
വയനാട് ചൂരൽമല ദുരന്ത ഭൂമിയിൽ കാണാതായവർക്ക് വേണ്ടിയുള്ള ജനകീയ തെരച്ചിൽ ഇന്നും തുടരും. ചൂരൽമല, മുണ്ടക്കൈ, ചാലിയാർ പ്രദേശങ്ങളിലാണ് ഇന്ന് തെരച്ചിൽ നടത്താൻ സാധ്യത. ഇതുവരെ കണ്ടെടുത്ത തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെയും ശരീര ഭാഗങ്ങളുടേയും ഡിഎൻഎ ഫലങ്ങൾ ഇന്ന് മുതൽ ലഭ്യമാകുമെന്നും അധികൃർ അറിയിച്ചു.
അതേസമയം ഉരുൾപൊട്ടൽ ദുരന്തത്തിൽ രേഖകൾ നഷ്ടപ്പെട്ടവർക്കായി ഇന്ന് പ്രത്യേക ക്യാമ്പ് നടത്തും. മേപ്പാടി ഗവ. ഹൈസ്‌കൂള്‍, സെൻ്റ് ജോസഫ് യു.പി സ്‌കൂള്‍, മൗണ്ട് താബോര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. വിവിധ വകുപ്പുകള്‍, ഐടി മിഷന്‍, അക്ഷയ എന്നിവയെ ഏകോപിപ്പിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ഇന്നലെ ഉച്ചയ്ക്കുശേഷം മഴ കനത്തതോടെ ജനകീയ തെരച്ചിൽ നേരത്തെ അവസാനിപ്പിച്ചിരുന്നു. ഉച്ചയ്ക്കു രണ്ടരയോടെ തെരച്ചിൽ തടസ്സപ്പെട്ടിരുന്നു. കാന്തൻപാറയിൽ കണ്ടെത്തിയ 2 ശരീരഭാഗങ്ങൾ എയർ ലിഫ്റ്റ് ചെയ്യാൻ സാധിച്ചില്ല. ഇതോടെ സന്നദ്ധപ്രവർത്തകർ ശരീര ഭാഗങ്ങൾ ചുമന്നുകൊണ്ട് പുറത്തേക്ക് കൊണ്ടുവരികയായിരുന്നു. മൃതദേഹഭാഗങ്ങൾ പിന്നീട് മേപ്പാടിയിലെത്തിലെത്തിച്ചിരുന്നു.