തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം സിനിമാ ക്ലൈമാക്സുകളെ വെല്ലുന്ന നീണ്ട സംഭവവികാസങ്ങളാണ് കേരളത്തിൽ ഉണ്ടായത്
ചരിത്രത്തിൽ ഇതുവരെ കാണാത്ത വിധത്തിലുള്ള രാഷ്ട്രീയ നാടകങ്ങള്‍ക്കാണ് ഇത്തവണത്തെ പാലക്കാട്ടെ തെരഞ്ഞെടുപ്പ് കാലം സാക്ഷ്യം വഹിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം സിനിമാ ക്ലൈമാക്സുകളെ വെല്ലുന്ന നീണ്ട സംഭവവികാസങ്ങളാണ് കേരള രാഷ്ട്രീയത്തിലുണ്ടായത്. സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷമാണ് മുന്നണികളിൽ ചില അസ്വാരസ്യങ്ങൾ ഉടലെടുത്തത്. പക്ഷെ തെരഞ്ഞെടുപ്പിന് മുന്നേ ഉണ്ടായ ചില സംഭവ വികാസങ്ങളും തെരഞ്ഞെടുപ്പിൻ്റെ സമയത്ത് ഉയർന്നു വന്നിരുന്നു.
പി.വി. അൻ'വാർ'
തെരഞ്ഞെടുപ്പ് തിരക്കുകളിലേക്ക് കേരളം കടക്കുന്നതിനു മുമ്പ് തന്നെ പി.വി അൻവർ എംഎൽഎ ബോംബ് പൊട്ടിച്ചു തുടങ്ങി. മുഖ്യമന്ത്രിയെ പിതാവിനെ പോലെ കാണുന്നുവെന്ന് നാഴികയ്ക്ക് നാൽപ്പതു വട്ടം പറഞ്ഞു നടന്ന അൻവറിൻ്റെ വാക്കുകൾ തിരിച്ചു കൊത്താൻ തുടങ്ങിയപ്പോൾ 'അയാള് വന്ന പാർട്ടി പശ്ചാത്തലത്തമാണിതിന്' കാരണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പക്ഷം.
കോളിളക്കം സൃഷ്ടിച്ചു കൊണ്ടുള്ള ആരോപണങ്ങൾക്ക് പിന്നാലെ ഇടതുപക്ഷവുമായി പിണങ്ങി പോയ അൻവറിനെ പിന്നെ ജനങ്ങൾ കണ്ടത് ഡിഎംകെ എന്ന പാർട്ടി രൂപീകരണത്തിന് ശേഷമാണ്. സിപിഎം പിന്തുണ പിൻവലിച്ച പി.വി. അൻവറിനു മുന്നിൽ രണ്ടു വഴികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്നുകിൽ കോൺഗ്രസിനെ പിന്തുണയ്ക്കണം,അല്ലെങ്കിൽ മൂന്ന് മുന്നണികളോടും മത്സരിച്ച് കരുത്ത് തെളിയിക്കണം. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ മത്സര രംഗത്തിറക്കിയിട്ടും, ചിത്രത്തിൽ എവിടെയും ഡിഎംകെയെ കണ്ടുപോലുമില്ലെന്നതും ശ്രദ്ധേയമാണ്.
സരിൻ 'സഖാവ്' സരിൻ ആകുന്നു
സ്ഥാനാർഥി പ്രഖ്യാപനത്തിൽ ഏറ്റവും ചർച്ചയായ വിഷയങ്ങളിൽ ഒന്നായിരുന്നു സരിൻ്റെ സ്ഥാനാർഥിത്വം. പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ ഏകപക്ഷീയമായി തെരഞ്ഞടുക്കുകയായിരുന്നുവെന്നും, ഈ തീരുമാനം പാർട്ടി പുനഃപരിശോധിക്കണമെന്നുമായിരുന്നു, സരിൻ്റെ ആവശ്യം. ആവശ്യമുന്നയിച്ചതിന് നേതൃത്വം ഒരു വിലയും കൽപ്പിക്കുന്നില്ലെന്നു കണ്ട സരിൻ കോൺഗ്രസ് വിട്ടു.
എവിടെ ചേർന്നു നിൽക്കണമെന്ന ബോധ്യം ഉണ്ടെന്ന് പ്രഖ്യാപിച്ച സരിൻ, അങ്ങനെ സഖാവ് സരിനായി. ഔദ്യോഗികമായി സ്വീകരിച്ചതിന് പിന്നാലെ പാലക്കാട്ടെ ഇടതുപക്ഷ സ്ഥാനാർഥിയായെന്ന ചുമതല പാർട്ടി അയാളെ ഏൽപ്പിച്ചു. വലിയ പ്രതീക്ഷകളോടെ സ്ഥാനാർഥിയായി അവതരിപ്പിക്കപ്പെട്ടിട്ടും, പാലക്കാടൻ മണ്ണിൽ തേരോട്ടം നടത്താൻ ഇടതുപക്ഷത്തിന് സാധിച്ചില്ല. വീണ്ടും പാലക്കാടൻ ജനത ഇടതുപക്ഷത്തെ മൂന്നാംസ്ഥാനത്തേക്ക് തന്നെ തട്ടിമാറ്റി.
സുരേന്ദ്രനോ.? ശോഭാ സുരേന്ദ്രനോ..?
ബിജെപിയിലും പൊട്ടിത്തെറികൾക്ക് തുടക്കം കുറിച്ചത് സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ തന്നെയാണ്. ശോഭ സുരേന്ദ്രനായിരിക്കും, പാലക്കാട്ടെ ബിജെപി സ്ഥാനാർഥി എന്ന കരുതിയ അണികൾക്ക് മുന്നിലേക്ക് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ്റെ പേര് ഉയർന്നുവന്നു. എന്നാൽ പ്രഖ്യാപനത്തിൻ്റെ അവസാന ഘട്ടത്തിൽ നറുക്ക് സി.കൃഷ്‌ണകുമാറിന് വീണു. ഊഴം കാത്തിരുന്ന പ്രമുഖരായ രണ്ട് സ്ഥാനാർഥിയെ മാറ്റി ക്ലൈമാക്സിൽ സി.കൃഷ്ണകുമാറിൻ്റെ രംഗപ്രവേശനം. പരസ്യമായ പോരിന് ഇറങ്ങിയില്ലെങ്കിലും, ആശയപരമായ പൊരുത്തക്കേടുകൾ ശോഭാ സുരേന്ദ്രൻ്റെയും കെ.സുരേന്ദ്രൻ്റെയും ഇടയിൽ നിലനിന്നു. എന്നാൽ ശോഭ സുരേന്ദ്രൻ vs കെ. സുരേന്ദ്രൻ ചർച്ചകൾ മാധ്യമസൃഷ്ടിയാണെന്ന് പറഞ്ഞു കൊണ്ടാണ് കെ. സുരേന്ദ്രൻ ഇതിനെ പ്രതിരോധിച്ചത്. എന്തൊക്കെ പറഞ്ഞാലും പാലക്കാട് ഒന്നാമതെത്താനുള്ള ബിജെപിയുടെ ശ്രമം പാഴ് ശ്രമമായി. പാലക്കാട് ഇത്തവണയും കോൺഗ്രസിനെ ജയിപ്പിച്ചു. താമരയ്ക്ക് രണ്ടാം സ്ഥാനത്ത് തുടരേണ്ടി വന്നു.
പാലക്കാട്ടെ സ്ഥാനാർഥി കെ. മുരളീധരനോ?
കോൺഗ്രസ് സ്ഥാനാർഥിയായി കെ.മുരളീധരനെ തീരുമാനിക്കുന്നുവെന്ന വാർത്ത പുറംലോകം അറിഞ്ഞതിൽ പിന്നെ കോൺഗ്രസിലും ചില അപസ്വരങ്ങൾ ഉയർന്നുവന്നു. തെരഞ്ഞെടുപ്പിൻ്റെ ചൂടേറിയ ചർച്ചയ്ക്ക് മുരളീധരൻ്റെ സ്ഥാനാർഥിത്വവും ഭാഗമായി. കെ.മുരളീധരനെ സ്ഥാനാർഥിയാക്കാൻ പാലക്കാട് ഡിസിസി ആവശ്യപ്പെട്ടു എന്ന് വ്യക്തമാക്കുന്ന കത്താണ് വിവാദങ്ങൾക്ക് തിരി കൊളുത്തിയത്. തൻ്റെ പേര് നിർദേശിച്ച കാര്യം അന്നേ അറിഞ്ഞിരുന്നുവെന്ന മുരളീധരൻ വെളിപ്പെടുത്തൽ നടത്തി. ഹൈക്കമാൻഡിൻ്റെ തീരുമാനത്തിന് ബദലായി ഒരു ചർച്ചയ്ക്കും സാധ്യതയില്ലെന്നും പറഞ്ഞു കൊണ്ട് മുരളീധരൻ വിവാദങ്ങളെ തണുപ്പിച്ചു.
കൊടകരയിൽ മുങ്ങി ബിജെപി
വിവാദങ്ങൾ ഒന്നൊഴിഞ്ഞു വരുമ്പോഴെക്കും ബിജെപിയിൽ അടുത്ത ടേം വിവാദങ്ങൾക്ക് തുടക്കമായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് കുഴല്‍പ്പണം എത്തിച്ചതെന്ന ബിജെപിയുടെ മുന്‍ ഓഫീസ് സെക്രട്ടറി എന്‍.തിരൂര്‍ സതീശിൻ്റെ വെളിപ്പെടുത്തലാണ് ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയത്. ബിജെപി പതിവ് തന്ത്രങ്ങൾ നികത്തി തലയൂരാനുള്ള ശ്രമങ്ങൾ നടത്തി. എന്നാൽ ഈ വാദങ്ങളെ തള്ളിക്കൊണ്ട് തിരൂർ സതീശ് വീണ്ടും രംഗത്തെത്തി.എന്നാലും തെരഞ്ഞെടുപ്പിൽ കൊടകര വിവാദം ചർച്ചാ വിഷയമായി മാറിയ ഒന്നാണ്.
നീലപ്പെട്ടിയും പാതിരാ റെയ്‌ഡും
തെരഞ്ഞടുപ്പ് പ്രചരണരംഗം ചൂട് പിടിക്കുന്ന സമയത്താണ് നീലപ്പെട്ടിയും പാതിരാ റെയ്‌ഡും ചേർന്ന് പാലക്കാട് കോൺഗ്രസിലെ ട്രോളി ബാഗ് വിവാദം ഉയരുന്നത്. പാർട്ടി പ്രചരണ രംഗത്തിനെത്തി നേതാക്കൾ താമസിച്ചിരുന്ന കെപിഎം ഹോട്ടലിൽ പൊലീസ് റെയ്ഡ് നടത്തിയത്. കോൺഗ്രസ് നേതാക്കളുടെ മുറികളിൽ പരിശോധന നടത്തിയതല്ല, മറിച്ച് വനിതാ പൊലീസിൻ്റെ സാന്നിധ്യമില്ലാതെ വനിതാ നേതാക്കളുടെ മുറികളിൽ പരിശോധന നടത്തിയതിനാലാണ് പ്രശ്‌നം വഷളായത്. എന്നാൽ ഈ പാതിരാ റെയ്‌ഡിൽ പൊലീസിന് അസ്വാഭാവികമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്.
കട്ടൻ ചായയും പരിപ്പുവടയും
വിവാദങ്ങൾക്ക് മൂർച്ച കൂടുന്നതിനിടയിലാണ് കട്ടൻ ചായയും പരിപ്പുവടയും രാഷ്ട്രീയ തീൻമേശയിൽ എത്തുന്നത്. ഇ.പി ജയരാജൻ്റെ ആത്മകഥയെന്ന പേരിലാണ് കട്ടൻ ചായും പരിപ്പുവടയും പ്രചരിപ്പിച്ചത്.എന്നാൽ ഇത് താൻ എഴുതിയല്ല, തെരഞ്ഞെടുപ്പ് ദിവസം ഇത് വിവാദമാക്കിയത് പബ്ലിസിറ്റിക്കു വേണ്ടിയാണെന്നും ഡിസി ബുക്ക്‌സിന്റെ ബിസിനസ് താല്‍പര്യമാണ് ഇതിന് പിന്നിലെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ഡിസി ബുക്സ് മാപ്പ് പറയണമെന്ന് ഇ.പിയും,ആത്മകഥാ വിവാദത്തിൽ ഇ.പിയെ വിശ്വസിക്കുന്നുവെന്ന് പാർട്ടിയും പറഞ്ഞതോടെ വിവാദം കെട്ടടങ്ങി.
'താമര'യെ 'കൈ' കൊണ്ട് പിഴുത് സന്ദീപ് വാര്യർ
ഇടത്തും വലത്തും വിവാദങ്ങൾ ദിനേന വന്നുകൊണ്ടിരിക്കുന്നതിനിടയിൽ ബിജെപിയിലും വിവാദങ്ങൾ തലപ്പൊക്കി. പാലക്കാട് നടന്ന തെരഞ്ഞടുപ്പ് കൺവെൻഷൻ വേദിയിൽ സീറ്റ് നൽകാത്തതിനാൽ സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യർ വേദി വിട്ട് ഇറങ്ങിയിരുന്നു. കൂടാതെ പാലക്കാട് തെരഞ്ഞെടുപ്പ് ചുമതലയിൽ നിന്നും ഒഴിയുകയും ചെയ്‌തു. ഇത് ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കി. പിന്നീട് സന്ദീപ് വാര്യരെ കാണുന്നത് കോൺഗ്രസ് വേദിയിലാണ്. സ്നേഹത്തിൻ്റെ കടയിൽ അക്കൗണ്ടെടുത്തു എന്നായിരുന്നു, സന്ദീപിൻ്റെ പ്രതികരണം. ഒടുക്കം കോൺഗ്രസ് ബിജെപിയുടെ അടിവേരിളക്കി എന്ന് പറഞ്ഞു കൊണ്ടാണ് പാലക്കാട്ടെ തെരഞ്ഞെടുപ്പ് വിധിയെ സന്ദീപ് സ്വാഗതം ചെയ്തത്.
സരിനും സന്ദീപ് വാര്യരും ഒരു പരസ്യക്കഥ
പാലക്കാട് ഉപതെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കേ വിവാദങ്ങൾക്ക് ഒരു 'പരസ്യം പ്രസിദ്ധീകര'ണം വിവാദത്തിന് വഴിവെച്ചു. തെരഞ്ഞെടുപ്പ് ചട്ടം കാറ്റിൽ പറത്തിയാണ് സന്ദീപ് വാര്യരെ തുറന്നു കാട്ടിയ സരിൻ്റെ പരസ്യം പ്രസിദ്ധീകരിച്ചത്. സമസ്തയുടെ മുഖ പത്രമായ സുപ്രഭാതം, കാന്തപുരം വിഭാഗത്തിൻ്റെ സിറാജ് എന്നീ പത്രങ്ങളിലാണ് ന്യൂനപക്ഷ വിമർശനം ചൂണ്ടിക്കാട്ടിയുള്ള പരസ്യം നൽകിയത്. അതേസമയം പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ ഈ പരസ്യം നൽകിയിട്ടില്ലെന്നതും ശ്രദ്ധേയമായിരുന്നു.
ഇത്തരം രാഷ്‌ട്രീയ വിവാദങ്ങൾക്ക് സാക്ഷ്യം വഹിച്ചു കൊണ്ട് കേരളത്തിലെ ഉപതെരഞ്ഞെുപ്പുകൾക്ക് തിരശീല വീണിരിക്കുകയാണ്. പരാജയരുചി അറിഞ്ഞവർക്ക് അത് പരിശോധിച്ച് തിരുത്തി പോകാനും, ജയിച്ചവർക്ക് ജനങ്ങളെ സേവിക്കാനുള്ള ദിനങ്ങളാണ് ഇനി മുന്നിലുള്ളത്.