അയോധ്യ ക്ഷേത്രത്തിലെ ചോര്‍ച്ചയ്ക്കു പിന്നാലെ, റോഡുകളിലും വെള്ളക്കെട്ട്; ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ക്ഷേത്രം ചോര്‍ന്നതിനു പിന്നാലെ, ക്ഷേത്രത്തിലേക്ക് എത്താനായി പുതുതായി നിര്‍മിച്ച രാം പഥ് റോഡില്‍ വെള്ളക്കെട്ടും രൂപപ്പെട്ടതിനെ തുടര്‍ന്നാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നടപടി.
അയോധ്യ ക്ഷേത്രത്തിലെ ചോര്‍ച്ചയ്ക്കു പിന്നാലെ, റോഡുകളിലും വെള്ളക്കെട്ട്; ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
Published on

അയോധ്യ ക്ഷേത്രത്തിലെ ചോര്‍ച്ചയ്ക്കും, കനത്ത മഴയില്‍ ക്ഷേത്രപരിസരം വെള്ളത്തിലായതിനും ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ധ്രുവ് അഗർവാൾ, അസിസ്റ്റന്റ് എഞ്ചിനീയർ അനൂജ് ദേശ്‌വാൾ, ജൂനിയർ എഞ്ചിനീയർ പ്രഭാത് പാണ്ഡെ, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ആനന്ദ് കുമാർ ദുബെ, അസിസ്റ്റന്റ് എഞ്ചിനീയർ രാജേന്ദ്ര കുമാർ യാദവ്, ജൂനിയർ എഞ്ചിനീയർ മുഹമ്മദ് ഷാഹിദ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ സ്പെഷ്യല്‍ സെക്രട്ടറി വിനോദ് കുമാറിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ക്ഷേത്രം ചോര്‍ന്നതിനു പിന്നാലെ, ക്ഷേത്രത്തിലേക്ക് എത്താനായി പുതുതായി നിര്‍മിച്ച രാം പഥ് റോഡില്‍ വെള്ളക്കെട്ടും രൂപപ്പെട്ടതിനെ തുടര്‍ന്നാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നടപടി.

ആറ് മാസം മുന്‍പ് ആഘോഷപൂര്‍വം ഉദ്ഘാടനം നടന്ന ക്ഷേത്രവും പരിസരവുമാണ് ആദ്യ മഴയില്‍ തന്നെ ഇങ്ങനെയായതിനു കാരണം നിര്‍മാണത്തിലെ അനാസ്ഥയാണെന്ന വിമര്‍ശനം വ്യാപകമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. ആദ്യമഴയില്‍ തന്നെ 14 കിലോമീറ്ററോളം വരുന്ന രാം പഥ് റോഡില്‍ കുഴികള്‍ രൂപപ്പെട്ടിരുന്നു. ക്ഷേത്രദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍ പെട്ടെന്നുതന്നെ അത് നന്നാക്കിയിരുന്നതായാണ് അധികൃതരുടെ വാദം. എന്നാല്‍, അനാസ്ഥയുടെ പേരില്‍ ആറ് ഉദ്യോഗസ്ഥരെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്യുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. കരാറുകാരായ ഭുവൻ ഇൻഫ്രാകോം പ്രൈവറ്റ് ലിമിറ്റഡിനും സംസ്ഥാന സർക്കാർ നോട്ടീസ് അയച്ചിട്ടുണ്ട്. 

കഴിഞ്ഞയാഴ്ച, ശക്തമായ മഴയ്ക്കു പിന്നാലെ ക്ഷേത്രത്തിൽ ചോർച്ചയുണ്ടായതായും, മേൽക്കൂരയിൽ നിന്ന് ഒഴുകുന്ന മഴവെള്ളം കോംപ്ലക്‌സിനുള്ളിൽ കെട്ടിക്കിടക്കുന്ന സാഹരചര്യമുണ്ടെന്നും രാമക്ഷേത്രത്തിലെ മേൽശാന്തി പറഞ്ഞിരുന്നു. മാത്രമല്ല, ക്ഷേത്രപരിസരത്തെ മഴവെള്ളം ഒഴുക്കിവിടാൻ സംവിധാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ചോര്‍ച്ചയുണ്ടെന്ന വാദം ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് നിരസിച്ചിരുന്നു. മേൽക്കൂരയിൽ നിന്ന് ഒരു തുള്ളി വെള്ളം പോലും ചോർന്നിട്ടില്ലെന്നും, യഥാർത്ഥത്തിൽ പൈപ്പിൽ നിന്നാണ് വെള്ളം വരുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കൾ ബിജെപിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. ആരാധനാലയങ്ങളിൽ പോലും ബിജെപിയുടെ കൊള്ളയാണ് നടക്കുന്നതെന്ന് യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് പറഞ്ഞു. ജനുവരി 22നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com