
തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ മാരായിമുട്ടം സ്വദേശി ജോയിയെ (42) കാണാതായ സംഭവത്തിൽ തെരച്ചിൽ രണ്ടാം ദിവസവും അനന്തമായി നീളുന്നു. തെരച്ചിൽ നടത്തവെ ഉച്ചയോടെ റോബോട്ടിൻ്റെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ മനുഷ്യശരീരം തന്നെയാണെന്ന് റോബോട്ടിക് വിദഗ്ധൻ ന്യൂസ് മലയാളത്തോട് സ്ഥിരീകരിച്ചു. സ്കൂബാ ടീം എത്തുമ്പോഴേക്കും ശരീരം അവിടെ നിന്ന് ഒഴുകി നീങ്ങുന്നത് കണ്ടെന്നും, ഇക്കാര്യം ഫയർ ഫോഴ്സ് അംഗങ്ങളെ കാണിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
"ഒരു മനുഷ്യ ശരീരത്തിൻ്റെ നെഞ്ചും കാലുകളും ഉൾപ്പടെയാണ് കണ്ടത്. അത് ഫയർ ഫോഴ്സിനെ വിളിച്ച് കാണിച്ചു. എട്ട് മുതൽ 10 മീറ്റർ വരെയാണ് റോബോട്ടിക് ക്യാമറയ്ക്ക് പോകാൻ സാധിച്ചത്. ആ ദൂര പരിധിയിലായിരുന്നു ദൃശ്യങ്ങൾ. ദൃശ്യങ്ങൾ കണ്ട് സംശയത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് എൻഡിആർഎഫും സ്കൂബ സംഘവും ടണലിനുള്ളിലേക്ക് പോയത്. അവർ തണലിൽ ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ കണ്ടെത്തിയ വസ്തു ഒഴുകി മാറുന്നത് കണ്ടു," റോബോട്ടിക്ക് വിദഗ്ദൻ വിശദീകരിച്ചു.
കൊച്ചിയിൽ നിന്ന് നാവികസേനയും ഞായറാഴ്ച വൈകിട്ടോടെ രക്ഷാദൗത്യത്തിൻ്റെ ഭാഗമാകുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. ഉച്ചയ്ക്ക് ശേഷം അഞ്ചാമത്തെ പ്ലാറ്റ്ഫോമിന് സമീപത്തുള്ള ടണൽ വഴി സ്കൂബാ ടീം പരിശോധന നടത്തി. അഞ്ചാം പ്ലാറ്റ്ഫോമിൽ നിന്ന് ടണലിലേക്കിറങ്ങിയ സംഘം തിരിച്ചു കയറിയിട്ടുണ്ട്. 35 മീറ്ററോളം പരിശോധിച്ചെന്ന് ടീം അറിയിച്ചു. വീണ്ടും പരിശോധന നടത്തുമെന്നും ഈ സംഘം വ്യക്തമാക്കി. അതേസമയം, ഫയർ ഫോഴ്സിൻ്റെ സ്പെഷ്യൽ ടീം കൂടി ആമയിഴഞ്ചാൻ തോട്ടിലെത്തിയിട്ടുണ്ട്. ആറു പേരടങ്ങുന്ന ദൗത്യസംഘമാണ് ഒടുവിൽ എത്തിയത്. കൊല്ലം, പത്തനം തിട്ട മേഖലയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇവർ. രക്ഷാപ്രവർത്തകരുടെ ദൗത്യം എളപ്പമാക്കാനായി മാലിന്യം മുഴുവൻ വലിച്ചെടുത്ത് നീക്കം ചെയ്യാൻ 'സൂപ്പർ സക്കർ' ഉപയോഗിക്കാനാണ് തീരുമാനം.
ടണലിൽ 15 മീറ്ററോളം ദൂരത്തിൽ തെരച്ചിൽ നടത്തിയെങ്കിലും സ്കൂബാ ടീമംഗങ്ങൾക്ക് ജോയിയെ കണ്ടെത്താനായില്ല. ആദ്യം പോയ രണ്ടംഗങ്ങൾ കരയിലേക്ക് തിരിച്ചു കയറിയിട്ടുണ്ട്. ജോയിയുടേതെന്ന് സംശയിക്കുന്ന ശരീര ഭാഗങ്ങൾ ക്യാമറയിൽ പതിഞ്ഞെന്ന സംശയത്തെ തുടർന്നാണ് ഇവർ തെരച്ചിൽ ശക്തമാക്കിയത്. ഇത് സ്ഥിരീകരിക്കാനായി മൂന്ന് സ്കൂബാ ടീമംഗങ്ങൾ ടണലിലേക്ക് പോവുകയായിരുന്നു. ദൃശ്യങ്ങൾ കണ്ടതിൻ്റെ 10 മീറ്റർ ചുറ്റളവിൽ പരിശോധിക്കാനായിരുന്നു അവർക്ക് നിർദേശം ലഭിച്ചത്. ഒന്നാമത്തെ പ്ലാറ്റ്ഫോമിൻ്റെ അടിയിലാണ് സ്കൂബാ ഡൈവിങ് സംഘം തെരച്ചിൽ നടത്തിയത്.
വീണ ഭാഗത്ത് നിന്ന് 10 മീറ്റർ അകലെയായാണ് ജോയി കിടക്കുന്നതെന്നാണ് സംശയിക്കുന്നത്. 'ബാഡിക്കൂട്ട്' എന്ന റോബോട്ടിക്ക് സംവിധാനം ഉപയോഗിച്ചാണ് നിലവിൽ ടണലിനകത്തെ തെരച്ചിൽ പുരോഗമിക്കുന്നത്. നൈറ്റ് വിഷൻ സംവിധാനമുള്ള ക്യാമറ ടണലിലേക്ക് കടത്തിവിട്ടാണ് പരിശോധന നടത്തുന്നത്. ഉച്ചയ്ക്ക് 12 വരെ എൻഡിആർഎഫ്, സ്കൂബാ ടീമംഗങ്ങളുടെ നേതൃത്വത്തിൽ കനാലിലെ 80 മീറ്റർ ഭാഗത്ത് തെരച്ചിൽ നടത്തിയിരുന്നു. ആകെ 117 മീറ്ററാണ് തുരങ്ക കനാലിൻ്റെ നീളം.
രാവിലെ ഒൻപത് മണിയോടെ ദുരന്ത നിവാരണ സേനാംഗങ്ങളും, 12 അംഗ സ്കൂബ ടീമും സ്ഥലത്തെത്തിയെങ്കിലും, കനാലിലെ മാലിന്യം നീക്കുന്ന ജോലികളാണ് ആദ്യം ആരംഭിച്ചത്. ജെസിബി ഉപയോഗിച്ചായിരുന്നു മാലിന്യം നീക്കിയത്. ഏറെ വർഷങ്ങളായുള്ള മാലിന്യം പല തട്ടുകളായി ടണലിൽ മാലിന്യം അടിഞ്ഞുകൂടിയിരിക്കുന്നത് രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമാക്കിയിരുന്നു.
ഒഴുക്കിക്കളഞ്ഞത് 12 കോടി രൂപ?
ടൺ കണക്കിന് മാലിന്യമാണ് തോട്ടിലാകെ കെട്ടിക്കിടക്കുന്നത്. വെള്ളം ഇറങ്ങിയത് കാരണമാണ് മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത്. ഡൈവ് ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ ഓക്സിജൻ സംവിധാനത്തിലുൾപ്പെടെ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. നിലവിൽ രണ്ട് ട്രെയിനുകൾക്ക് ഇടയിൽ നിന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ട്രെയിനുകൾക്ക് ഇടയിൽ നിന്ന് ടണലിലേക്ക് ഇറങ്ങി തെരച്ചിൽ നടത്താൻ ബുദ്ധിമുട്ട് ഉണ്ടെന്ന് സ്കൂബ ടീം റെയിൽവേയോട് അറിയിച്ചു. ട്രെയിൻ ഉടൻ മാറ്റി നൽകുമെന്ന് റെയിൽവെ അധികൃതർ അറിയിച്ചു.
രക്ഷാദൗത്യം നിരീക്ഷിക്കാൻ മന്ത്രി വി. ശിവൻകുട്ടിയെത്തി
ആമയിഴഞ്ചാന്‍ തോട്ടിൽ രക്ഷാപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് സർക്കാർ പ്രതിനിധികളായി മന്ത്രി വി. ശിവൻകുട്ടിയും മുൻ മന്ത്രി ആൻ്റണി രാജുവുമെത്തി. ഇരുവരും ദുരന്ത സ്ഥലത്തെ രക്ഷാദൗത്യങ്ങൾ ഏകോപിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. മേയർ ആര്യാ രാജേന്ദ്രനും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി.
പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ച് ആരോഗ്യമന്ത്രി
ആമയിഴഞ്ചാന്‍ തോട്ടിൽ രക്ഷാപ്രവര്‍ത്തനത്തിന് പ്രത്യേക മെഡിക്കല്‍ സംഘത്തെയും ആരോഗ്യ വകുപ്പ് നിയോഗിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുള്ള സംവിധാനങ്ങളും സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ നിർദ്ദേശപ്രകാരമാണ് ക്രമീകരണം. ആധുനിക സംവിധാനമുള്ള ആംബുലൻസുകളും സജ്ജമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
രാത്രി ടണലിൽ കടന്നുള്ള രക്ഷദൗത്യം അപകടം നിറഞ്ഞതെന്നു ദുരന്ത നിവാരണ സേന അറിയിച്ചതിനെ തുടർന്ന് രക്ഷാദൗത്യം ഇന്നലെ നിർത്തിവെച്ചിരുന്നു. പരസ്പരം കാണാൻ പോലും കഴിയാതെ ഉള്ള തിരച്ചിൽ ഒഴിവാക്കണമെന്നും രക്ഷാപ്രവർത്തകരുടെ സുരക്ഷ കൂടി കണക്കിലെടുത്താവണം തിരച്ചിൽ എന്നും ദുരന്ത നിവാരണ സേന മുന്നറിയിപ്പ് നൽകി.
രക്ഷാദൗത്യത്തിന് ദേശീയ ദുരന്തനിവാരണ സേനയും എത്തിയിട്ടുണ്ട്. റോബോട്ടിക് സംവിധാനം ഉൾപ്പെടെ ഉപയോഗപ്പെടുത്തിയാണ് രക്ഷാദൗത്യം. റെയിൽവേയുടെ നിലപാടു കൂടി കണക്കിലെടുത്തു മാൻഹോൾ വഴിയുള്ള ദൗത്യം നിർത്തി വെച്ചിരുന്നു.
ഫലം കാണാതെ തെരച്ചിൽ 29ാം മണിക്കൂറിലേക്ക്
ശനിയാഴ്ച രാത്രി ഒൻപതു മണിയോടെ റോബോട്ടിനെ മാൻഹോളിലേക്ക് ഇറക്കി മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ജോലികൾ ആരംഭിച്ചിരുന്നു. റോബോട്ടിൻ്റെ പ്രവർത്തനങ്ങൾ മോണിറ്റർ വഴി നിരീക്ഷിക്കാനുള്ള സംവിധാനവും ഒരുക്കിയിരുന്നു. ടെക്നോപാർക്കിലെ ജെൻ റോബോട്ടിക്സ് കമ്പനിയുടേതാണ് റോബോട്ട്.
ഇന്നലെ ഫയർ ഫോഴ്സും, സ്കൂബാ ഡൈവിംഗ് ടീമും മണിക്കൂറുകളോളം തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം രാവിലെ പത്തു മണിയോടെയാണ് തോട് വൃത്തിയാക്കുന്നതിനിടെ ജോയിയെ കാണാതാകുന്നത്.
റെയിൽവേയുടെ നിർദേശ പ്രകാരം നാലു പേരാണ് ശുചീകരണ പ്രവർത്തനത്തിന് ഇറങ്ങിയത്. നഗരസഭയും റെയിൽവേയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നതെന്ന് മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു. ശുചീകരണ പ്രവർത്തനത്തിന് കോൺട്രാക്ട് നൽകിയത് റെയിൽവേയാണ്. മഴ മൂലം നേരത്തെ ഷെഡ്യൂൾ ചെയ്തിരുന്ന തോട് വൃത്തിയാക്കൽ മാറ്റിയിരുന്നതായും മേയർ പറഞ്ഞിരുന്നു.