ഉരുൾപൊട്ടലിനെ കുറിച്ച് പഠിക്കാന്‍ സർക്കാർ നിയോഗിച്ച ഭൗമ ശാസ്ത്രജ്ഞന്‍ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ദുരന്തനിവാരണ അതോറിറ്റിയ്ക്ക് റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നു.
മുണ്ടക്കൈ-മേപ്പാടി ദുരന്ത ബാധിതരുടെ പുനരധിവാസവും അനുബന്ധ പ്രശ്നങ്ങളും ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും.
മുട്ടിൽ ഡബ്ല്യൂഎംഒ കോളേജിൽ രാവിലെ ഒമ്പത് മണിയ്ക്കാണ് യോഗം. ഉരുൾപൊട്ടലുണ്ടായി ഇരുപത്തിനാല് ദിവസം പിന്നിടുമ്പോഴാണ് ദുരിതബാധിതരുടെ യോഗം ചേരുന്നത്. ദുരന്തം നേരിട്ട് ബാധിച്ചവരും, രക്ഷപ്പെട്ടവരും, ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരുമായ ആളുകൾ യോഗത്തിൽ പങ്കെടുക്കും.
പുനരധിവാസം സംബന്ധിച്ച് ദുരന്തബാധിതരായവുടെ ആവശ്യങ്ങള്‍ നേരിട്ട് യോഗത്തില്‍ കേള്‍ക്കുമെന്ന് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ് പറഞ്ഞു.
ചീഫ് സെക്രട്ടറിക്ക് പുറമെ പുനരധിവാസ പദ്ധതിയുടെ നോഡൽ ഓഫീസർ ആയ മുൻ വയനാട് ജില്ലാ കലക്ടർ എ ഗീതയും യോഗത്തിൽ പങ്കെടുക്കും. ദുരിതബാധിതരിൽ നേരിട്ട് പങ്കെടുക്കാൻ ബുദ്ധിമുട്ടുള്ളവരുണ്ടെങ്കിൽ ഓൺലൈനായി യോഗത്തിൽ പങ്കെടുക്കാനും അഭിപ്രായം അറിയിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.
ALSO READ: ചൂരൽമല ദുരന്തം: റിപ്പോർട്ട് സമർപ്പിച്ച് വിദഗ്ധ സംഘം; പുനരധിവാസത്തിനായി അഞ്ച് സ്ഥലങ്ങള്‍
ഉരുൾപൊട്ടലിനെ കുറിച്ച് പഠിക്കാന്‍ സർക്കാർ നിയോഗിച്ച ഭൗമ ശാസ്ത്രജ്ഞന്‍ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ദുരന്തനിവാരണ അതോറിറ്റിയ്ക്ക് റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നു. ദുരന്തമേഖലയിലെ അപകട സാധ്യത നിലനിൽക്കുന്ന സ്ഥലങ്ങളും, പുനരധിവാസത്തിനായുള്ള സ്ഥലങ്ങളെ കുറിച്ചുമായിരുന്നു റിപ്പോർട്ട്. ദേശീയ ഭൗമ ശാസ്ത്ര കേന്ദ്രത്തിലെ ആറംഗ സംഘമാണ് ദുരന്ത മേഖല പരിശോധിച്ചത്. അഞ്ച് സ്ഥലങ്ങളാണ് പുനരധിവാസത്തിനായി ശുപാർശ ചെയ്തതിരിക്കുന്നത്. എങ്ങനെ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായെന്ന റിപ്പോർട്ട് വിദഗ്ധ സംഘം നല്‍കിയിട്ടില്ല. അതിനായി ഉരുൾപൊട്ടലിന്‍റെ പ്രഭവകേന്ദ്രം സംഘം വീണ്ടും സന്ദർശിക്കും. വിവിധ വിഭാഗത്തിലുള്ളവരുമായി ചർച്ച ചെയ്താണ് വിദഗ്ധ സമിതി സമഗ്ര റിപ്പോർട്ട് തയ്യാറാക്കിയത്. പുഞ്ചിരിമട്ടത്ത് ഇപ്പോഴും അപകട സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് സംഘം പറഞ്ഞിരുന്നു. ചൂരല്‍മല മേഖലയില്‍ ഭൂരിഭാഗം സ്ഥലങ്ങളും വാസയോഗ്യമാണെന്നായിരുന്നു സംഘത്തിന്‍റെ വിലയിരുത്തല്‍. പുനരധിവാസത്തിന് ടൗൺഷിപ്പ് ഒരുക്കുമെന്ന് സംസ്ഥാന സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.