നേരിട്ട് അറിയാത്ത നമുക്ക് പോലും വലിയ പ്രയാസമാണ് നല്‍കുന്നത്. അപ്പോള്‍ വീട്ടുകാരുടെയും ഉറ്റവരുടെയും ഒക്കെ പ്രയാസം മനസിലാക്കാന്‍ പറ്റുന്നതേയുള്ളു
പാലക്കാട് കല്ലടിക്കോട് ലോറി ദേഹത്തേക്ക് പാഞ്ഞു കയറി എട്ടാം ക്ലാസ് വിദ്യാര്‍ഥിനികള്‍ മരിച്ച സംഭവം വലിയ പ്രയാസമുണ്ടാക്കുന്ന ഒന്നാണെന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാട് ഉണ്ടായത് അപ്രതീക്ഷിത മരണമാണെന്നും പരീക്ഷ എഴുതാന്‍ പോയ കുട്ടികള്‍ ഈ അവസ്ഥയില്‍ തിരിച്ചെത്തുക എന്ന് പറയുന്നത് അവരെ നേരിട്ടറിയാത്തവര്‍ക്ക് പോലും വേദനയുണ്ടാക്കുന്ന കാര്യമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.
'വളരെ പ്രയാസമുണ്ടാക്കുന്ന ഒന്നാണ് പാലക്കാട് ഉണ്ടായത്. ആര് മരിച്ചാലും പ്രയാസം ഉണ്ടാക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് കുഞ്ഞുങ്ങള്‍ മരിക്കുമ്പോള്‍. ഇത് അപ്രതീക്ഷിതമായ മരണമാണ്. അസുഖം വന്നുള്ള മരണമാകുമ്പോള്‍ ആളുകളും കുടുംബവും ഒക്കെ ഒരു അപകടം പ്രതീക്ഷിക്കും. ഇത് പക്ഷെ രാവിലെ യാത്ര പറഞ്ഞ് പരീക്ഷയെഴുതാന്‍ പോയ കുഞ്ഞുമക്കള്‍ വൈകുന്നേരം ഈ പരുവത്തില്‍ വരുമ്പോള്‍, അത് അവരെ നേരിട്ട് അറിയാത്ത നമുക്ക് പോലും വലിയ പ്രയാസമാണ് നല്‍കുന്നത്. അപ്പോള്‍ വീട്ടുകാരുടെയും ഉറ്റവരുടെയും ഒക്കെ പ്രയാസം മനസിലാക്കാന്‍ പറ്റുന്നതേയുള്ളു' രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് കല്ലടിക്കോട് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥികളുടെ മേലേക്കാണ് സിമന്റുമായി വന്ന ലോറി പാഞ്ഞു കയറിയത്. അപകടത്തില്‍ അയിഷ എ.എസ്, റിദ ഫാത്തിമ, നിദ ഫാത്തിമ കെ എം, ഇര്‍ഫാന ഷെറിന്‍ പിഎ എന്നിവരാണ് മരിച്ചത്. ലോറി വരുന്നത് കണ്ട് ഓടി മാറിയ അജ്‌ന ഷെറിന്‍ എന്ന വിദ്യാര്‍ഥി മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കുഴിയിലേക്ക് വീണതുകൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്നാണ് കുട്ടി പറഞ്ഞത്. ലോറി അമിത വേഗതയിലായിരുന്നുവെന്നും അജ്‌ന ഓര്‍ത്തെടുത്തു.
കുട്ടികളുടെ മൃതദേഹങ്ങള്‍ വീടുകളിലെത്തിച്ച് പൊതു ദര്‍ശനത്തിന് വെച്ചിരുന്നു. തുടര്‍ന്ന് മൃതദേഹങ്ങള്‍ കരിമ്പനയ്ക്കലെ ഹാളിലേക്ക് മാറ്റി. പത്ത് മണി വരെയായിരുന്നു ഹാളിലെ പൊതുദര്‍ശനം. ശേഷം ഇവിടെ നിന്നും മൃതദേഹങ്ങള്‍ തുപ്പനാട് ജുമാ മസ്ജിദിലേക്ക് ഖബറടക്കുന്നതിനായി കൊണ്ടു പോയി.
സ്‌കൂളിലെ പൊതുദര്‍ശനം നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. സ്‌കൂളിന് ഇന്ന് അവധി നല്‍കിയിട്ടുണ്ട്. ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായും പരീക്ഷ മറ്റൊരു ദിവസം നടത്തുമെന്നും വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.