ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകളും മുന്നിൽ കാണണമെന്നും അറിയിപ്പിൽ പറയുന്നു
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. തെക്കൻ, മധ്യ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 km വരെ (പരമാവധി 50 kmph വരെ) വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ന്യൂനമർദ്ദം രൂപപ്പെടാനും, ആഗോള മഴ പാത്തി സജീവമാകാനും സാധ്യതയുണ്ടെന്നും വിലയിരുത്തൽ. തുടർച്ചയായി മഴ കിട്ടിയ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മലയോര മേഖലകളിൽ ജാഗ്രത തുടരണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകളും മുന്നിൽ കാണണമെന്നും അറിയിപ്പിൽ പറയുന്നു. ചൂരൽമല ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ആളുകൾ കൂടുതൽ ജാഗ്രത കാണിക്കണം. ചെറിയൊരു ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും സജീവമാകുമെന്നാണ് മുന്നറിയിപ്പുകൾ പ്രകാരം വ്യക്തമാകുന്നത്.
നാളെ ഇടുക്കി,പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റന്നാൾ പത്തനംതിട്ട, ഇടുക്കി,പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലും യെല്ലോ അലേർട്ട് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും 13ആം തീയതി മുതൽ കുറെക്കൂടി ശക്തമായ മഴ സാധ്യതയുണ്ടെന്നും സ്വകാര്യ കാലാവസ്ഥ ഏജൻസികൾ അറിയിക്കുന്നു. മധ്യ, തെക്കൻ കേരളത്തിൽ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും വിവിധ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.
ഇടിമിന്നൽ സാധ്യത കണക്കിലെടുത്ത് കൊണ്ട് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലിൻ്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറിത്താമസിക്കുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക.കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക, എന്നീ നിർദേശങ്ങൾ പൊതുജനങ്ങൾക്ക് നൽകിയിട്ടുണ്ട്.