ശൗര്യ എയർലൈൻസിൻ്റെ വിമാനമാണ് ഇന്ന് രാവിലെ 11 മണിയോടെ അപകടത്തിൽപ്പെട്ടത്
അപകടത്തിൽ തകർന്ന വിമാനം - PHOTO - X/JacdecNew
നേപ്പാളിൽ ടേക്ക് ഓഫിനിടെ വിമാനം തകർന്ന് 18 മരണം. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആണ് അപകടം ഉണ്ടായത്. ശൗര്യ എയർലൈൻസിൻ്റെ വിമാനമാണ് ഇന്ന് രാവിലെ 11 മണിയോടെ അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. എയർക്രൂമാരടക്കം 19 പേരാണ് അപകടസമയം വിമാനത്തിൽ ഉണ്ടായിരുന്നത്. പരുക്കേറ്റ പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.
ടേക്ക് ഓഫിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി തകർന്നുവീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടമുണ്ടായ ഉടൻ തന്നെ വിമാനത്തിന് തീപിടിക്കുകയും ചെയ്തു. സ്ഥലത്ത് പൊലീസിന്റെയും ഫയർഫോഴ്‌സിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ടിഐഎ വക്താവ് പ്രേംനാഥ് താക്കൂർ അറിയിച്ചു. 50 യാത്രക്കാരെ ഉൾകൊള്ളാൻ കഴിയുന്ന മൂന്ന് വിമാനങ്ങൾ മാത്രമുള്ള ഒരു ആഭ്യന്തര വിമാനക്കമ്പനിയാണ് ശൗര്യ എയർലൈൻസ്.