ആറ് വര്‍ഷം മുന്‍പ് പ്രളയത്തില്‍ തകര്‍ന്ന നിലമ്പൂര്‍ നെടുങ്കയം വനത്തിലെ മുണ്ടക്കടവ് ആദിവാസി നഗറിലെ 27 കുടുംബങ്ങളുടെ ജീവിതമിപ്പോള്‍ നാടോടികളെപ്പോലെയാണ്
2018ലെ പ്രളയത്തില്‍ എല്ലാം നഷ്ടമായ മലപ്പുറം നെടുങ്കയം വനത്തിനുള്ളിലെ ആദിവാസി കുടുംബങ്ങളുടെ ജീവിതം ഇന്നും ദുരിതത്തിൽ. പ്രളയത്തില്‍ തകര്‍ന്ന വീടിനു പകരം പുതിയ വീടും ഭൂമിയും കിട്ടാതായതോടെ താല്‍ക്കാലികമായി വലിച്ചു കെട്ടിയ ഷീറ്റിനു ചുവട്ടിൽ ജീവിക്കേണ്ട ഗതികേടിലാണ് ഈ കുടുംബങ്ങള്‍.
ALSO READ: ചൂരൽമല ദുരന്തം: റിപ്പോർട്ട് സമർപ്പിച്ച് വിദഗ്ധ സംഘം; പുനരധിവാസത്തിനായി അഞ്ച് സ്ഥലങ്ങള്‍
ആറ് വര്‍ഷം മുന്‍പ് പ്രളയത്തില്‍ തകര്‍ന്ന നിലമ്പൂര്‍ നെടുങ്കയം വനത്തിലെ മുണ്ടക്കടവ് ആദിവാസി നഗറിലെ 27 കുടുംബങ്ങളുടെ ജീവിതമിപ്പോള്‍ നാടോടികളെപ്പോലെയാണ്. കാലാവസ്ഥക്കനുസരിച്ച് വനത്തിനുളളില്‍ പല ഭാഗങ്ങളിലേക്ക് കുടിലുകള്‍ കെട്ടി മാറി മാറി താമസിക്കേണ്ട ഗതികേടിലാണിവർ.
പ്രളയത്തിനു ശേഷം കുറെനാൾ ക്യാമ്പിലായിരുന്നു മുണ്ടക്കടവുകാരുടെ ജീവിതം. ശേഷം മുണ്ടക്കടവിലേക്ക് തിരിച്ചെത്തിയെങ്കിലും കാര്യങ്ങളൊന്നും പഴയത് പോലെയായില്ല.
27 കുടുംബങ്ങളിലായി സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉൾപ്പെടെ 150 പേരാണ് കാടിനകത്ത് ദുരത ജീവിതം നയിക്കുന്നത്. കാട്ടുമരങ്ങളുടെ കമ്പുകളിൽ വലിച്ചുകെട്ടിയ കീറിയ പ്ലാസ്റ്റിക് ഷീറ്റുകൾക്ക് താഴെയാണ് കുട്ടികളും സ്ത്രീകളുമടങ്ങുന്നവർ താമസിക്കുന്നത്. ഒരു വൈദ്യുതി വേലിയുടെ സുരക്ഷ പോലുമില്ലാതെയാണ് വനത്തിന്‍റെ കനത്ത ഇരുട്ടില്‍, വന്യമൃഗങ്ങളില്‍ നിന്നുള്ള ആക്രമണ ഭീതിയില്‍ കുട്ടികളുമായുള്ള ഇവരുടെ അന്തിയുറക്കം. സ്വന്തമായി ഭൂമിയില്ലാത്തതുകൊണ്ട് അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ ഇവർക്കില്ല. എന്നെങ്കിലും അധികൃതരുടെ ശ്രദ്ധ ലഭിക്കും എന്ന പ്രതീക്ഷയിലാണ് ഇവരുടെ ജീവിതം.