അണ്ണാ സർവകലാശാല ലൈംഗികാതിക്രമ കേസിൽ പ്രതിഷേധ പ്രകടനം നടത്തിയ നടിയും ബിജെപി നേതാവുമായ ഖുശ്‌ബു സുന്ദർ കസ്റ്റഡിയിൽ. ഖുശ്‌ബുവിനൊപ്പം ബിജെപി മഹിളാ മോർച്ച അംഗങ്ങളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മഹിളാ മോർച്ച മധുരയിൽ നടത്തിയ പ്രതിഷേധത്തിനിടെയാണ് പൊലീസ് ഇടപെടൽ.
പൊലീസിൻ്റെ അനുമതി ഇല്ലാതെയായിരുന്നു പ്രതിഷേധമെന്ന് ചൂണ്ടികാട്ടിയാണ് അറസ്റ്റ്. പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേ സമയം പ്രതിഷേധത്തിൽ പങ്കെടുക്കാതിരിക്കാൻ തങ്ങളെ പൊലീസ് വീട്ടു തടങ്കലിലാക്കി ആരോപണവുമായി ബിജെപി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പേരും ഫോൺ നമ്പറും മറ്റ് വ്യക്തിഗത വിവരങ്ങളും വെളിപ്പെടുത്തിയതിന് പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം. നീതി ലഭിക്കും വരെ ഞങ്ങൾ പോരാടുമെന്നായിരുന്നു ഖുശ്ബു നീതി യാത്രക്ക് മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞത്.
സംഭവത്തിൽ പ്രതിഷേധം അറിയിച്ച് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈയും നേരത്തെ രംഗത്തെത്തിയിരുന്നു. സ്വയം ചാട്ടവാർ അടിച്ചായിരുന്നു അണ്ണാമലെയുടെ പ്രതിഷേധം. സ്വന്തം വസതിക്ക് മുന്നിലായിരുന്നു മാധ്യമങ്ങൾക്കും ബിജെപി നേതാക്കൾക്കും മുൻപിൽ ആറ് തവണ സ്വയം ചാട്ടവാറടിച്ച് അണ്ണാമലൈ പ്രതിഷേധിച്ചത്.
Also Read; അണ്ണാ യൂണിവേഴ്‌സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്: സ്വയം ചാട്ടവാറടിച്ച് പ്രതിഷേധിച്ച് അണ്ണാമലൈ
ഡിസംബർ 23 -ന് രാത്രിയാണ് അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിൽ വിദ്യാർഥിനി പീഡിപ്പിക്കപ്പെടുന്നത്. ക്രിസ്‌മസിനോടനുബന്ധിച്ച കുർബാന കഴിഞ്ഞ് പള്ളിയിൽ നിന്നും ആൺസുഹൃത്തിനൊപ്പം നടന്നു പോകവേ, അജ്ഞാതരായ രണ്ടുപേർ ചേർന്ന് ഇവരെ തടഞ്ഞെന്നും, സുഹൃത്തിനെ മർദിച്ച് അവശനാക്കിയതിന് ശേഷം കുറ്റിക്കാട്ടില്‍ വച്ച് അതിക്രൂരമായി പീഡിപ്പിച്ചുവെന്നുമാണ് വിദ്യാർഥിനിയുടെ മൊഴി.
സർവകലാശാല ക്യാംപസിലെ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർത്ഥിനിയാണ് പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. കേസിൽ അന്വേഷണത്തെത്തുടർന്ന് കോട്ടുപുരം സ്വദേശി ജ്ഞാനശേഖര(37)നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.