
പാരീസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ. സ്വപ്നിൽ കുസാലെയാണ് 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻസിന്‍റെ ഫൈനലിൽ വെങ്കലം സ്വന്തമാക്കിയത്. 451.4 പോയിൻ്റുമായിട്ടാണ് മൂന്നാം സ്ഥാനത്തെത്തിയത്. ഇതോടെ പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ഇനത്തിൽ ഒളിംപിക്‌സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ഷൂട്ടർ എന്ന നേട്ടം സ്വപ്‌നിൽ സ്വന്തമാക്കി.
ഒരു ഒളിംപിക്‌സിൻ്റെ ഒരു പതിപ്പിൽ ഇന്ത്യൻ ഷൂട്ടിംഗ് ടീം മൂന്ന് മെഡലുകൾ നേടുന്നതും ഇതാദ്യമാണ്. 463.6 പോയൻ്റോടെ ചൈനയുടെ യുകുൻ ലിയു സ്വർണവും 461.3 പോയൻ്റോടെ യുക്രൈനിൻ്റെ സെർഹി കുലിഷ് വെള്ളിയും നടി.
നേരത്തെ മനു ഭാകറിലൂടെയാണ് ഇന്ത്യ ഒളിംപ്കിസ് മെഡൽ പട്ടികയിൽ ഇടംപിടിച്ചത്. ഇതിനു പിന്നാലെ സരബ്ജോത് സിങ്ങുമായി ചേർന്ന് മിക്സഡ് ടീം ഇനത്തിലും മനു വെങ്കലം നേടിയിരുന്നു. ഇതോടെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഒളിംപ്ക്സിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും മനു സ്വന്തമാക്കി.