
ഖത്തർ നാഷണൽ ലൈബ്രറിക്ക് പുതിയൊരു അംഗീകാരം കൂടി. ലോകത്തിലെ ഏറ്റവും മനോഹരമായ 17 ലൈബ്രറികളുടെ പട്ടികയിൽ നാലാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഖത്തർ നാഷണൽ ലൈബ്രറി. എഡി മിഡിൽ ഈസ്റ്റിൽ ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലുള്ള സ്ട്രാഹോവ് മൊണാസ്ട്രിയുടെ ലൈബ്രറി, അയർലണ്ടിലെ ഡബ്ലിനിലുള്ള ട്രിനിറ്റി കോളേജിൻ്റെ പഴയ ലൈബ്രറി, ബ്രസീലിലെ റിയോ ഡി ജനീറോയിലെ റോയൽ പോർച്ചുഗീസ് കാബിനറ്റ് ഓഫ് റീഡിംഗും ആണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉള്ളത്.
വാസ്തുവിദ്യയിൽ അത്യാധുനിക സാങ്കേതികവിദ്യയും സുസ്ഥിരത സവിശേഷതകളും ഉൾക്കൊള്ളുന്ന ഈ ലൈബ്രറി ഖത്തറി സംസ്‌കാരവും പൈതൃകവും ഇഴചേർന്നതാണ്. ഡച്ച് ആർക്കിടെക്റ്റ് രെം കൂൽഹാസാണ് ഖത്തർ നാഷനൽ ലൈബ്രറിയുടെ ശില്പി. 138 മീറ്റർ ആണ് ലൈബ്രറിയുടെ നീളം. സൗരോർജ്ജത്തിൻ്റെ താപം കുറയ്ക്കുന്നതിനായി പ്രകാശത്തെ ഫിൽട്ടർ ചെയ്യുനായുള്ള ഇൻ്റീരിയർ ആണ് ലൈബ്രറിയുടെ മേൽക്കൂരയ്ക്ക് നൽകിയിരിക്കുന്നത്. രണ്ട് കടലാസ് കഷണങ്ങളോട് സാമ്യമുള്ള ഷെൽ പോലെയാണ് ലൈബ്രറിയുടെ ഘടന.
അറബി, ഇംഗ്ലീഷ് ഭാഷകളിലും, മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളിലുമായി ഏകദേശം 15 ലക്ഷത്തിലധികം പുസ്തകങ്ങൾ ആണ് ഇവിടെയുള്ളത്. ഇസ്‌ലാമിക സംസ്‌കാരവും നാഗരികതയുമായി ബന്ധപ്പെട്ട അപൂർവ പുസ്തകങ്ങളുടെ ശേഖരങ്ങളും ഇവിടെയുണ്ട്. കുട്ടികൾക്കായുള്ള ലൈബ്രറി, ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ സംവിധാനങ്ങൾ, കമ്പ്യൂട്ടർ ലാബുകൾ തുടങ്ങിയ നൂനതന സൗകര്യങ്ങളും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു ലൈബ്രറി എന്നതിനപ്പുറം ഖത്തറിന്റെ സാംസ്കാരിക മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ബൗദ്ധിക പുരോഗതിയിലും സുപ്രധാന പങ്ക് തന്നെ ഖത്തർ നാഷണൽ ലൈബ്രറിക്കുണ്ട്.