സ്ഥാനത്തെത്തിയ സിപിഎം സ്ഥാനാർഥി അഡ്വ. സി.പി. പ്രമോദിന് 35,622 (25.64%) വോട്ടുകളാണ് ലഭിച്ചത്.