ബംഗ്ലാദേശിൽ നിന്നുള്ള രോഗികളുടെ വരവിൽ 80 ശതമാനത്തിന്റെ കുറവാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്
ബംഗ്ലാദേശിൽ നിന്നുള്ള രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി ബംഗാളിലേയും ദക്ഷിണേന്ത്യയിലേയും ആശുപത്രികൾ. ബംഗ്ലാദേശ് കലാപത്തെ തുടർന്ന് ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമമുണ്ടായതാണ് രോഗികളുടെ വരവിനെ ബാധിക്കാൻ കാരണം. ബംഗ്ലാദേശിൽ നിന്നുള്ള രോഗികളുടെ വരവിൽ 80 ശതമാനത്തിന്റെ കുറവാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബംഗ്ലാദേശിൽ സംഘർഷം രൂക്ഷമാകുന്നതിന് മുമ്പ് വരെ ബംഗ്ലാദേശിൽ നിന്നുള്ള നല്ലൊരു ശതമാനം പേർ വിദഗ്ദ്ധ ചികിത്സയ്ക്കായി പലപ്പോഴും ആശ്രയിച്ചിരുന്നത് ഇന്ത്യൻ ആശുപത്രികളെയായിരുന്നു. പ്രത്യേകിച്ചും ദക്ഷിണേന്ത്യയിലെ ആശുപത്രികളെ. ചെന്നൈ, ബെംഗളൂരു, കൊൽക്കത്ത, ഡൽഹി എന്നിവിടങ്ങളിലെ ആശുപത്രികളിൽ നല്ലൊരു ശതമാനം ബംഗ്ലാദേശിൽ നിന്നടക്കമുള്ള മറ്റ് രാജ്യക്കാരുണ്ടായിരുന്നു. എന്നാൽ ബംഗ്ലാദേശിലെ രാഷ്ട്രീയ സംഘർഷവും അടുത്തിടെയുണ്ടായ കലാപവും ഇങ്ങോട്ടുള്ള അവിടത്തുകാരുടെ വരവ് നിലക്കാൻ കാരണമായി.
ALSO READ: ഭര്‍തൃസഹോദരന്റെ കുഞ്ഞിനെ കൊന്നു; ഗര്‍ഭിണിയാണെന്നറിയാതെ ജയിലിലടച്ചു
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെട്ടതോടെ ബംഗ്ലാദേശികളെ ചികിത്സയ്ക്ക് എടുക്കില്ലെന്ന് കൊൽക്കത്തയിലെ ചില ആശുപത്രികൾ നിലപാടെടുത്തതും വരവ് നിലയ്ക്കാൻ കാരണമായി. അതേസമയം ദക്ഷിണേന്ത്യയിലേക്ക് രോഗികളെത്തുന്നത് നല്ല വിദഗ്ദ്ധ ചികിത്സ ചെലവ് കുറഞ്ഞ രീതിയിൽ നടക്കുമെന്നതിനാലായിരുന്നു. ഇത്തരം രോഗികളുടെ വരവിലും ഇടിവുണ്ടായി എന്നാണ് കണക്കുകൾ വ്യക്തമാകുന്നത്. ഏകദേശം 20 ലക്ഷം രോഗികളാണ് ഓരോ വർഷവും വിവിധ രാജ്യങ്ങളിൽ നിന്നായി ഇന്ത്യയിൽ ചികിത്സ തേടി എത്തുന്നത് എന്നാണ് കണക്ക്. ഇതിൽ 60 ശതമാനവും ബംഗ്ലാദേശിൽ നിന്നാണ്. എന്നാൽ കഴിഞ്ഞ ഓഗസ്റ്റ് അവസാനം മുതൽ അയൽ രാജ്യങ്ങളിൽ നിന്നും ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. അതായത് ബംഗ്ലാദേശിലെ കലാപം തുടങ്ങിയ സമയം മുതൽ.
ഇന്ത്യൻ ഇമിഗ്രേഷൻ ബ്യൂറോയുടെ കണക്കുപ്രകാരം, 2023-ൽ ഏകദേശം 6,35,000 രോഗികൾ ഇന്ത്യയിലെത്തി. ഇതിൽ 3,00,000 മുതൽ 3,50,000 പേരോളം ബംഗ്ലാദേശികളാണ്. കൊൽക്കത്തയിലെ ആശുപത്രികളിലേക്കാണ് പൊതുവേ രോഗികളെത്തിയിരുന്നത്. എന്നാൽ സ്പെഷ്യാലിറ്റി ചികിത്സയ്ക്ക് കൂടുതൽ പേരും ദക്ഷിണേന്ത്യൻ ആശുപത്രികളേയാണ് ആശ്രയിച്ചിരുന്നത്. ബെംഗളൂരു നാരായണ ഹെൽത്ത്, ചെന്നൈ അപ്പോളോ ഹോസ്പിറ്റൽ, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ്, എന്നിവിടങ്ങളിലേക്കാണ് കൂടുതലും രോഗികളെത്തിയിരുന്നത്. പ്രത്യേകിച്ചും കാർഡിയാക്, ഗ്യാസ്ട്രോ, ന്യൂറോ രോഗങ്ങൾക്കും കണ്ണ് ചികിത്സയ്ക്കുമാണ് ഇന്ത്യയിലെ ആശുപത്രികളിലെ ആശ്രയിച്ചിരുന്നത്.
ALSO READ: മാനസികനില തെറ്റിയാലും ഗര്‍ഭഛിദ്രത്തിന് അവകാശമില്ലേ?
ബംഗ്ലാദേശ് പൗരൻമാർക്ക് ഇന്ത്യ, വിസാ നിയന്ത്രണമേർപ്പെടുത്തിയതാണ് പുതിയ പ്രതിസന്ധിക്ക് കാരണമെന്നതാണ് ഒരു വാദം. ഇന്ത്യയുടെ നയതന്ത്ര ബന്ധം ഉലഞ്ഞതോടെ ബംഗ്ലാദേശികൾ ഇവിടങ്ങളിലെ ചികിത്സ ഒഴിവാക്കുകയോ മറ്റ് രാജ്യങ്ങൾ ചികിത്സക്കായി തെരഞ്ഞെടുക്കുകയോ ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്. ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യം സുരക്ഷിതമായാൽ മാത്രമേ പ്രതിസന്ധിക്ക് പരിഹാരമാവുകയുള്ളു എന്ന് മെഡിക്കൽ ട്രാവൽ റെപ്രസെൻ്റേറ്റീവ് അസോസിയേഷന്റെ വൈസ് പ്രസിഡൻ്റ് അഹമ്മദ് ഡാനിഷ് പറഞ്ഞു. എന്നാൽ ബംഗ്ലാദേശിൽ നിന്നുള്ള രോഗികൾക്കോ വിദ്യാർഥികൾക്കോ ഇന്ത്യയിലേക്ക് വിസാ നിയന്ത്രണങ്ങളില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.