
കേരളത്തിന്റെ നെഞ്ചുലച്ച് വയനാട് മുണ്ടക്കൈയും ചൂരല്‍മലയും. രണ്ട് ദിവസത്തെ രക്ഷാപ്രവര്‍ത്തനത്തില്‍ ഇതുവരെ 1592 പേരെയാണ് ദുരന്തഭൂമിയില്‍ നിന്ന് രക്ഷപ്പെടുത്തിയത്. മണ്ണിനടിയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുള്ളതിനാല്‍ തെരച്ചിലും രക്ഷാപ്രവര്‍ത്തനവും ഇന്നും തുടരുകയാണ്. 240 പേരെ ഇനിയും കണ്ടെത്താനുണ്ട്. കര, നാവിക, ദുരന്തനിവാരണ സേനകളും അഗ്നിരക്ഷാസേനയും പൊലീസും സന്നദ്ധപ്രവര്‍ത്തകരും ഒന്നിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ദുരന്തത്തില്‍ ഇതുവരെ 284 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ആശങ്കയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ അൽപ്പസമയത്തിനകം വയനാട്ടിൽ എത്തിച്ചേരും. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉച്ചയോടെ സ്ഥലത്തെത്തുമെന്നാണ് വിവരം.
കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന്, വയനാട് ജില്ലയില്‍ മാത്രം 82 ദുരിതാശ്വാസ ക്യാമ്പുകളാണ് ആരംഭിച്ചത്. ഇതില്‍ എട്ട് എണ്ണം ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ചതാണ്. ഈ ക്യാമ്പുകളില്‍ 3022 പുരുഷന്‍മാരും 3398 സ്ത്രീകളും 1884 കുട്ടികളും 23 ഗര്‍ഭിണികളും ഉള്‍പ്പെടെ 8304 പേരാണ് കഴിയുന്നത്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായിട്ടുള്ള അവശ്യ വസ്തുക്കള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പാക്കുന്നുണ്ടെന്ന് വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു. റേഷന്‍ കടകളിലും സപ്ലൈകോ വില്‍പനശാലകളിലും ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.
കനത്ത മഴയെ തുടര്‍ന്നാണ് ഇന്നലെ വൈകിട്ടോടെ രക്ഷാപ്രവർത്തനം നിർത്തിവെച്ചത്. മുണ്ടക്കൈയില്‍ സൈന്യം നിര്‍മിക്കുന്ന ബെയിലി പാലം പൂര്‍ത്തിയാകുന്നതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ എളുപ്പമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ പത്തരയോടെ പാലനിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് സൈന്യം അറിയിച്ചത്. പുഴയിലൂടെ ഫൂട്ട് ബ്രിഡ്ജ് നിര്‍മ്മിക്കാനും ശ്രമം നടക്കുന്നുണ്ട്.
ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടു പോയവരും വീടുകളില്‍ കുടുങ്ങി പോയവരുമായ 1386 പേരെ രണ്ട് ദിവസത്തെ രക്ഷിക്കാനായി. ആദ്യ ഘട്ടത്തില്‍ ദുരന്തമുണ്ടായത്തിന്റെ സമീപസ്ഥലങ്ങളിലുള്ള 68 കുടുംബങ്ങളിലെ 206 പേരെയാണ് മൂന്ന് ക്യാമ്പുകളിലായി മാറ്റിയത്. ഇതില്‍ 75 പുരുഷന്മാരും 88 സ്ത്രീകളും, 43 കുട്ടികളും ഉള്‍പ്പെടും. 528 പുരുഷന്മാര്‍, 559 സ്ത്രീകള്‍, 299 കുട്ടികള്‍ എന്നിവരെ ഏഴ് ക്യാമ്പുകളിലേക്ക് മാറ്റി. 201 പേരെ രക്ഷിച്ചു ആശുപത്രിയിലെത്തിക്കാനായി. ഇതില്‍ 90 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.