
ദേശീയ പാത 544 ൽ തൃശൂർ, പാലിയേക്കര ടോൾ പ്ലാസയിലെ പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ ഒന്നിന് നിലവിൽ വരും. നിലവിലെ ടോളിൽ നിന്നും വലിയ വർധനവില്ലെങ്കിലും നിരക്ക് വർധിപ്പിക്കാൻ അനുവദിക്കരുതെന്ന ആവശ്യം ശക്തമാണ്. ഹൈക്കോടതിയിലടക്കം കേസുകൾ നിലൽക്കുമ്പോൾ ടോൾ നിരക്ക് കൂട്ടാനുള്ള കരാർ കമ്പനിയുടെ നീക്കങ്ങളെ സർക്കാർ തടയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു
ബസും ലോറിയും അടക്കമുള്ള വലിയ വാഹനങ്ങൾക്ക് അഞ്ച് രൂപയുടെ വർധനവാണ് പുതിയ നിരക്ക് പ്രകാരമുള്ളത്. വലിപ്പ വ്യത്യാസമില്ലാതെ എല്ലാ വാഹനങ്ങൾക്കും 10 രൂപ മുതൽ 30 വരെയാണ് മാസ നിരക്കിലെ വർധന. മറ്റ് ടോൾ നിരക്കുകളിൽ കാര്യമായ മാറ്റങ്ങളില്ല. എന്നാൽ ഹൈക്കോടതിയിലടക്കമുള്ള ടോൾ പ്ലാസയുമായി ബന്ധപ്പെട്ട കേസുകൾ ഇനിയും തീരുമാനമാകാതെ തുടരുമ്പോൾ ഇനിയും നിരക്ക് വർധിപ്പിക്കാൻ കമ്പനിയെ അനുവദിക്കരുതെന്നാണ് പരാതിക്കാർ ഉന്നയിക്കുന്ന ആവശ്യം.
ദേശീയ പാത നിർമ്മാണത്തിലെ അപാകതകളും കരാർ ലംഘനങ്ങളും പരിഹരിക്കാതെ തുടരുമ്പോഴാണ് പാലിയേക്കരയിൽ വീണ്ടും ടോൾ നിരക്ക് കൂട്ടാനുള്ള തീരുമാനം. കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രച്ചറിൻ്റെ നിയമ ലംഘനങ്ങൾ കണ്ടെത്തിയ ദേശീയ പാത അതോറിറ്റി 2129 കോടി രൂപയാണ് ഇതുവരെ പിഴയിട്ടത്. എന്നാൽ എന്‍എച്ച്ഐ ഇതേ കമ്പനിക്ക് അനുകൂലമായി വീണ്ടും തീരുമാനം എടുത്തതിനെതിരെയും പരാതികൾ ഉയരുന്നുണ്ട്.