സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സർക്കാർ സ്കൂളും പട്ടം ഗേൾസാണ്
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സർക്കാർ സ്കൂളുകൾക്ക് അഭിമാനമായി തിരുവനന്തപുരം പട്ടം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. 12 ഗ്രൂപ്പ് ഇനങ്ങളിൽ ഉൾപ്പെടെ 120 വിദ്യാർഥിനികളാണ് ഇക്കുറി വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സർക്കാർ സ്കൂളും പട്ടം ഗേൾസാണ്.
കലോത്സവത്തിൽ ഇത്തവണ പുതുതായി ഉൾപ്പെടുത്തിയ അഞ്ച് ഗോത്രയിനങ്ങളിൽ മൂന്നെണ്ണത്തിലും സംസ്ഥാന തലത്തിൽ മത്സരിക്കുന്ന സർക്കാർ സ്കൂൾ, അതാണ് പട്ടം ഗേൾസ് സെക്കൻഡറി സ്കൂൾ. ഇരുള നൃത്തം, പണിയ നൃത്തം, മലപ്പുലയാട്ടം എന്നിവയിലാണ് ആറ് ടീമുകൾ മത്സരിക്കുന്നത്. മൂന്ന് ഗോത്ര ഇനങ്ങൾക്ക് പുറമേ മൂകാഭിനയം, കഥാപ്രസംഗം, നാടൻ പാട്ട്, ചവിട്ടുനാടകം, മാർഗംകളി ഉൾപ്പെടെ എട്ട് ഇനങ്ങളിലാണ് ഹയർ സെക്കൻഡറിയിലെ വിദ്യാർഥിനികൾ മത്സരിക്കുന്നത്.
ALSO READ: കലാപ്രതിഭകളുടെ സംഗമം ഇനി തലസ്ഥാനത്ത്; സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരി തെളിയും
ഹയർസെക്കൻഡറി വിഭാഗത്തിൽ എട്ട് ടീമുകളും ഹൈസ്കൂൾ വിഭാഗത്തിൽ നാല് ടീമുകളും ഉൾപ്പെടെ 12 ടീമിനങ്ങളിൽ കുട്ടികൾ മത്സരിക്കുന്നുണ്ട്. നാലുമാസത്തോളമുള്ള കഠിന പരിശീലനത്തിനു ശേഷമാണ് വിദ്യാർഥിനികൾ വേദിയിലേക്ക് എത്തുന്നത്. കുട്ടികൾക്ക് പിന്തുണയുമായി അധ്യാപകരും രക്ഷിതാക്കളും ഒപ്പമുണ്ട്. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന സ്വകാര്യ സ്കൂളുകളോട് പടവെട്ടി കിരീടം നേടാൻ കഴിയുമെന്ന് ആത്മവിശ്വാസത്തിലാണ് ഈ കുട്ടികൾ.