എൻ ഗ്രീൻ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമയ്ക്കെതിരെയാണ് കേസ്
ഇടുക്കിയിൽ ഏലയ്ക്കാ വ്യാപാരത്തിന്റെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ എൻ ഗ്രീൻ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമയ്ക്കെതിരെ പോലീസ് കേസ്. പാലക്കാട് കരിമ്പ സ്വദേശി മുഹമ്മദ് നസീറിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ടൺ കണക്കിന് ഏലയ്ക്ക വാങ്ങിയതിനു പണം നൽകിയില്ലെന്ന നിരവധി കർഷകരുടെ പരാതിയിന്മേലാണ് കേസ്.
ഇടുക്കി ജില്ലയിലെ പാറത്തോട്, കൊമ്പൊടിഞ്ഞാൽ, പണിക്കൻകുടി, മുനിയറ, രാജാക്കാട്, ബൈസൺവാലി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും നിരവധിപേരാണ് വഞ്ചിക്കപ്പെട്ടെന്ന പരാതിയുമായി രംഗത്തെത്തിയത്. കർഷകരിൽ നിന്ന് ഏലയ്ക്കാ വാങ്ങി വിപണി വിലയെക്കാളും 500 മുതൽ 1000 രൂപ വരെ അധികം നൽകുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ആയിരത്തോളം കർഷകരിൽനിന്ന് ടൺ കണക്കിന് ഏലയ്ക്ക ഇയാൾ കടത്തിയെന്നും ഒരു രൂപ പോലും ലഭിച്ചില്ലെന്നുമാണ് കർഷകർ ഉന്നയിക്കുന്നത്.
2023 ഒക്ടോബർ മുതൽ കൊന്നത്തടി പഞ്ചായത്തിലെ കൊമ്പൊടിഞ്ഞാൽ കേന്ദ്രീകരിച്ച് ആരംഭിച്ച എൻ ഗ്രീൻ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വഴിയാണ് ഇയാൾ ഏലയ്ക്ക ശേഖരിച്ചത്. ജൂൺ 19നു ശേഷം കർഷകർക്ക് പണം ലഭിചിട്ടില്ല. 50000 രൂപ മുതൽ ഒരു കോടി രൂപവരെ ലഭിക്കാനുള്ളവർ കൂട്ടത്തിലുണ്ട്. പ്രദേശത്തുള്ള മറ്റ് കർഷകരെ ഇയാൾക്ക് പരിചയപ്പെടുത്തി വെട്ടിലായ കർഷകരും നിരവധിയാണ്.
പണം നഷ്ടപ്പെട്ട നിരവധി പേർ ഇടുക്കി എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. അടിമാലി പൊലീസ് സ്റ്റേഷനിൽ മാത്രം 27 പേരാണ് പരാതി നൽകിയത്. വെള്ളത്തൂവൽ പൊലീസിലും പരാതികളുടെ പ്രവാഹമാണ്. നിയമ നടപടിയിലേക്ക് നീങ്ങിയാൽ ലഭിക്കേണ്ട പണം നഷ്ടപ്പെടുമോ എന്ന ഭയത്താൽ പല കർഷകരും പരാതിപ്പെടാൻ ഭയക്കുന്നുവെന്നും പൊലീസ് പറയുന്നു.