ഇനിയും നിരവധി പേരെ കണ്ടെത്തേണ്ടതുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ ഔദ്യോഗികമായി നൽകുന്ന വിവരം.
വയനാട് ഉരുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ, മേപ്പാടി മേഖലകളിൽ തുടർന്നിരുന്ന രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. പ്രദേശത്തെ ശക്തമായ മഴ ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങൾ കണക്കിലെടുത്താണ് രക്ഷാദൗത്യം താൽക്കാലികമായി നിർത്തിവച്ചത്. കേരളം ഇന്നേവരെ കാണാത്തത്രയും ശക്തമായ ഉരുൾപൊട്ടലിൽ 264 മരണമാണ് സംസ്ഥാന സർക്കാർ ഇതുവരെ സ്ഥിരീകരിച്ചത്. ഇനിയും നിരവധി പേരെ കണ്ടെത്തേണ്ടതുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ ഔദ്യോഗികമായി നൽകുന്ന വിവരം.
അപകടത്തിൽ പരുക്കേറ്റ 146 പേർ ചികിത്സയിലാണ്. 173 മൃതദേഹങ്ങളാണ് ഇതിനോടകം കണ്ടെടുത്തത്. ദുരന്തത്തെ തുടർന്ന് ചാലിയാർ തീരങ്ങളിൽ ഇന്ന് നടത്തിയ തെരച്ചിൽ അവസാനിച്ചു. 58 മൃതദേഹങ്ങളാണ് പ്രദേശത്ത് നിന്നും ഇന്ന് കിട്ടിയത്. നിലമ്പൂർ ജില്ല ആശുപത്രിയിൽ മാത്രം 115 മൃതദേഹങ്ങളാണ് സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്‌മോർട്ടം നടപടികൾ തുടരുന്നുവെന്നാണ് ലഭ്യമായ വിവരം. ഇതിനോടകം 34 മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് മേപ്പാടിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. 38 -നടുത്ത് ശരീരഭാഗങ്ങൾ തെരച്ചിൽ നടന്ന പ്രദേശത്തു നിന്ന് നിന്ന് ലഭിച്ചിട്ടുണ്ട്. ശരീരഭാഗങ്ങൾ വൈത്തിരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ
വയനാടിനെ നടുക്കിയ ദുരന്തത്തിൻ്റെ ആഘാതം വെളിപ്പെടുത്തുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. മുണ്ടക്കൈയിലെ മണ്ണിടിച്ചിലിൽ മാത്രം ഒഴുകിപ്പോയത് 535 വീടുകളാണ്. പഞ്ചായത്തിൻ്റെ കണക്കുകൾ പ്രകാരം ഇവിടെയുണ്ടായിരുന്നത് 540 വീടുകളാണ്. ഇതിൽ ശേഷിക്കുന്നത് അഞ്ചെണ്ണം മാത്രമാണ്. അതേസമയം, മണ്ണിടിച്ചിലിന് പിന്നാലെ ചൂരൽമലയിൽ മാത്രം 35 വീടുകൾ പൂർണമായി തകർന്നിട്ടുണ്ട്. മേപ്പാടി പഞ്ചായത്തിലെ 390 വീടുകൾ തകർന്നിട്ടുണ്ട്. ആകെ നാനൂറ് വീടുകൾ ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ, ഇപ്പോൾ ശേഷിക്കുന്നത് പത്തെണ്ണം മാത്രമാണ്.
ചൂരല്‍മലയിലേക്ക് സൈന്യം ബെയിലി പാലം നിർമ്മിക്കുന്നു
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ബെയിലി പാലം നിര്‍മാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം എത്തി. ഡല്‍ഹിയില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേനാ വിമാനത്തില്‍ ഇന്ന് രാവിലെ 11.30 ഓടെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേർന്നിരുന്നു. കണ്ണൂര്‍ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റന്‍ പുരന്‍ സിങ് നഥാവത് ആണ് ഈ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. 17 ട്രക്കുകളിലായാണ് പാലം നിര്‍മാണത്തിന്റെ സാമഗ്രികള്‍ വയനാട്ടിലേക്ക് എത്തിച്ചത്. പാലം നിർമാണം പുരോഗമിക്കുകയാണ്.
ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം
വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് കേരള എംപിമാര്‍ പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കി. ഹൈബി ഈഡന്‍, ബെന്നി ബെഹ്നാന്‍, കെ. രാധാകൃഷ്ണന്‍, ജോസ് കെ. മാണി, ഹാരിസ് ബീരാന്‍ എന്നിവരാണ് ലോകസഭയിലും രാജ്യസഭയിലും നോട്ടീസ് നല്‍കിയത്.
നാവിക സംഘം ചൂരല്‍മലയില്‍
ഏഴിമല നാവിക അക്കാദമിയിലെ 60 അംഗ സംഘം രക്ഷാപ്രവര്‍ത്തനത്തിന് ചൂരല്‍മലയിലെത്തി. ലെഫ്റ്റനന്റ് കമാന്‍ഡന്റ് ആഷിര്‍വാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. 45 നാവികര്‍, അഞ്ച് ഓഫീസര്‍മാര്‍, 6 ഫയര്‍ ഗാര്‍ഡ്‌സ്, ഒരു ഡോക്ടര്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.
125 വീടുകൾ പൂർണായി ഒലിച്ചുപോയി
ചൂരല്‍മല നദിക്കരയിലെ 125 വീടുകള്‍ പൂര്‍ണമായി ഒലിച്ച് പോയതായി എന്‍ഡിആര്‍എഫ് രക്ഷാദൗത്യ മേധാവി അഖിലേഷ് യാദവ് കുമാര്‍ അറിയിച്ചു. മുണ്ടക്കൈയില്‍ എന്‍ഡിആര്‍എഫിന്റെ ഒരു സംഘമാണ് ഇപ്പോഴുള്ളത്. മറ്റൊരു സംഘം ഉടന്‍ സ്ഥലത്തെത്തുമെന്നും അദ്ദേഹം അറിയിച്ചു. കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ എയര്‍ ലിഫ്റ്റിങ്ങിനായി മുണ്ടക്കൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
അതേസമയം, മന്ത്രിസഭാ യോഗത്തിന് ശേഷം രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി അവലോകന യോഗം നടക്കും. രാവിലെ 9.30നാണ് യോഗം. ഓൺലൈൻ വഴി നടക്കുന്ന യോഗത്തിൽ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നവരും പങ്കെടുക്കും. ചൂരൽമല മണ്ണിടിച്ചിലിൽ മരിച്ചവരുടെ പോസ്റ്റ് മോർട്ടം നടപടികൾ വേഗത്തിലാക്കാനും, കൂടുതൽ ഫോറൻസിക് വിദഗ്ധരെ നിയോഗിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
രക്ഷാപ്രവർത്തനം ദുഷ്കരമായതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം രാത്രി തെരച്ചിൽ നിർത്തിവെച്ചത്. നദിക്ക് കുറുകെ താത്കാലികമായി നിർമിച്ച പാലത്തിലൂടെയാണ് ഇന്നലെ രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. സ്ഥലത്ത് വൈദ്യുതി ഇല്ലാതിരുന്നതും കനത്ത വെല്ലുവിളിയാണ് ഉയർത്തിയത്. എന്നാൽ, ചൂരല്‍മല ടൗണ്‍ വരെ വൈദ്യുതി എത്തിച്ചുവെന്നും, വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്നും കെഎസ്ഇബി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് വേണ്ട എല്ലാവിധ സൗകര്യങ്ങളും സംഭവസ്ഥലത്ത് ഉണ്ടെന്നും പ്രവർത്തകർ വ്യക്തമാക്കി.
വയനാട്ടിൽ 8017 പേർ ദുരിതാശ്വാസ ക്യാമ്പിൽ
വയനാട്ടിൽ കനത്ത മഴയും മഴക്കെടുതികളും തുടരവെ ജില്ലയിൽ 82 ദുരിതാശ്വാസ ക്യാമ്പുകളിലായി, 1726 കുടുംബങ്ങളെ സുരക്ഷിതമായി മാറ്റിപാർപ്പിച്ചിട്ടുണ്ട്. നിലവിൽ 7093 പേരാണ് വയനാട്ടിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. കൂട്ടത്തിൽ 19 പേർ ഗർഭിണികളാണ്.