മൺസൂൺ ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രീൻസ് മൂന്നാറിൻ്റെ നേതൃത്വത്തിൽ പരിപാടി നടന്നത്
മഴയെ ആസ്വദിയ്ക്കാൻ ഇടുക്കി മൂന്നാറിൽ റെയിൻ 40 പെനാൽറ്റി ഷൂട്ടൗട്ട് സംഘടപ്പിച്ചു. മൺസൂൺ ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടന്നത്. ഗ്രീൻസ് മൂന്നാറിൻ്റെ നേതൃത്വത്തിൽ നടന്ന റെയ്ൻ 40 ഫുട്ബോൾ പെനാൽട്ടി ഷൂട്ടൗട്ട് മത്സരത്തിൽ മൂന്നാർ ഗവൺമെൻ്റ് എൻജിനീയറിങ് കോളേജ് രണ്ടാം തവണയും ചാംപ്യൻമാരായി.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 32 ടീമുകളാണ് റെയിൻ 40യിൽ പങ്കെടുത്തത്. ആറു പേരടങ്ങുന്ന ടീമിന് അഞ്ച് കിക്കുകൾ വീതമാണ് ആണ് അനുവദിച്ചത്. നോകൗട്ട് രീതിയിലായിരുന്നു മത്സരം. ദേവികുളം എംഎൽഎ അഡ്വക്കറ്റ് എ.രാജയാണ് കിക്കോഫിലൂടെ റെയിൻ 40 പെനാൽറ്റി ഷൂട്ടൗട്ട് മത്സരം ഉദ്ഘാടനം ചെയ്തത്.
ആവേശം നിറഞ്ഞ പോരാട്ടത്തിൻ്റെ ഫൈനലിൽ സെൽട്ട എഫ്‌സി പള്ളുരുത്തിയെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഗവ. എൻജിനീയറിങ് കോളേജ് ടീം ചാംപ്യൻമാരായത്. കെഡിഎച്ച്പി കമ്പനി ഗൂഡാർവിള ടീം മൂന്നാം സ്ഥാനത്തെത്തി. ചാംപ്യൻമാരായ ഗവ. കോളേജ് ടീമിന് കെഡിഎച്ച്പി കമ്പനി സ്പോൺസർ ചെയ്ത 25000 രൂപയുടെ ക്യാഷ് പ്രൈസും ഗ്രീൻസ് മൂന്നാറിൻ്റെ ട്രോഫിയുമാണ് സമ്മാനം.
ALSO READ: ദേശീയ ഫെഡറേഷൻ്റെ ഒളിംപിക്സ് സെലക്ഷൻ നയത്തെ വിമർശിച്ച് മനു ഭാക്കറിൻ്റെ മുഖ്യ പരിശീലകൻ
രണ്ടാം സമ്മാനം നേടിയ പള്ളുരുത്തി ടീമിന് പെരിയാർ റെസിഡൻസി നൽകുന്ന 10000 രൂപ ഒപ്പം ട്രോഫി, മൂന്നാം സ്ഥാനം നേടിയ ഗൂഡാർവിള ടീമിന് ലയൺസ് ക്ലബ് നൽകുന്ന 5000 രൂപ, ട്രോഫി എന്നിവ ലഭിച്ചു. മികച്ച ഗോൾ കീപ്പർക്കുള്ള മേരി തോമസ് അവാർഡ് പള്ളുരുത്തി ടീമിലെ അക്ഷയ് കൃഷ്ണയും ബെസ്റ്റ് ഷൂട്ടർക്കുളള നൈസ് ഡെക്കറേഷൻ അവാർഡ് ഗവ എൻജിനീയറിങ് കോളേജിലെ ആർ. അനീഷും കരസ്ഥമാക്കി. മൂന്നാർ ഡിവൈഎസ്പി അലക്സ് ബേബിയാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്.