34ാം വയസിലാണ് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന വില 40 ലക്ഷം രൂപ ഉണ്ടായിരുന്ന താരത്തെ 2025 ഐപിഎൽ സീസണിലേക്ക് ആരും ടീമിലെടുത്തിരുന്നില്ല
അന്താരാഷ്ട്ര ക്രിക്കറ്റിൽ അവസരങ്ങൾ കുറഞ്ഞെങ്കിലും ഐപിഎല്ലിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും താരമായി തിളങ്ങിയ ഇന്ത്യൻ പേസർ സിദ്ധാർഥ് കൗൾ വിരമിക്കൽ പ്രഖ്യാപിച്ചു. 17 വർഷം മുമ്പ് മൊഹാലിയിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചു തുടങ്ങിയ വലങ്കയ്യൻ പേസറാണ് അദ്ദേഹം. 34ാം വയസിലാണ് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന വില 40 ലക്ഷം രൂപ ഉണ്ടായിരുന്ന താരത്തെ 2025 ഐപിഎൽ സീസണിലേക്ക് ആരും ടീമിലെടുത്തിരുന്നില്ല.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 88 മത്സരങ്ങളിൽ നിന്നായി 297 വിക്കറ്റുകളാണ് പഞ്ചാബിൻ്റെ മുൻനിര പേസറായ സിദ്ധാർഥ് കൗൾ വീഴ്ത്തിയത്. 111 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്നായി 199 വിക്കറ്റുകളും, 145 ടി20 മത്സരങ്ങളിൽ നിന്നായി 182 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിനൊപ്പം മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിൻ്റെ താരമായിരുന്നു. 2018ൽ വിരാട് കോഹ്ലി നയിച്ച ഇന്ത്യൻ ടീമിനൊപ്പമാണ് മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20കളും കളിച്ചത്. ടി20യിൽ ഇന്ത്യക്കായി നാല് വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ടി20യിൽ 75ാം നമ്പർ ജഴ്സിയിലും, ഏകദിനത്തിൽ 221ാം നമ്പർ ജഴ്സിയിലുമാണ് കളിച്ചത്.
ALSO READ: പാകിസ്ഥാനിൽ സുരക്ഷാ ഭീതി; ചാംപ്യൻസ് ട്രോഫി നടത്തിപ്പിൽ ഐസിസി അങ്കലാപ്പിൽ
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 88 മത്സരങ്ങളിൽ നിന്നായി 297 വിക്കറ്റ് നേടിയിട്ടുണ്ട്. ഡൽഹി ഡെയർ ഡെവിൾസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകൾക്കൊപ്പം 55 ഐപിഎൽ മത്സരങ്ങൾ കളിച്ച് 58 വിക്കറ്റുകൾ നേടിയിട്ടുണ്ട്. സൺറൈസേഴ്സ് ഹൈദരാബാദിനായി 2017, 2018 സീസണുകളിലായി 37 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് 2018ലെ ഇംഗ്ലണ്ട് പര്യടനത്തിലേക്ക് കൗളിന് ഇന്ത്യൻ ദേശീയ ടീമിൽ നിന്ന് വിളിയെത്തിയത്. ആ വർഷത്തെ ഏഷ്യാ കപ്പിൽ ഇന്ത്യ ജേതാക്കളായിരുന്നു. 2019 ഫെബ്രുവരിയിലാണ് ഇന്ത്യൻ ടീമിനായി ആറ് മത്സരങ്ങൾ കളിച്ചത്. 2008ൽ വിരാട് കോഹ്ലി നയിച്ച അണ്ടർ 19 ഏകദിന ലോകകപ്പ് ക്രിക്കറ്റ് ടീമിൽ ഭാഗമായിരുന്നു.
2023-24 സയ്യിദ് മുഷ്താഖലി ട്രോഫിയിൽ പഞ്ചാബിനൊപ്പം കിരീടം നേടി. 10 മത്സരങ്ങളിൽ നിന്നായി 16 വിക്കറ്റുകളാണ് പഞ്ചാബി പേസർ നേടിയത്. കഴിഞ്ഞ വർഷം നടന്ന വിജയ് ഹസാരെ ട്രോഫി മത്സരങ്ങളിൽ പഞ്ചാബിനായി ഏറ്റവുമധികം വിക്കറ്റെടുത്തത് സിദ്ധാർത്ഥ് കൗൾ ആയിരുന്നു.