അദ്ദേഹത്തിന്റെ ആത്മകഥയായ എന്റെ പ്രദക്ഷിണ വഴികള്‍ക്ക് 2012ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു
പ്രമുഖ നിരൂപകനും പത്രാധിപരുമായിരുന്ന എസ്. ജയചന്ദ്രൻ നായർ അന്തരിച്ചു. 86 വയസായിരുന്നു..ബെംഗളൂരുവിലെ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കലാകൗമുദി, സമകാലിക മലയാളം എന്നിവയുടെ എഡിറ്ററായിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്ന് ബെംഗളൂരുവിൽ നടക്കും.
തിരുവനന്തപുരം ജില്ലയിലെ ശ്രീവരാഹത്ത് ആണ് എസ്. ജയചന്ദ്രന്‍ നായരുടെ ജനനം. കൗമുദി ദിനപത്രത്തിലൂടെയാണ് പത്രപ്രവര്‍ത്തന ജീവിതം ആരംഭിക്കുന്നത്. മലയാളരാജ്യം, കേരള ജനത, കേരള കൗമുദി എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. 1975ല്‍ കലാകൗമുദി വാരികയില്‍ സഹപത്രാധിപരും തുടര്‍ന്ന് പത്രാധിപരുമായി. മലയാളിയുടെ സാഹിത്യ അഭിരുചിക്ക് പുതുഭാവങ്ങൾ നല്‍കിയ എം. കൃഷ്ണൻ നായരുടെ സാഹിത്യ വാരഫലം, നമ്പൂതിരിയുടെ വരകളോടെ എംടിയുടെ രണ്ടാമൂഴം എന്നിവ കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചത് ജയചന്ദ്രൻ നായർ പത്രാധിപരായിരുന്ന കാലത്താണ്.
Also Read: രണ്ടാമൂഴം; വ്യാസൻ്റെ മൗനങ്ങൾക്ക് എം ടി ശബ്ദം നൽകിയപ്പോൾ...
അദ്ദേഹത്തിന്റെ ആത്മകഥയായ എന്റെ പ്രദക്ഷിണ വഴികള്‍ക്ക് 2012ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത പിറവി, സ്വം എന്നീ ചിത്രങ്ങളുടെ കഥ ജയചന്ദ്രന്‍ നായരുടേതാണ്. ഈ ചിത്രങ്ങളുടെ നിര്‍മാണത്തിലും അദ്ദേഹം ഭാഗമായി.
റോസാദലങ്ങള്‍, പുഴകളും കടലും, അലകളില്ലാത്ത ആകാശം, വെയില്‍ത്തുണ്ടുകള്‍, മൗന പ്രാർഥന പോലെ, ഉന്മാദത്തിന്റെ സൂര്യകാന്തികൾ, ബാക്കിപത്രം, ഇൻഗമർ ബെർഗ് മാന്റെ ജീവിതകഥ - ആത്മഭാഷണങ്ങളും ജീവിത നിരാസങ്ങളും, ഒരു ദേശം രക്തത്തിൻ്റെ ഭാഷയിൽ ആത്മകഥ എഴുതുന്നു എന്നിവയാണ് പ്രധാന കൃതികള്‍.