fbwpx
"അദാനിയെ സംരക്ഷിക്കുന്നത് മോദി"; അറസ്റ്റ് വാറൻ്റിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
logo

ന്യൂസ് ഡെസ്ക്

Last Updated : 21 Nov, 2024 06:03 PM

നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കെ അദാനിക്കെതിരെ ഇന്ത്യയിൽ നിന്നും യാതൊരു നടപടികളുമുണ്ടാവില്ലെന്ന് ഉറപ്പാണെന്നും രാഹുൽ ഗാന്ധി പത്ര സമ്മേളനത്തിൽ പറഞ്ഞു

NATIONAL



കൈക്കൂലി കേസിൽ ഗൗതം അദാനിക്കെതിരെ അമേരിക്ക അറസ്റ്റ് വാറൻ്റ് പുറപ്പെടുവിപ്പിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗൗതം അദാനിയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന ആരോപണമാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കെ അദാനിക്കെതിരെ ഇന്ത്യയിൽ നിന്നും യാതൊരു നടപടികളുമുണ്ടാവില്ലെന്ന് ഉറപ്പാണെന്നും പത്ര സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.


ഇന്ത്യൻ ശതകോടീശ്വരൻ അദാനിക്കെതിരായ അഴിമതിക്കേസ് രാഷ്ട്രീയായുധമാക്കുകയാണ് രാഹുൽ ഗാന്ധി. "അദാനി എത്ര വലിയ കുറ്റം ചെയ്താലും അയാൾക്കെതിരെ അറസ്റ്റുണ്ടാവില്ല, അന്വേഷണമുണ്ടാവില്ല. ഇതിന് കാരണം അദാനിയെ പ്രധാനമന്ത്രി സംരക്ഷിക്കുന്നത് കൊണ്ടാണ്. താനും പിടിക്കപ്പെടുമെന്ന ഭയം മൂലമാണ് അദാനിയെ അറസ്റ്റ് ചെയ്യാൻ പ്രധാനമന്ത്രി മടിക്കുന്നത്," ഇതായിരുന്നു രാഹുലിൻ്റെ പ്രധാന ആരോപണം. അദാനിക്കെതിരെ ജെപിസി അന്വേഷണം വേണം, അദാനിക്കൊപ്പെം ഇയാളെ സംരക്ഷിക്കുന്നവർക്കെതിരെയും നടപടി വേണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.

ALSO READ: 'സൗരോർജ കരാർ ലഭിക്കാൻ കോടികൾ കൈക്കൂലി നൽകി'; അദാനിക്കെതിരെ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ച് ന്യൂയോർക്ക് കോടതി


സെബി മേധാവി മാധവി ബുച്ചിനെതിരായ അഴിമതി റിപ്പോർട്ടും പരാമർശിച്ചുകൊണ്ടായിരുന്നു രാഹുലിൻ്റെ പത്രസമ്മേളനം. " മാധവി ബുച്ച് അഴിമതി നടത്തിയെന്നത് ഇന്ത്യയിലെ എല്ലാവർക്കുമറിയുന്ന കാര്യമാണ്. അവർ തന്നെയാണ് അദാനിക്ക് സംരക്ഷണം നൽകുന്നത്. അതിനാൽ മാധവി ബുച്ചിനെതിരെയും കൃത്യമായ നടപടിയുണ്ടാകണം. മാധവി ബുച്ചും അദാനിയും തമ്മിലുള്ള ബന്ധം കോൺഗ്രസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. മാധവി ബുച്ചും അദാനിയുമെല്ലാം ഉൾപ്പെട്ട വലിയൊരു നെറ്റ്‌വർക്ക് തന്നെ രാജ്യത്തെ ഹൈജാക്ക് ചെയ്യാനായി പ്രവർത്തിക്കുന്നുണ്ട്. ഈ നെറ്റ്‌വർക്കിൽ ഉൾപ്പെട്ടവരെയെല്ലാം കോൺഗ്രസ് പുറത്തുകൊണ്ടുവരും," രാഹുൽ പറഞ്ഞു.

സൗരോർജ പദ്ധതികളുമായി ബന്ധപ്പെട്ട് കരാർ ലഭിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 265 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്ന കേസിലാണ് യുഎസ് കോടതി അദാനിക്ക് അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചത്. യുഎസിലെ നിക്ഷേപകരിൽ നിന്ന് അഴിമതി മറച്ചുവെച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. ഗൗതം അദാനിക്കെതിരെ അഴിമതിക്കും വഞ്ചനയ്ക്കും ന്യൂയോർക്ക് കോടതി കുറ്റം ചുമത്തിയിരുന്നു.


20 വർഷത്തിനുള്ളിൽ 2 ബില്യൺ ഡോളറിലധികം ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ വിതരണകരാറുകൾ നേടാൻ കൈക്കൂലി ഇടപാടുകൾ നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കരാർ ലഭിക്കാൻ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ഏകദേശം 265 മില്യൺ ഡോളർ കൈക്കൂലി നൽകാൻ അദാനിയും അനന്തരവൻ സാഗർ അദാനിയും ഉൾപ്പെടെ ഏഴ് പേർ ശ്രമിച്ചതായി യുഎസ് പ്രോസിക്യൂട്ടർമാർ പറയുന്നു. ഇക്കാര്യം മറച്ചുവെച്ച് അമേരിക്കയിൽ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നും കേസുണ്ട്. ഗൗതം അദാനിക്കൊപ്പം, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ സാഗര്‍ അദാനി, വിനീത് ജെയ്‌ൻ എന്നിവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

ALSO READ: "അവർ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം"; നിജ്ജാർ കൊലപാതകത്തിൽ പ്രധാനമന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണത്തിന് മറുപടിയുമായി ഇന്ത്യ


യുഎസ് അറ്റോർണി ഓഫീസാണ് അദാനിക്കെതിരെ ന്യൂയോർക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. വഞ്ചന, അഴിമതി, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കൂടാതെ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ സിവിൽ കേസിലും അദാനി ഗ്രീൻ എനർജിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. അദാനി ഗ്രീൻ എനർജി യുഎസ് നിക്ഷേപകരിൽ നിന്ന് 175 മില്യൻ സമാഹരിച്ചെന്നും കുറ്റപത്രത്തിലുണ്ട്.

പ്രതികൾക്കെതിരെ യുഎസിലെ കൈക്കൂലി വിരുദ്ധ നിയമമായ വിദേശ അഴിമതി വിരുദ്ധ ആക്ട് ലംഘിക്കാൻ ഗൂഢാലോചന നടത്തിയതിനും നാല് പേർക്കെതിരെ നീതി തടസ്സപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിനും കുറ്റം ചുമത്തിയിട്ടുണ്ട്.


KERALA BYPOLL
ചെങ്കൊടി ചേര്‍ത്തുപിടിച്ച് ചേലക്കര; യു.ആര്‍. പ്രദീപ് വിജയിച്ചു
Also Read
user
Share This

Popular

KERALA BYPOLL
ASSEMBLY POLLS 2024
വിജയരഥത്തിലേറി രാഹുൽ മാങ്കൂട്ടത്തിൽ; പാലക്കാടൻ കാറ്റിൽ താമര വാടി, സരിൻ മൂന്നാമത്