സുഡ്‌ജ നഗരത്തിൻ്റെ നിയന്ത്രണം പൂർണമായും യുക്രെയ്ൻ സൈന്യം പിടിച്ചെടുത്തതായും റിപ്പോർട്ടുണ്ട്
യുക്രെയ്ൻ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ
യുക്രെയ്ൻ ആക്രമണത്തിൽ റഷ്യയുടെ തന്ത്രങ്ങൾ പാളുന്നു. മൂന്നാം ദിവസവും കസ്‌കിൽ നിന്ന് യുക്രെയ്ൻ സൈന്യത്ത തുരത്താൻ റഷ്യക്ക് ആയിട്ടില്ല . സുഡ്‌ജ നഗരത്തിൻ്റെ നിയന്ത്രണം പൂർണമായും യുക്രെയ്ൻ സൈന്യം പിടിച്ചെടുത്തതായും റിപ്പോർട്ടുണ്ട്. നിരവധി റഷ്യൻ സൈനികരെ യുക്രെയ്ൻ പിടികൂടിയതായാണ് വിവരം.
ചൊവ്വാഴ്ച പുലർച്ചെയോടയാണ് ആയിരത്തോളം യുക്രെയ്ൻ സൈനികർ റഷ്യൻ പ്രതിരോധ വലയം മറികടന്ന് കസ്‌കിലെത്തുന്നത്. വലിയ ടാങ്കുകളും വാഹനങ്ങളുമായി ലോകത്തിലെ ഏറ്റവും വലിയ ആണവ റിയാക്ടറുള്ള കസ്‌കിലേക്ക് ഇരച്ചുകയറാൻ സൈന്യം മടിച്ചില്ല. പിന്നാലെ മേഖലയുടെ നല്ലൊരു ഭാഗവും യുക്രെയ്ൻ സൈന്യത്തിൻ്റെ നിയന്ത്രണത്തിലായി. ഇത് തിരിച്ചുപിടിക്കാൻ മോസ്കോയിൽ നിന്നടക്കമുള്ള സൈനിക സന്നാഹങ്ങളെ റഷ്യ എത്തിച്ചെങ്കിലും കാര്യമായ മുന്നേറ്റം നടത്താനായില്ല.
റഷ്യ- യുക്രെയ്ൻ യുദ്ധം ആരംഭിച്ച് രണ്ട് വർഷത്തിനിടെ ആദ്യമായാണ് യുക്രെയ്ൻ ഇത്ര വലിയൊരു മുന്നേറ്റം യുദ്ധമുഖത്ത് നടത്തിയത്. ആയിരക്കണക്കിന് ആളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചതായി അധികൃതർ പറഞ്ഞു. പ്രദേശത്ത് കസ്‌ക് അധികാരികൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. യുക്രെയ്ൻ്റേത് വലിയ പ്രകോപനമാണെന്നാണ് റഷ്യൻ പ്രസിഡൻ്റ് പുടിന്റെ പ്രതികരണം. ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിവ് ലഭിച്ചിരുന്നില്ലെന്ന് അമേരിക്ക പറയുമ്പോഴും, ഒറ്റയ്ക്ക് ഇത്തരമൊരു ആക്രമണം ആസൂത്രണം ചെയ്യാൻ യുക്രെയ്ന് സാധിക്കുമോ എന്ന സംശയമാണ് ഇപ്പോൾ നിലനിൽക്കുന്നത്.
എന്നാൽ റഷ്യ ഞങ്ങളുടെ മണ്ണിൽ കൊണ്ടുവന്ന യുദ്ധത്തിൻ്റെ പ്രത്യാഘാതങ്ങൾ അനുഭവിച്ചേ തീരു എന്നായിരുന്നു യുക്രയെൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കിയുടെ പ്രസ്താവന. റഷ്യയിൽ യുക്രെയ്ൻ നടത്തിയ ആക്രമങ്ങളെ നേരിട്ട് പരാമർശിക്കാതെയുള്ള പ്രസംഗത്തിലായിരുന്നു സെലൻസ്കിയുടെ പ്രതികരണം. യുക്രേനിയക്കാർക്ക് അവരുടെ ലക്ഷ്യങ്ങൾ എങ്ങനെ നേടണമെന്ന് കൃത്യമായി അറിയാം. എന്നാൽ യുദ്ധത്തിൽ ലക്ഷ്യങ്ങൾ നേടിയെടുക്കേണ്ടന്നത് രാജ്യത്തിൻ്റെ തീരുമാനമായിരുന്നെന്നും സെലൻസ്കി പറഞ്ഞു.