ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചു കയറ്റിയ സംഭവത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്
അമേരിക്ക ന്യൂ ഓർലിയൻസിൽ പുതുവത്സരാഘോഷത്തിനിടെ നടന്ന ഭീകരാക്രമണത്തിൽ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിൽ പങ്കുവെച്ച പോസ്റ്റ് വഴിയായിരുന്നു മോദിയുടെ പ്രസ്താവന. ആക്രമണം ഭീരുത്വമാണെന്നും ആക്രമണത്തിന് ഇരയായവർക്ക് വേണ്ടി പ്രാർഥിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചു കയറ്റിയ സംഭവത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്.
"ന്യൂ ഓർലിയാൻസിൽ നടന്ന ഭീരുത്വം നിറഞ്ഞ ഭീകരാക്രമണത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഞങ്ങളുടെ ചിന്തകളും പ്രാര്‍ഥനകളും ആക്രമണത്തിന് ഇരയായവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒപ്പമാണ്. ഈ ദുരന്തത്തില്‍ നിന്ന് അവര്‍ കരകയറട്ടെ, അവര്‍ക്ക് ശക്തിയും ആശ്വാസവും ലഭിക്കട്ടെ,"-മോദി എക്‌സിൽ കുറിച്ചു.
പുതുവത്സര ദിനത്തിൽ അതിരാവിലെയാണ് ന്യൂ ഓർലിയാൻസിൽ ഭീകരാക്രമണമുണ്ടായത്. 42 കാരനായ ഷംസൂദ് ദിൻ ജബ്ബാർ ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. പൊലീസുമായുണ്ടായ വെടിവെപ്പിൽ ഇയാൾ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. ആക്രമണം നടത്തുമ്പോൾ ജബ്ബാർ ശരീര കവചം ധരിച്ചിരുന്നു. ഇയാളുടെ വാടകയ്‌ക്കെടുത്തതെന്ന് കരുതപ്പെടുന്ന വാഹനത്തിൽ കറുത്ത കൊടി കെട്ടിയിരുന്നു. എന്നാൽ ഈ പതാക ഏത് സംഘടനയെയാണ് പ്രതിനിധീകരിക്കുന്നതെന്ന് വ്യക്തമല്ല.
ന്യൂ ഓർലിയൻസിലെ വിനോദ സഞ്ചാര മേഖലയായ ബേർബൺ തെരുവിലായിരുന്നു സംഭവം. ആക്രമണത്തിൽ 10 പേർ കൊല്ലപ്പെടുകയും 30ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സംഭവത്തെ 'തീവ്രവാദി ആക്രമണം' എന്നാണ് ന്യൂ ഓർലിയൻസ് മേയർ കാൻട്രൽ വിശേഷിപ്പിച്ചത്. ആൾക്കൂട്ടത്തിനിടയിലേക്ക് കാറിടിച്ചു കയറ്റിയ ശേഷം ഡ്രൈവർ വെടിയുതിർത്തെന്നാണ് റിപ്പോർട്ടുകൾ. വെടിവെപ്പിൽ രണ്ട് പൊലീസുകാർക്കും പരുക്കേറ്റു. ഇവരുടെ നില ഗുരുതരമല്ലെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട്. സംഭവസ്ഥലത്ത് നിന്ന് സ്‌ഫോടകവസ്തു എന്ന് സംശയിക്കുന്ന വസ്തു കണ്ടെത്തിയതായും ഇതിനെപ്പറ്റി അന്വേഷിച്ചുവരികയാണെന്നും എഫ്ബിഐ ഉദ്യോഗസ്ഥർ പറഞ്ഞു.
ALSO READ: ന്യൂ ഓർലിയൻസ് ഭീകരാക്രമണം: പ്രതി ഷംസൂദിൻ്റെ ആക്രമണം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ട ശേഷം
ന്യൂ ഓർലിയൻസിൽ ഉണ്ടായ ഭീകരാക്രമണം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പ്രതി സോഷ്യൽമീഡിയയിൽ ആക്രമണ സ്വഭാവമുള്ള വീഡിയോ പങ്കുവച്ചുവെന്ന കണ്ടെത്തൽ പുറത്തുവന്നിരുന്നു. ഈ വിവരം എഫ്ബിഐ സ്ഥിരീകരിച്ചതായി യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ വ്യക്തമാക്കി. ആൾക്കാരെ കൊല്ലാനുള്ള ആഗ്രഹം പ്രകടമാക്കുന്ന വീഡിയോകളാണ് പ്രതി സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചത്.