2570 ഏക്കര്‍ ഭൂമിയാണ് പദ്ധതിക്ക് ആവശ്യം
പ്രതീകാത്മക ചിത്രം
നിർദിഷ്ട ശബരിമല വിമാനത്താവളത്തിൻ്റെ ഭൂമിയേറ്റെടുക്കല്‍ നടപടികൾ വേഗത്തിലാക്കി സർക്കാർ. 2570 ഏക്കര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പച്ചക്കൊടി കാണിച്ചതിന് പിന്നാലെയാണ് നടപടികൾ വേഗത്തിലായത്.
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായുള്ള സാമൂഹികാഘാത പഠനത്തിൻ്റെ അന്തിമ റിപ്പോര്‍ട്ട് സർക്കാരിന് സമര്‍പ്പിച്ചിച്ചിരുന്നു. റിപ്പോര്‍ട്ട് പഠിച്ച ശേഷം ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കുന്നതാണ് അടുത്ത നടപടി. പദ്ധതിയിലുള്‍പ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തി വിദഗ്ധ സമിതി സര്‍ക്കാരിനു ശുപാര്‍ശ കൈമാറണം. ഇതിനുള്ള നടപടികൾ ഊർജിതമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസ് പച്ചക്കൊടി കാണിച്ചിട്ടുണ്ട്. 2570 ഏക്കര്‍ ഭൂമിയാണ് പദ്ധതിക്ക് ആവശ്യം. ഇതിൽ 2363 ഏക്കര്‍ ഭൂമി ചെറുവള്ളി എസ്റ്റേറ്റിൻ്റെയും, 307 ഏക്കര്‍ വിവിധ വ്യക്തികളുടേതുമാണ്. ഭൂമി നഷ്ടപ്പെടുന്ന കുടുംബങ്ങളുടെ പുനരധിവാസം നഷ്ടപരിഹാരം എന്നിവ ഉറപ്പാക്കാൻ പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്നും സാമൂഹികാഘാത പഠന റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.
481 കുടുംബങ്ങളെയാണ് പദ്ധതി ബാധിക്കുക. ഭൂമി ഏറ്റെടുത്താല്‍ വേഗത്തിൽ നഷ്ടപരിഹാരം കൈമാറണം. കുടുംബങ്ങളുടെ പുനരധിവാസമാണ് സര്‍ക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇതിനുള്ള തുക കണ്ടെത്തുക എന്നതും ഇപ്പോഴത്തെ അവസ്ഥയിൽ സർക്കാരിന് പ്രതിസന്ധിയാണ്.