കാഫിർ പോസ്റ്റ് വിവാദത്തിൽ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ളക്കെതിരെ ഡിവൈഎഫ്ഐ വക്കീൽ നോട്ടീസയച്ചു
കാഫിർ വിവാദത്തിൽ വർഗീയത ആളിക്കത്തിക്കാനാണ് സിപിഎം ശ്രമിച്ചതെന്ന് രമേശ് ചെന്നിത്തല. എം.വി. ഗോവിന്ദൻ വീണിടത്ത് ഉരുളുന്നുവെന്നും കെ.കെ. ലതികയെ ന്യായീകരിക്കുകയാണ് സിപിഎം സെക്രട്ടറി ചെയ്തതെന്നും അദ്ദേഹം ജനങ്ങളോട് മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കാഫിർ പോസ്റ്റ് വിവാദത്തിൽ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ളക്കെതിരെ ഡിവൈഎഫ്ഐ വക്കീൽ നോട്ടീസയച്ചു. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡൻ്റ് റിബേഷ് രാമകൃഷ്ണനാണ് നോട്ടീസ് നൽകിയത്. തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണമാണെന്നും, വിഷയത്തിൽ പാറക്കൽ അബ്ദുള്ള പരസ്യമായി ഖേദം പ്രകടിപ്പിക്കണമെന്നും നോട്ടീസിൽ പറയുന്നുണ്ട്.
ഹൈക്കോടതിയിൽ സമർപ്പിച്ച വിവരം മാത്രമാണ് പുറത്തു വന്നതെന്നും, വ്യാജമെന്ന് തോന്നുന്നെങ്കിൽ ആഭ്യന്തര മന്ത്രിക്കും അന്വേഷണ ഉദ്യോഗസ്ഥർക്കുമാണ് വക്കീൽ നോട്ടീസ് അയക്കേണ്ടതെന്നുമാണ് പാറക്കൽ അബ്ദുള്ളയുടെ പ്രതികരണം.
ALSO READ: കാഫിർ പോസ്റ്റ് വിവാദം: മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ളക്കെതിരെ വക്കീൽ നോട്ടീസ്
കാഫിർ വിവാദം യുഡിഎഫിൻ്റെ തെറ്റായ സമീപനത്തിൻ്റെ ഫലമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു. കേരള രാഷ്‌ട്രീയ ചരിത്രത്തിൽ കാണാത്ത പ്രവണതയാണ് ഇപ്പോൾ നടക്കുന്നത്. ഒറ്റപ്പെട്ട പ്രശ്നം പോലെയാണ് ഇതിനെ ചിലർ സമീപിക്കുന്നത്. എന്നാൽ, അത് ശരിയായ നിലപാട് അല്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.
ഷാഫിയുടെ ആദ്യ പ്രചരണം ടീച്ചറമ്മ എന്ന പേരിനെ ആക്രമിച്ചു കൊണ്ടായിരുന്നു. വ്യക്തിഹത്യയുടെ തലത്തിലേക്ക് നീങ്ങാൻ പോവുകയാണെന്ന് വ്യക്തമാക്കുന്ന സംഭവമാണ് പിന്നാലെ ഉണ്ടായത്. മുസ്ലീം സമുദായം മുഴുവൻ തീവ്രവാദികൾ ആണെന്ന് ശൈലജ ടീച്ചർ പറഞ്ഞെന്ന് പ്രചരിപ്പിച്ചുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു.