എല്‍ക്ലാസിക്കോക്കിടെ ബാഴ്‌സലോണ താരം ലാമിന്‍ യമാലിനു നേരെയുണ്ടായ വംശീയ അധിക്ഷേപത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് റയല്‍ മാഡ്രിഡ്. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ 77-ാം മിനുട്ടില്‍ നേടിയ ഗോള്‍ ആഘോഷിക്കുന്നതിനിടയിലാണ് ലാമിന്‍ യമാലിനു നേരെ റയല്‍ ആരാധകരുടെ വംശീയ അധിക്ഷേപമുണ്ടായത്.
മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ബാഴ്‌സലോണ റയലിനെ പരാജയപ്പെടുത്തിയിരുന്നു. ബാഴ്സയ്ക്കു വേണ്ടി ലെവന്റോസ്‌ക്കി ഇരട്ട ഗോളുകളും കൂടാതെ റാഫിഞ്ഞയും യമാലും ഓരോ ഗോള്‍ വീതവും നേടി. എൽ ക്ലാസിക്കോയിൽ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു യമാല്‍.
ഗോള്‍ നേടിയത് ആഘോഷിക്കുന്ന താരത്തെ റയല്‍ ആരാധകര്‍ വംശീയമായി അധിക്ഷേപിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ലാലീഗയും സ്പാനിഷ് സര്‍ക്കാരും സംഭവത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.
Also Read: സ്വന്തം തട്ടകത്തിൽ റയലിന് ഷോക്ക് ട്രീറ്റ്‌മെൻ്റ്; ഗോൾമഴയിൽ മുക്കി 'ക്ലാസിക്' ബാഴ്സ
ഇതിനു പിന്നാലെയാണ് ആരാധകരുടെ ഭാഗത്തു നിന്നുണ്ടായ തെറ്റായ പെരുമാറ്റത്തെ തള്ളി റയലും രംഗത്തെത്തിയത്. ഫുട്‌ബോളിലും കായികലോകത്തും നടക്കുന്ന എല്ലാതരം വംശീയതയേയും അന്യമത വിദ്വേഷത്തേയും തങ്ങള്‍ എതിരാണെന്നും യമാലിനു നേരെ ഏതാനും ആരാധകരുടെ ഭാഗത്തു നിന്നുണ്ടായ അപമാനകരമായ പെരുമാറ്റത്തില്‍ ഖേദിക്കുന്നുവെന്നും റയല്‍ പുറത്തിറക്കിയ പ്രസ്തവാനയില്‍ പറയുന്നു.
സംഭവത്തില്‍ അന്വേഷണം പ്രഖാപിച്ചതായും റയല്‍ അറിയിച്ചു. ഖേദകരവും നിന്ദ്യവുമായ പെരുമാറ്റം നടത്തിയവരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് ക്ലബ്ബ് അറിയിച്ചു.